ആലപ്പുഴ•അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവം കേരളമോന്നാകെ അപലപിക്കേണ്ട കണ്ണില്ലാത്ത കാടത്തമാണെന്ന് ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി.വിനോദ് കുമാർ പറഞ്ഞു.
കേരളത്തിൽ നിയമവാഴ്ച തകർന്നു എന്നതിന് ഇതിൽപ്പരം തെളിവുവേണ്ട. കണ്ണൂരിലെയും സമീപപ്രദേശങ്ങളിലെയും അറും കൊലകൾ കണ്ട് ശീലിച്ച ചിലർ മനുഷ്യത്വം മരവിച്ച് സ്വയം നിയമം നടപ്പാക്കുന്നു. ഇത് നാടിന് ആപത്താണ്.ആദിവാസികൾ ഇന്നും പട്ടിണിയിലാണ് എന്നതിന് തെളിവാണ് വിശപ്പു സഹിക്കാതെ കാടിറങ്ങി വന്ന് ചില നരഭോജികളുടെ മർദ്ദനത്തിന് ഇരയായി മരിച്ച ആദിവാസി യുവാവ്.
നിലവിലെ പിന്നോക്ക വികസന ക്ഷേമ വകുപ്പ് മന്ത്രി തന്നെ രണ്ടു പ്രാവശ്യം സമ്പൂർണ്ണ വൈദ്യുതീകരണം പ്രഖ്യാപിച്ച സംസ്ഥാനത്തിൽ ഇന്നും ആയിരക്കണക്കിന് ആദിവാസി കുടിലുകളിൽ വെളിച്ചമെത്തിയിട്ടില്ല. വീടും കൂടുമില്ലാതെ ശൗചാലയങ്ങൾ പോലുമില്ലാതെ നരകതുല്യമായ ജീവിതം നയിക്കുന്ന കാടിന്റെ മക്കളെ ചൂഷണം ചെയ്ത് ജീവിക്കുകയാണ് ഇവിടുത്തെ രാഷ്ട്രീയ-ഭരണാധികാരികൾ.
ആദിവാസികളുടെ ക്ഷേമത്തിനു വേണ്ടി ശതകോടികൾ സർക്കാർ ഖജനാവിൽ നിന്നും ചിലവഴിച്ച് സ്വന്തം കീശ വീർപ്പിച്ച ഭരണവർഗ്ഗങ്ങളുടെ അഴിമതി തുറന്നു കാട്ടാൻ അട്ടപ്പാടിയിലെ ആദിവാസി മേഖലയിലെ നാളിതുവരെയുള്ള ഫണ്ട് വിനിയോഗം വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിച്ച് സോഷ്യൽ ഓഡിറ്റ് നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം ജനറൽ സെക്രട്ടരിമാരായ ജി.മോഹനൻ, രഞ്ചൻ പൊന്നാട്, മറ്റു ഭാരവാഹികളായ കെ.ജി.പ്രകാശ്, കെ.പി.സുരേഷ് കുമാർ, റ്റി.കെ.സുനിൽകുമാർ, പി.കെ. ഉണ്ണികൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
Post Your Comments