Latest NewsKeralaNews

റബർ കർഷകരുടെ പ്രശ്‌നപരിഹാരത്തിന് കേന്ദ്ര – സംസ്ഥാന സംയുക്ത കർമ സേന

ന്യൂഡൽഹി•കേരളത്തിലെ റബർ കർഷകർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്കു ശാശ്വത പരിഹാരം കാണുന്നതിനായി കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സംയുക്ത കർമ സേന രൂപീകരിക്കാൻ തീരുമാനം. റബർ കർഷകരുടെ പ്രശ്‌നങ്ങൾക്കു യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ടു കൃഷി മന്ത്രി അഡ്വ. വി.എസ്. സുനിൽ കുമാർ കേന്ദ്ര വാണിജ്യ – വ്യവസായ മന്ത്രി സുരേഷ് പ്രഭുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണു തീരുമാനം. റബർ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരെക്കൂടി ഉൾപ്പെടുത്തിയാകും കർമ സേന രൂപീകരിക്കുന്നത്.

കേന്ദ്ര – സംസ്ഥാന സർക്കാരുകളുടേ മേൽനോട്ടത്തിൽ രൂപീകരിക്കുന്ന കർമസേന കേരളത്തിലെ റബർ കർഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ചു വിശദമായ പഠനം നടത്തുകയും അടിയന്തര പ്രാധാന്യം നൽകി പ്രശ്‌നപരിഹാരമുണ്ടാക്കുകയും ചെയ്യുമെന്ന് യോഗശേഷം കേന്ദ്ര – വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു മാധ്യമങ്ങളോടു പറഞ്ഞു. അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ ഏറ്റവും വേഗത്തിലും ദീർഘകാലാടിസ്ഥാനത്തിൽ നടപ്പാക്കേണ്ട കാര്യങ്ങൾ ആ നിലയ്ക്കും പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കർമസേനയിലേക്കുള്ള കേരളത്തിന്റെ പ്രതിനിധികൾ ആരെന്ന് ഉടൻ നിശ്ചയിച്ചു കേന്ദ്രത്തെ അറിയിക്കുമെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം മന്ത്രി അഡ്വ. വി.എസ്. സുനിൽ കുമാർ പറഞ്ഞു.

വിലത്തകർച്ചയിൽ വലയുന്ന കർഷകർക്ക് ആശ്വാസമായി സംസ്ഥാന സർക്കാർ നൽകുന്ന ഉത്പാദക ബോണസ് നിലവിലുള്ള 150ൽനിന്ന് 200 രൂപയാക്കി വർധിപ്പിക്കണമെന്നു കൂടിക്കാഴ്ചയിൽ കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്നു കേന്ദ്ര മന്ത്രി ഉറപ്പു നൽകി. സ്വാഭാവിക റബറിനെ കാർഷികോത്പന്നമായി അംഗീകരിക്കണമെന്ന കേരളത്തിലെ ആവശ്യം കൂടിക്കാഴ്ചയിൽ ശക്തമായി ഉന്നയിച്ചു. ദേശീയ റബർ നയം പരിഷ്‌കരിക്കുമ്പോൾ ചെറുകിട – നാമമാത്ര കർഷകരുടെ അവകാശങ്ങൾ സംക്ഷിക്കപ്പെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. റബർ നയം സംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണെന്നു കൂടിക്കാഴ്ചയിൽ കേന്ദ്ര മന്ത്രി അറിയിച്ചു.

കേന്ദ്ര സർക്കാറിന്റെ ലൈവ്‌ലി ഹുഡ് സെക്യൂരിറ്റി ബോക്‌സിലും രാജ്യാന്തര വാണിജ്യ – വ്യവസായ കരാറുകളിലും സ്വാഭാവിക റബറിനെയും ഉൾപ്പെടുത്തണം, ആസിയാൻ രാജ്യങ്ങളിൽനിന്നുള്ള റബർ ഇറക്കുമതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കു ശാശ്വത പരിഹാരം കാണണം, റബർ കർഷകരെ സഹായിക്കുന്നതിനു പ്രത്യേക സുരക്ഷാ പാക്കേജ് പ്രഖ്യാപിക്കണം തുടങ്ങിയ ആവശ്യങ്ങളും കൂടിക്കാഴ്ചയിൽ മന്ത്രി വി.എസ്. സുനിൽ കുമാർ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ഉന്നയിച്ച് അദ്ദേഹം നിവേദനവും നൽകി. കേരളം ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നു കേന്ദ്ര മന്ത്രി സുരേഷ് പ്രഭു ഉറപ്പു നൽകി. എംപിമാരായ സി.എൻ. ജയദേവൻ, ജോസ് കെ. മാണി, കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടീക്കാ റാം മീണ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button