കാലില്‍ സ്വര്‍ണ്ണം അണിയാമോ? ഇപ്പോഴും വാദപ്രതിവാദം നടക്കുന്ന ഒരു കാര്യമാണിത്. അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം അഭിപ്രായങ്ങള്‍ ഈ വിഷയത്തില്‍ ഉയര്‍ന്നു വരാറുണ്ട്. കമ്മല്‍,മാല,വള… സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഏത് ആഭരണവും കൊള്ളാം എന്നു പറയുന്ന ഇതേ ആളുകളില്‍ നല്ലൊരു വിഭാഗത്തിനും സ്വര്‍ണ്ണക്കൊലുസെന്നു കേള്‍ക്കുമ്പാള്‍ ആശങ്കയാണുള്ളത് ,ഒപ്പം സൗജന്യമായി ഒരു ഉപദേശവും തരും- കാലില്‍ സ്വര്‍ണ്ണം അത്ര നല്ലതല്ല കേട്ടോ… പാദത്തില്‍ എത്തുമ്പോള്‍ സ്വര്‍ണ്ണത്തിന് എന്താണ് ഇത്തരമൊരു വേര്‍തിരിവ്? അപശകുനമാണോ ഈ സ്വര്‍ണ്ണക്കൊലുസ്?
ആടിമുടി ആഭരണം അണിഞ്ഞ് വിവാഹ പന്തലിലേക്കിറത്തിങ്ങുന്ന പെണ്‍കുട്ടികള്‍ പോലും വിവാഹദിനത്തില്‍ ആശങ്കയോടെയാണ് സ്വര്‍ണ്ണക്കൊലുസ് അണിയുന്നത്. വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്കുളള യാത്രക്ക് മുന്‍പെ സ്വര്‍ണ്ണക്കൊലുസ് ഊരിവെക്കാന്‍ പെണ്‍മക്കളെ ഉപദേശിക്കുന്ന അമ്മമാരെയും ചിലയിടങ്ങളിലെങ്കിലും കാണാം. കാലില്‍ സ്വര്‍ണ്ണക്കൊലുസിട്ടു വരുന്ന നവവധുവിനോട് ഭര്‍ത്ത്യവീട്ടുകാര്‍ക്ക് അനിഷ്ടം ഉണ്ടാകുമോ എന്ന പേടിയാണ് ഈ ഉപദേശത്തിനു പിന്നില്‍. വിവാഹ ദിനത്തില്‍ മാത്രം സ്വര്‍ണ്ണക്കൊലുസിട്ടിട്ട് പിന്നീടത് സ്ഥിരമായി ലോക്കറില്‍ വെക്കുന്നവരുമുണ്ട്. ധനത്തിന്റെ ദേവിയായ ലക്ഷമിയുടെ അനിഷ്ടം ദാരിദ്യത്തിനു കാരണമാകുമെന്ന ഭയം കൊണ്ട് പലപെണ്‍കുട്ടികളും അണിയാന്‍ ആഗ്രഹമുണ്ടെങ്കിലും സ്വര്‍ണ്ണക്കൊലുസ് വേണ്ടെന്നു വെയ്ക്കുന്നു. എന്നാല്‍, സ്വര്‍ണ്ണക്കൊലുസ് അണിഞ്ഞാല്‍ എന്തു ദോഷം? എന്നു ചോദിക്കുകയും യൗവനം തീരും വരെ കൊതിതീരെ കൊലുസണിയുന്നവരും നമുക്കിടയിലുണ്ട്…അത്തരക്കാരെ സംബന്ധിച്ച് ഇതെല്ലാം വെറും അന്ധവിശ്വാസം മാത്രമാണ്.
ഭാരതീയ സങ്കല്പം അനുസരിച്ച് സ്വര്‍ണ്ണം ലക്ഷമിയാണ്. അതിനാല്‍ കാലില്‍ സ്വര്‍ണ്ണം അണിയുന്നത് സാക്ഷാല്‍ ലക്ഷമിയോടുളള അനാദരവായാണ് മിക്കവരും കണക്കാക്കുന്നത്. കാലുകൊണ്ട് ഏതെങ്കിലുമൊരു വസ്തുവിനെ ചവിട്ടിയാല്‍ അത് അനാദരവായി കണക്കാക്കപ്പെടാറുമുണ്ട്. മനുഷ്യശരീരത്തില്‍ ഇത്തരത്തിലൊരു സ്ഥാനം കല്‍പ്പിച്ചു കൊടുത്തിരിക്കുന്ന പാദത്തില്‍ സ്വര്‍ണ്ണം അണിയുമ്പോള്‍ സ്വര്‍ണ്ണത്തിനോടുള്ള അനാദരവായി ആളുകള്‍ അതിനെ കണക്കാക്കുന്നു.
രസകരമായ മററുചില കാരണങ്ങളും സ്വര്‍ണ്ണക്കൊലുസിനോടുളള പേടിക്ക് പിന്നിലുണ്ട്.ഏറ്റവും എളുപ്പത്തില്‍ നഷ്ടപ്പെടാന്‍ സാധ്യത ഉള്ള ആഭരണം കുടിയാണ് പാദസരം. കഴുത്തിനെയും കൈകളെയും അപേക്ഷിച്ച് കാലില്‍ പെട്ടെന്ന് ശ്രദ്ധ എത്തില്ലെന്നതും പാദസരം നഷ്ടപ്പെടാനുളള സാധ്യതയെ കുട്ടുന്നു. ഇതൊക്കെ മുന്നില്‍ കണ്ടുകൊണ്ടാവാം പഴമക്കാര്‍ ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്തിയത്. മറ്റൊരു രസകരമായ കാര്യം കൂടി ഈ വിലക്കിനെ ശ്രദ്ധേയമാക്കുന്നുണ്ട്. ആരോഗ്യപരമായ ചില ബുദ്ധിമുട്ടുകള്‍ സ്വര്‍ണ്ണ പാദസരം അണിയുന്നതിലുടെ ഉണ്ടാകുമെന്നാണ് പാരമ്പര്യ വൈദ്യശാസ്ത്രം പറയുന്നത്.കാല്‍ക്കണ്ണോട് ചേര്‍ന്നാണല്ലോ പാദസരത്തിന്റെ കിടപ്പ്.ദീ ര്‍ഘകാലം ഇത്തരത്തില്‍ പാദസരം കാല്‍ക്കണ്ണോട് ചേര്‍ന്നു കിടക്കുന്നതു കൊണ്ട് വാതം വരാന്‍ ഉളള സാധ്യത ഉണ്ടെന്നാണ് കണ്ടെത്തല്‍. കാല്‍ക്കണ്ണിലെ നാഗമര്‍മ്മത്തില്‍ സ്ഥിരമായി സ്വര്‍ണ്ണം ഉരസുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നും ഇത് വാതത്തിന് കാരണമാകുമെന്നുമാണ് പാരമ്പര്യ വൈദ്യത്തില്‍ പറയുന്നത്.
ചുരുക്കത്തില്‍ ,വിശ്വാസവും ധനനഷ്ടഭയവും ആരോഗ്യ ആശങ്കകളുമാണ് സ്വര്‍ണ്ണക്കൊലുസ് അണിയുന്നതില്‍ നിന്ന് പെണ്‍കുട്ടികളെ പിന്തിരിപ്പിക്കാന്‍ കാരണം. തലമുറകളിലായി കൈമാറിവരുന്ന ഇത്തരം വിശ്വാസങ്ങളെയാണ് അറിഞ്ഞോ അറിയാതെയോ പിന്‍തലമുറക്കാരും കാത്തുസൂക്ഷിക്കുന്നത്..
Post Your Comments