Latest NewsNews StoryNerkazhchakalWriters' Corner

അവഗണനയിലും ദുരിതങ്ങളിലും തളരാത്ത ഒരു കുടിയന്റെ പുനര്‍ജന്മത്തിന്റെ കഥ

ഒരിടത്തൊരു മുഴുക്കുടിയന്‍ ഉണ്ടായിരുന്നു. കുടിച്ചു കുടിച്ച് സകലതും നഷ്ടപ്പെട്ട അയാളൊന്ന് മാറി ചിന്തിച്ചു.പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം.ഡോ.ജോണ്‍ മംഗലമെന്ന റിട്ടയേര്‍ഡ് കുടിയന്റെ പുനര്‍ജന്മം ഇന്ന് ആയിരക്കണക്കിന് മദ്യപാനികളുടെ കുടുംബത്തിന് പുതു ജീവന്‍ നല്‍കുന്നു .കുടിയന്റെ കുമ്പസാരം,ഒരു മദ്യാസക്ത രോഗിയുടെ ആത്മകഥ എഴുതിയ ത്യശ്ശൂര്‍ പൂമലക്കാരന്‍ ജോണ്‍സന്റെ പുനര്‍ജനി ഡീ അഡിക്ഷന്‍ സെന്ററിന് പറയാന്‍ കഥകള്‍ ഏറെ . മദ്യപാന്മാരെ തളകയ്ക്കാനുള്ള ക്രൂരമായ മുറകള്‍ പോയിട്ട് എന്തിന് ഒരു ഗേറ്റു പോലും പൂമലക്കാരന്റെ ഈ പുനര്‍ജനിക്കില്ല.ഡോക്ടര്‍മാരോ കടുകട്ടി നിയന്ത്രങ്ങളോ പതിവു രിതികളോ ഒന്നും ഇവിടില്ല.എന്നിട്ടും,അധ്യാപകരും ബിസനസുകാരും കൂലിപ്പണിക്കാരും മദ്യത്തില്‍ നിന്ന് മോചനം തേടി ഇവിടേക്കെത്തുന്നു. കഴിഞ്ഞ പതിനാല് വര്‍ഷത്തിനിടയില്‍ ഇവിടെയെത്തിയ 15,000 മദ്യപാനികളില്‍ 70-75% പേര്‍ പൂര്‍ണ്ണമായി ലഹരി മുക്തി നേടിക്കഴിഞ്ഞു.

drunkard john mangalam started de addiction centre

സ്വന്തം ജീവിതം കൊണ്ടാണ് ഡോ.ജോണ്‍ മംഗലം മദ്യപാനത്തെയും അതില്‍ നിന്നുള്ള മോചനത്തെയും പുറം ലോകത്തിന് കാട്ടിക്കൊടുക്കുന്നത്. നീണ്ട 18 വര്‍ഷത്തോളം മദ്യപാനിയായിരുന്നു ജോണ്‍സണ്‍ എന്ന ജോണ്‍ മംഗലം. പതിനഞ്ചു വയസില്‍ തുടങ്ങിയതാണ് മദ്യപാന ശീലം. സ്‌ക്കൂളില്‍ സഹപാഠിയില്‍ നിന്നാണ് ആദ്യമായി മദ്യം ലഭിച്ചത്-മഷിക്കുപ്പിയില്‍ നിറച്ചാണ് കൂട്ടുകാരന്‍ മദ്യം ക്‌ളാസിലെത്തിച്ചത്. അപ്പന്റെ മദ്യപാന ശീലം കണ്ടു വളര്‍ന്ന ജോണ്‍സണ്‍ പിന്നീട് അപ്പനെത്തന്നെ അനുകരിക്കാന്‍ തുടങ്ങി.ഇതിനിടയില്‍ എസ്.എസ്.എല്‍.സി കടന്നു കുടി.ശരാശരിക്കാരനായിരുന്ന ജോണ്‍സണ്‍ പ്രീഡിഗ്രി ഫസ്‌റ്റ് ഗ്രൂപ്പെടുത്തെങ്കിലും രണ്ടു തവണയും ദയനീയമായി തോറ്റു. സഹോദരിയുടെ നിര്‍ബന്ധം സഹിക്കാതെ വന്നപ്പോള്‍ ഒരു ശ്രമം കൂടി നടത്തി. ഇത്തവണ ജയം ജോണ്‍സന്റെ പക്ഷത്തു നിന്നു.
പഠനത്തിനായി വീട്ടുകാര്‍ കൊടുത്ത കാശെല്ലാം ജോണ്‍ കുടിച്ചു തീര്‍ക്കുന്നതില്‍ സഹികെട്ട വീട്ടുകാര്‍ ജോണിനെ പുറത്താക്കി. പക്ഷേ ജോണിന് അതൊന്നും പ്രശ്‌നമായിരുന്നില്ല. അയാള്‍ വാശിയോടെ പഠിച്ചു. കൂലിപ്പണി ചെയ്തു.തെരുവില്‍ ചുമടെടുത്തു. കൊടും ചൂടില്‍ നിന്ന് ചുമടെടുത്തു കിട്ടുന്ന പണം കൊണ്ടായിയിരുന്നു ജോണ്‍സണ്‍ ബി.എ. പൂര്‍ത്തിയാക്കിയത്. ചുമട്ടുതൊഴിലാളി ഓഫീസില്‍ അന്തിയുറങ്ങി. ഫലം വന്നപ്പോള്‍ എല്ലാവരും ഞെട്ടി.

ചുമട്ടു തൊഴിലാളിയുടെ റെക്കോഡോടു കൂടിയ ഒന്നാം റാങ്ക് വിജയം പത്രങ്ങള്‍ ആഘോഷിച്ചു. റെക്കോര്‍ഡ് മാര്‍ക്കിന്റെ അടിസഥാനത്തില്‍ ജോണ്‍സണ്‍ കോഴിക്കോട് സര്‍വകലാശാല സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു. മൊത്തത്തില്‍ ജോണ്‍സണ്‍ ആഘോഷിക്കപ്പെട്ട നാളുകളായിരുന്നു….ലോട്ടറി ടിക്കററു വില്പ്പനയും ചുമടെടുപ്പുമായി എം.എ പഠനം, ഒപ്പം കുടിയും. മദ്യം ജോണ്‍സണെയാണോ മദ്യത്തെ ജോണ്‍സണാണോ കുടിച്ചു തീര്‍ക്കുന്നതെന്നറിയാത്തനാളുകള്‍. ജീവിതം ആഘോഷമായിരുന്നു. പുകള്‍പെറ്റ കുടിയന്മാരുടെ സംഘത്തിലേക്ക് സ്ഥാനക്കയററം കൂടി ലഭിച്ചതോടെ നാടറിയുന്ന കുടിയനായി ജോണ്‍സണ്‍ മാറി. പഠന വിഷയമായ ഫിലോസഫിയില്‍ ലഹരി കൂടി കലര്‍ന്നപ്പോള്‍ ആവേശത്തിന് അതിരുകളില്ലാതെയായി.

drunkard john mangalam started de addiction centreമദ്യപാനത്തിനിടയിലും പഠനത്തോട് നീതിപുലര്‍ത്തി. എം.എ ഫസ്‌ററ് റാങ്കില്‍ പാസായി.യു.ജി.സി സ്‌ക്കോളര്‍ഷിപ്പോടെ ലൈബ്രറി സയന്‍സ് പഠിക്കാന്‍ ചേര്‍ന്നൈങ്കിലും പൂര്‍ത്തിയാക്കിയില്ല.പന്നീടാണ് പി.എച്ച്.ഡിക്ക് ചേരുന്നതും ത്യശ്ശൂര്‍ കേരള വര്‍മ്മയില്‍ താല്‍ക്കാലിക അധ്യാപകനായി ഒദ്യോഗിക ജീവിതം തുടങ്ങുന്നതും. അധ്യാപകനായതോടെ കുടി നിര്‍ത്തി. വിവാഹം കഴിഞ്ഞ് സന്തോഷത്തോടെ മുന്നോട്ടുളള ജീവിതം പൊയ്‌ക്കൊണ്ടിരുന്നപ്പോളാണ് ബസ് അപകടം ഉണ്ടായത്.ഒരു വര്‍ഷത്തെ ചികിത്സ വേണ്ടിവന്നു പഴയ നിലയിലെത്താന്‍ .ഇതിനിടെ ജോലി നഷ്ടമായി. ഈ സങ്കടം മാറ്റാനായി വീണ്ടും കുടി തുടങ്ങി. അപ്പോഴും പഠനം ഉപേക്ഷിച്ചില്ല. പി.എച്ച്.ഡി എടുത്തു,സായാഹ്ന എല്‍.എല്‍.ബി കോഴ്‌സിലൂടെ നിയമ ബിരുദം നേടി…ഭാര്യയുടെ ചിലവിലായിരുന്നു ഇക്കാലത്തെ ജീവിതം മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നത്.

വക്കീലായാല്‍ കുടി നിര്‍ത്തുമെന്നായി ഒടുവില്‍ തീരുമാനം. വക്കീലായി അഞ്ചു വര്‍ഷം കടന്നു പോയിട്ടും മദ്യപാനശീലം ഒഴിവാക്കാന്‍ കഴിയാതിരുന്നത് ജോണ്‍സണെ വല്ലാത്തൊരു അവസ്ഥയിലാണ് കൊണ്ടത്തിച്ചത്. ലഹരി മോചന കേന്ദ്രങ്ങള്‍ മാറി മാറി പരീക്ഷിച്ചെങ്കിലും കുടി നിര്‍ക്കാനായില്ല .ഒടുവില്‍ മരിക്കാനുളള തീരുമാനത്തിലൊത്തി. മദ്യത്തില്‍ നീന്തി നടന്ന നാളുകള്‍ എന്നാണ് അക്കാലത്തെപ്പററി ജോണ്‍ മംഗലം പറയുന്നത്. ഭര്‍ത്താവിനെ പരിചരിക്കാനായി ഭാര്യ രാജിക്ക് ജോലി ഉപേക്ഷിക്കേണ്ടതായി വന്നു. സുഹ്യത്തുക്കളും ബന്ധുക്കളും എല്ലാം ജോണ്‍സണെ കയ്യൊഴിഞ്ഞു ചുററിനും പരിഹാസവും അവഗണനയും. ഭാര്യ രാജി അപ്പോഴും ഒരു കുഞ്ഞിനെ എന്നോണം അയാളെ ചേര്‍ത്തു പിടിച്ചിരുന്നു. ഭാര്യയുടെ കരുതലുകള്‍ക്കിടയിലും മരണ ചിന്ത കഠിനമായി അയാളില്‍ പിടിമുറുക്കി.

നല്ലവരായ ചില മനുഷ്യരുടെ ഇടപെടല്‍ ഇതിനിടയിലുണ്ടായതോടെ മരണചിന്ത ഉപേക്ഷിച്ച് ചികിത്സ തേടി. മദ്യപാനം ഒരു രോഗമാണെന്ന സത്യം തരിച്ചറിഞ്ഞതോടെയാണ് തന്റെ ജീവിതം തിരിച്ചു ലഭിച്ചതെന്ന് ജോണ്‍ മംഗലം പറയുന്നു. ചികിത്സ ഫലം കണ്ടു.എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ജോണ്‍സണ്‍ മംഗലം കുടി നിര്‍ത്തി. കേരള വര്‍മ്മ കോളേജിലേക്ക് തന്നെ അധ്യാപകനായി തിരിച്ചെത്താനായി. മനസിലപ്പോഴും ഒരു ചിന്ത അലട്ടിക്കൊണ്ടിരുന്നു.താന്‍ പിന്നിട്ട വഴികള്‍ അതിനെക്കാള്‍ തീവ്രമായി അനുഭവിക്കുന്നവര്‍ക്കായി എന്തെങ്കിലും ചെയ്യണം. മദ്യപാനം ഒരു രോഗമാണെന്നും സ്‌നേഹവും പരിചരണവും കൊണ്ടു മാത്രമേ അതില്‍ നിന്നൊരു മോചനം സാധ്യമാകൂ എന്നുമുളള തിരിച്ചറിവാണ് 2004 മാര്‍ച്ചില്‍ പുനര്‍ജനിയുടെ പിറവിക്കു പ്രേരണയായത്.

പുനര്‍ജനിയിലെ ചികിത്സ 21 ദിവസം നീളുന്ന ലളിതമായ ഒന്നാണ്.ഫാമിലി ഡീസീസ് എന്നാണ് ജോണ്‍ മംഗലം മദ്യപാനത്തെ വിശേഷിപ്പിക്കുന്നത്. മദ്യപാനിക്കൊപ്പം തന്നെ കുടുംബാംഗങ്ങള്‍ക്കും ഇവിടെ കൗണ്‍സിലിംഗ് നല്‍കുന്നു. അച്ഛന്റെ മദ്യപാനത്തില്‍ സഹികെട്ട് വെറുപ്പു മാത്രം കാട്ടുന്ന മകന്‍, കുടുംബനാഥന്റെ കുടിയില്‍ മനം നൊന്ത് വിധിയെ പഴിക്കുന്ന ഭാര്യ, മകനെ ശപിക്കുന്ന അമ്മ എല്ലാവരും മനസിലാക്കേണ്ട ഒരു കാര്യമുണ്ട്-മദ്യപാനം രോഗമാണ്. ഞാനെന്ന ഭാവത്തിന്റെ ആ മൂര്‍ത്തി ഭാവത്തെയാണ് ആദ്യം തകര്‍ക്കുന്നത്.

ത്യശ്ശൂര്‍ ജില്ലയിലെ ഗ്രാമീണത തുളുമ്പുന്ന പച്ചപ്പു നിറഞ്ഞ സ്ഥലമാണ് പുനര്‍ജനി സ്ഥിതി ചെയ്യുന്ന പൂമല . ഒരു ദിവസം ഒരു അഡ്്്മിഷന്‍ ആണ്്് എടുക്കുക.ഒരേക്കറില്‍ സ്ഥിതി ചെയ്യുന്ന സെന്ററില്‍ 3 ചെറിയ കെട്ടിടങ്ങളിലായാണ് അന്തേവാസികളുടെ താമസം. .യാതൊരു നിയന്ത്രണവും ഇല്ലാതെ മദ്യപാനിക്ക്്് സഞ്ചരിക്കാം. ഒരു ചെക്ക് ഡാം ഉളളതില്‍ ഹോബിയായി മീന്‍ പിടിക്കാം.വിശ്വസികള്‍ക്ക് അടുത്തുളള ആരാധനാലയത്തില്‍ പോകാം.കുടുംബത്തിനൊപ്പം ഔട്ടിംഗിനും അനവാദമുണ്ട്.

സാഹചര്യവുമായി ഇണങ്ങിക്കഴിഞ്ഞാല്‍ ലളിതമായ ചികിത്സ തുടങ്ങും . മാനസികമായ സമീപനമാണ് പ്രധാനമായും സ്വീകരിക്കുന്ന മാര്‍ഗം. ഇവിടേക്ക് ആദ്യമായെത്തുന്ന ഒരു മദ്യപാനിക്ക് മററുളളവരുമായി ഇടപഴകാനുളള അവസരം നല്‍കുന്നു. അപരിചിതത്വം മാറിക്കഴിഞ്ഞാല്‍ ചികിത്സക്കെത്തുന്നവരുടെ കൂട്ടായ്മയിലേക്ക് കൊണ്ടു വരും. ആവശ്യത്തിന് മദ്യവും നല്‍കും.പിന്നെ അയാള്‍ക്കൊരു ആവേശമാണ്.പുതിയ സ്ഥലമെന്നുളള ചമ്മല്‍ മറന്ന് അയാള്‍ യഥാര്‍ത്ഥ സ്വഭാവം പുറത്തെടുക്കും. പൂരത്തെറിയാണ് പിന്നെ. തനി കള്ളുകുടിയന്റെ എല്ലാ ഭാവവാഹാദികളും അരങ്ങു തകര്‍ക്കും. ഇതെല്ലാം കണ്ടു കൊണ്ട് ചികിത്സ തേടിയെത്തിയ മദ്യപാനികളും കുടുംബവും ഇതേ സദസിലുണ്ടാവും. സ്വബോധത്തിലിരിക്കുന്ന മററു മദ്യപാനികളിലെ ഈഗോ അതോടെ മുറിപ്പെടുന്നു. മദ്യപിച്ചാല്‍ താനും ഇങ്ങനെയൊക്കെ ആവുമല്ലോ കാട്ടിക്കൂട്ടുക എന്ന തിരിച്ചറിവ് എല്‍പ്പിക്കുന്ന നാണക്കേടിനെയാണ് ജോണ്‍സണ്‍ മംഗലം ഉപയോഗപ്പെടുത്തുന്നത്.

പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തും തുറന്നുപറഞ്ഞും മദ്യപാനികളെ ശരിയായ മാനസികനിലയിലെത്തിച്ചാല്‍ പകുതി കടമ്പ കടക്കും.മദ്യപാനി ആയിരുന്നതിനാല്‍ മറ്റാരെക്കാളും നന്നായി അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനാകും-മദ്യപാനികള്‍ക്ക് അവരുടേതായ സ്‌ററലും ഭാഷയും വരെ ഉണ്ട് . പിന്നീട് കൗണ്‍സിലിംഗാണ്. മദ്യപാനത്താല്‍ നിന്ന് രക്ഷപ്പെടണമെന്ന ആഗ്രഹമുണ്ടായാല്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമായി. കൗണ്‍സിലിംഗാണ് അടുത്ത ഘട്ടം.മദ്യപാനികളുടെ അനുഭവങ്ങള്‍ പങ്കു വെക്കലും പരസ്പര സഹായവും ജോണ്‍സന്റെ ജീവിത കഥയും ഒപ്പം പുനര്‍ജനിയിലെത്തി ജീവിതം തിരിച്ചു പിടിച്ചവരുടെ അനുഭവ സാക്ഷ്യവും എല്ലാം കൂടിച്ചേരുമ്പോള്‍ അത്ഭുതങ്ങള്‍ സംഭവിക്കുന്നു.

മദ്യം നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടൊഴിവാക്കാനായി ചില വിദ്യകളുണ്ടിവിടെ. ആര്യവേപ്പിലയും മഞ്ഞളും ചേര്‍ത്തുളള കഷായം കൊടുക്കുന്നത് ആല്‍ക്കഹോളിനുളള സബ്‌സ്‌റ്റിറ്റൂട്ടായാണ്. ആ കയ്പിലും അവര്‍ ലഹരി കണ്ടെത്തി ആശ്വസിക്കുമ്പോള്‍ പെട്ടെന്നുളള കുടി നിര്‍ത്തല്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാകും. മാത്രമല്ല ഈ കഷായം ഡീ ടോക്‌സിക്കഷന്‍ നടത്തുന്നതിനാല്‍ മദ്യപാനിയുടെ കരള്‍ ക്രമേണ വിഷമുക്തമാകുകയും അവര്‍ ഭക്ഷണം കഴിക്കാന്‍ ആരംഭിക്കുകയും ചെയ്യും. ക്രമേണ കാര്യങ്ങള്‍ ശരിയായ വഴിക്കെത്തുന്നു. 21 ദിവസം കൊണ്ട് ഇത്തരത്തില്‍ മിക്കവരും മദ്യപാനത്തോട് പൂര്‍ണ്ണമായും വിടപറയും. കുടുംബാന്തരീക്ഷമാണ് പുനര്‍ജനിയുടെ പ്രത്യേകത. ഒപ്പം നിസ്വാര്‍ത്ഥരായ ഒരുകൂട്ടം മനുഷ്യരൂടെ സന്നദ്ധ പ്രവര്‍ത്തനവും.

drunkard john mangalam started de addiction centreഒരു കുടിയന്റെ ജീവിതം എത്രത്തോളം ദുസഹമാണെന്ന് അനുഭവിച്ചറിഞ്ഞ ആളണ് ജോണ്‍ മംഗലം.അതുകൊണ്ടു തന്നെ അദ്ധേഹം ഉറക്കെ ചോദിക്കുന്നു-അയ്യപ്പന്‍ ബൈജുവെന്ന കുടിയന്‍ കഥാപാത്രത്തെ കണ്ട് ആഘോഷിക്കുന്ന എത്രപേരുണ്ടാവും .എന്നാല്‍ സ്വന്തം കുംടുംബത്തില്‍ അത്തരത്തിലൊരു മദ്യപാനിയെ സങ്കല്‍പ്പിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ. കുടിയന്റെ കുമ്പസാരം -ഒരു മദ്യാസക്ത രോഗിയുടെ ആത്മകഥയെന്ന പുസ്തകത്തില്‍ യാതൊരു മറയുമില്ലാതെ ജോണ്‍ മംഗലം എല്ലാം തുറന്നെഴുതുന്നു. തന്റെ ദുരിത ജീവിതത്തില്‍ കൈത്താങ്ങായി ഒപ്പം നിന്ന ഭാര്യയ്ക്കുളള സമര്‍പ്പണമാണ് ആ പുസ്തകം. ഗര്‍ഭം ധരിക്കാതെ ജന്മം നല്കിയവളെന്ന് ഭാര്യ രാജിയെ പുസ്തകത്തില്‍ അദ്ദേഹം വിശേഷിപ്പിക്കുന്നു.

സ്വന്തം അനുഭവം മുന്നിലുളളതു കൊണ്ടാണ് ഒരു ഡീ അഡിക്ഷന്‍ സെന്റര്‍ തുടങ്ങിയപ്പോള്‍ മനുഷ്യത്വപരമായ സമീപനവും സ്‌നേഹവും ഒപ്പം മനശാസ്ത്രവും കൂട്ടിയോജിപ്പിക്കാന്‍ ജോണ്‍മംഗലത്തിനു കഴിയുന്നത്.പുനര്‍ജനി ഒരുകണ്ണാടിയാണ് ഓരോമദ്യപാനിക്കും നേരെ പിടിക്കുന്ന കണ്ണാടി.അതില്‍ അവര്‍ക്ക് അവരെതന്നെ കാണാനാകും.മദ്യപിച്ചാല്‍ താന്‍ എന്താണെന്നും സമൂഹം തങ്ങളെ എങ്ങനെ നോക്കിക്കാണുന്നു എന്നുമുളള തിരിച്ചറിവാണ് പുനര്‍ജ്ജനി നല്‍കുന്നത്.

(തയ്യാറാക്കിയത് : ഷീജ )

shortlink

Related Articles

Post Your Comments

Related Articles


Back to top button