KeralaLatest NewsNews

ഓണാട്ടുകരയുടെ ഉത്സവം ചെട്ടികുളങ്ങര കുംഭ ഭരണി ആഘോഷങ്ങൾ ആരംഭിച്ചു

വിശ്വപ്രസിദ്ധമായ ചെട്ടികുളങ്ങര കുംഭഭരണിമഹോത്സവ ആഘോഷങ്ങൾ ആരംഭിച്ചു. ഉത്സവം പ്രമാണിച്ച് ഇന്നു മുഴുവന്‍ സമയവും ക്ഷേത്രനട തുറന്നിരിക്കും. ദേവിയെ ആവാഹിച്ച ജീവത ഓരോ കെട്ടുകാഴ്ചയും സന്ദര്‍ശിക്കുന്നതോടെ അന്തരീക്ഷം ദേവീനാമങ്ങളാല്‍ ഭക്തിസാന്ദ്രമാകും. ഭരണിയിലെ പ്രധാന വഴിപാടായ കുത്തിയോട്ടങ്ങള്‍ രാവിലെ അഞ്ചു മുതല്‍ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ ശിവരാത്രി ദിനം മുതല്‍ കുത്തിയോട്ടത്തിന്റെ പാട്ടുകളും, ചുവടുകളും കൊണ്ട് സമ്പന്നമാണ് ചെട്ടികുളങ്ങര.

അഭീഷ്ടസിദ്ധിക്കും, സര്‍വ്വൈശ്ര്യത്തിനു മായി ദേവിയുടെ ഇഷ്ടവഴിപാട് കുത്തിയോട്ടം. ഇത്തവണ പന്ത്രണ്ടു കുത്തിയോട്ട വഴിപാടുകള്‍ ആണ് ഉള്ളത്. പരമ്പരാഗത ചിട്ടവട്ടങ്ങളോടെ ആണ് ചടങ്ങുകള്‍.വൈകിട്ടാണ് പ്രസിദ്ധമായ കെട്ടുകാഴ്ച. പതിമൂന്നു കരകളില്‍ നിന്നുള്ള അംബരചുംബികളായ കെട്ടുകാഴ്ചകള്‍ ദേവിയ്ക്ക് മുന്നില്‍ അണിനിരക്കും. ഉച്ചകഴിഞ്ഞ് കെട്ടുകാഴ്ച ഉത്സവം നടക്കുന്നു. ക്ഷേത്രത്തിനു ചുറ്റും ഉള്ള 13 കരകളുടെ പങ്കാളിത്തത്തോടെ ആണ് കെട്ടുകഴ്ച നടക്കുന്നത്. ഭീമാകാരമായ അലങ്കരിച്ച എടുപ്പുകുതിരകളും രഥങ്ങളും ഭീമൻ, പാഞ്ചാലി, ഹനുമാൻ തുടങ്ങിയ ഇതിഹാസ കഥാപാത്രങ്ങളുടെ രൂപങ്ങളും ഘോഷയാത്രയായി ക്ഷേത്രത്തിനു കിഴക്കുവശത്തായി ഉള്ള വയലിൽ എത്തിക്കുന്നു.

രാത്രി സമയത്ത് ദേവിയുടെ രൂപം ഘോഷയാത്രയായി വയലിൽ ഉള്ള ഓരോ രൂപങ്ങളെയും സന്ദർശിച്ച് ദേവി 13 കരകളിലും പ്രസാദിച്ചിരിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നു. ഈ രൂപങ്ങൾ പിന്നീട് ഓരോ കരകളുടെയും കാവുകളിലേക്ക് കൊണ്ടുപോവുന്നു. കെട്ടുകാഴ്ച എഴുന്നള്ളത്ത് ഓരോ കരയുടെയും ക്രമം അനുസരിച്ച് വയലിൽ ഇറക്കുകയാണു ചെയ്യുക. ഇതിൽ ഒന്നാമത്തെ കര ഈരേഴ(തെക്ക്) കരയാണ്. കെട്ടുകാഴ്ചയുടെ ഭാഗമായ കുതിര എന്ന രൂപത്തിനു ‘കുതിര’ എന്ന ജീവിയുമായി താരതമ്യം ചെയ്യുവാനുള്ള ഒരു രൂപമല്ല ഉള്ളത്. അതിനു അംബരചുംബിയായ ഗോപുരം പൊലെയുള്ള ഒരു രൂപമാണുള്ളത്. ഭീമൻ,പാഞ്ചാലി,ഹനുമാൻ എന്നീ രൂപങ്ങൾ ദാരുശില്പങ്ങളാണ്.

ഈ ദാരുശില്പങ്ങൾ ഒരുക്കിയെടുക്കുവാനുള്ള പരമ്പരാഗതമായ അവകാശം ഒരു ആശാരിക്കുടുംബത്തിനു സ്വന്തമാണ്. ഓരോ കരയുടെയും [കുതിരയുടെ] മധ്യഭാഗത്തായി പ്രഭട എന്നു പറയുന്ന ദാരുരൂപം പ്രദർശിപ്പിച്ചിരിക്കുന്നു. ഓരോ കുതിരയ്ക്കും മുകളിൽ ഏഴ് താഴെ ആറ് എന്ന കണക്കിൽ 13 എടുപ്പുകൾ കാണാം. കുതിരയ്ക്ക് 125 അടിയിലധികം പൊക്കം ഉണ്ടാകും.കൂടാതെ ഭരണി നാളിലെ തിരക്ക് പ്രമാണിച്ച് കെ.എസ്.ആര്‍.ടി.സിയും മറ്റും സ്‌പെഷ്യല്‍ സര്‍വീസുകളും നടത്തുന്നുണ്ട്. കുത്തിയോട്ടവും കെട്ടുകാഴ്ചയും കാണാന്‍ നാനാഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് ആളുകളാണ്ചെട്ടികുളങ്ങരയില്‍ എത്തുന്നത്.

വഴിപാട് വീട്ടുകാരുടെ 25 പേര്‍ക്കും ചൂരല്‍ മുറിയുന്ന കുട്ടികള്‍ക്കും ആശാനും ഉള്‍പ്പെടെ അത്യാവശ്യം കുത്തിയോട്ട സമിതിയുടെ ആള്‍ക്കാര്‍ക്ക് മാത്രമേ നടപ്പന്തലില്‍ എത്തി തിരുമുമ്പില്‍ നില്‍ക്കാന്‍ അനുമതി നല്‍കൂ.

shortlink

Post Your Comments


Back to top button