ദുബായ് : സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്കെതിരെ ദുബായിലുണ്ടായിരുന്ന കേസുകള്‍ തീര്‍പ്പായി. മൂത്തമകൻ ബിനോയ് കോടിയേരിയുടെ കേസ് കോടതിക്കു പുറത്ത് ഒത്തുതീർന്നതിനു പിന്നാലെ, യാത്രാവിലക്കും നീങ്ങി. കേസിൽപ്പെട്ട രണ്ടാമത്തെ മകൻ ബിനീഷും കഴിഞ്ഞ ദിവസം ദുബായിലെത്തിയതോടെ, കേസ് റദ്ദായെന്നു വ്യക്തമായി.
എന്നാല്‍ എന്താണ് ഒത്തുതീര്‍പ്പ് വ്യവസ്ഥകളെന്ന് ആരും വെളിപ്പെടുത്തിയിട്ടില്ല. പത്തുലക്ഷം ദിർഹത്തിന്റെ ചെക്ക് മടങ്ങിയ കേസുമായി ബന്ധപ്പെട്ട് സിവിൽ കേസ് നടപടി ആരംഭിക്കുന്നതിന്റെ ഭാഗമായാണു ബിനോയ്ക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയത്.
എന്നാൽ കേസ് ഒത്തുതീർപ്പിലായതിനെ തുടർന്ന് പരാതിക്കാരായ ജാസ് കമ്പനിയുടെ അഭിഭാഷകൻ 19ന് നൽകിയ അപേക്ഷയിൽ വിലക്ക് പിൻവലിച്ചു. ഇതിനിടെ, ജാസ് ടൂറിസം ഈ മാസം ഏഴിനു ദുബായിൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഇത് 25 ന് കോടതി പരിഗണിക്കാനിരിക്കുകയാണെങ്കിലും അഭിഭാഷകൻ ഒത്തുതീർപ്പ് വിവരം കോടതിയെ അറിയിക്കുന്നതോടെ, കേസ് പൂർണമായും ഒഴിവാകും.
കോടതിച്ചെലവടക്കം ബിനോയ് 13 കോടി രൂപ നൽകാനുണ്ടെന്ന് കാണിച്ച് ജാസ് ടൂറിസം ഉടമയും യുഎഇ പൗരനുമായ ഹസൻ ഇസ്മായിൽ അബ്ദുല്ല അൽ മർസൂഖി സിപിഎം കേന്ദ്ര പാർട്ടി നേതാക്കളെ സമീപിച്ചതിനെ തുടർന്നാണ് കേസ് ശ്രദ്ധയാകർഷിച്ചത്. ഒത്തുതീർപ്പിലേക്കു നീങ്ങിയതോടെ ദുബായിൽ ചെക്ക് കേസുകൾ പതിവാണെന്നും വിവാദങ്ങൾ അനാവശ്യമാണെന്നും ജാസ് ടൂറിസം ഉടമ ഹസൻ ഇസ്മായിൽ അബ്ദുല്ല അൽ മർസൂഖി ഒരു അഭിമുഖത്തിൽ പിന്നീട് പറഞ്ഞു
Post Your Comments