തൃശൂർ ; സിപിഎമ്മിനെ കടുത്ത സമ്മര്‍ദ്ദത്തിലാഴ്ത്തി കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ വധം. വ്യാഴാഴ്ച തൃശ്ശൂരില്‍ തുടങ്ങുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിൽ ഷുഹൈബ് വധം ഗൗരവപരമായി ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. പാര്‍ട്ടി ജില്ലാകമ്മിറ്റി ഓഫീസില്‍ സംസ്ഥാന സമ്മേളന പരിപാടികള്‍ അന്തിമമായി വിശകലനം ചെയ്യുന്നതിന് ബുധനാഴ്ച വൈകീട്ട് ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് ചര്‍ച്ചയുണ്ടായതായാണ് വിവരം. ഇന്ന് കണ്ണൂരില്‍ വിളിച്ചുചേര്‍ത്ത സമാധാന സമ്മേളനത്തില്‍ നിന്നും കോണ്‍ഗ്രസ് പ്രതിനിധികള്‍ ഇറങ്ങിപ്പോയതില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തിയതായി ഔദ്യോഗിക നിലപാടുണ്ടെങ്കിലും പാര്‍ട്ടി ജില്ലാനേതൃത്വത്തിനെതിരെയുള്ള നീരസം യോഗത്തില്‍ ഉയര്‍ന്നതായും വിവരമുണ്ട്.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഷുഹൈബ് കൊല്ലപ്പെട്ടതില്‍ പാര്‍ട്ടിക്കോ പ്രവര്‍ത്തകര്‍ക്കോ പങ്കുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കും എന്ന നിലപാട് വീണ്ടും ആവർത്തിച്ചു. കണ്ണൂര്‍ ജില്ലാകമ്മിറ്റി ഇക്കാര്യം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. കൊട്ടേഷൻ കൊടുക്കുന്നത് പാര്‍ട്ടി രീതിയല്ല. കണ്ണൂരില്‍ സമാധാനമുണ്ടാവരുതെന്നാണ് കോണ്‍ഗ്രസ്സിന്റെ നിലപാടെന്നും ഇതംഗീകരിക്കാനാവില്ലെന്നും കോടിയേരി വ്യക്‌തമാക്കി. അതേസമയം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപെട്ടു അറസ്റ്റിലായത് പാര്‍ട്ടിയെ പ്രതിരോധത്തിലായിരിക്കുകയാണെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു. പല തലങ്ങളിലും പാര്‍ട്ടി വെല്ലുവിളി നേരിടുന്ന ഈ സമയത്ത് ഇത്തരമൊരു പ്രതിസന്ധി ഉടലെടുത്തതില്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തിനെതിരെ ശക്തമായ പരാമര്‍ശമാണ് യോഗത്തിൽ ഉണ്ടായത്.
പാര്‍ട്ടിക്കുള്ളില്‍ സിപിഎം ജില്ലാസെക്രട്ടറി പി. ജയരാജനെതിരെ ശക്‌തമായ നീക്കങ്ങൾ നടക്കുന്നുണ്ട്. നേരത്തെ തന്നെ പാര്‍ട്ടിക്കതീതനായി പ്രവര്‍ത്തിക്കുകയാണെന്ന വിമര്‍ശനം പി. ജയരാജനെതിരെയുണ്ട്. എന്നാൽ കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ ജയരാജനുള്ള സ്വീകാര്യത കണക്കിലെടുത്ത് കടുത്ത നടപടികള്‍ എടുക്കുന്നതില്‍ നിന്നും പാര്‍ട്ടി നേതൃത്വം ഒഴിഞ്ഞു നിന്നെങ്കിലും പുതിയതായി ഉയർന്നു വന്ന വിഷയം ജയരാജനെതിരെ പൊരുതാനുള്ള ആയുധമായി മാറുന്ന കാഴ്ചയാണ് തൃശ്ശൂരില്‍ നിന്നും പ്രതീക്ഷിക്കാവുന്നത്. കൂടാതെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പി.ജയരാജന്‍ വരുന്നതിനുള്ള സാധ്യതയ്ക്കും മങ്ങലേൽക്കുന്നു. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ കടുത്ത നിരീക്ഷണത്തിലായിരിക്കും ജയരാജന്റെ തുടര്‍പ്രവര്‍ത്തനങ്ങളെന്നും സൂചനയുണ്ട്. ജയരാജനെ പാര്‍ട്ടി സംസ്ഥാന സമ്മേളനം കടുത്ത ഭാഷയില്‍ ശാസിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നു ഒരു സീനിയർ നേതാവ് പറയുന്നു. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായ തകര്‍ക്കുന്ന ഒരു നീക്കവും ഉണ്ടാവരുതെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ.
Read also ;സിപിഎം പാർട്ടി ഇന്ന് ശത്രുവാര് മിത്രമാര് എന്ന് തിരിച്ചറിയാനാകാതെ ഉഴറുകയാണ് ; കുമ്മനം രാജശേഖരന്‍
Post Your Comments