തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ലോകായുക്തയിൽ പരാതിയുമായി ബിജെപി. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2015 ൽ ഗവർണർക്കും വ്യാജ സത്യവാങ്മൂലമാണു കോടിയേരി നൽകിയതെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ടു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ ആണ് പരാതി നൽകിയത്.
മുൻപു 45 ലക്ഷം രൂപയ്ക്കു വിറ്റ ഭൂമിക്കു നാലര ലക്ഷം രൂപ വില കാണിച്ചാണു 2015 ൽ ഗവർണറെ തെറ്റിദ്ധരിപ്പിച്ചത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നൽകിയ സത്യവാങ്മൂലത്തിൽ ഭാര്യ വിനോദിനിയുടെ പേരിൽ കണ്ണൂർ ജില്ലയിൽ രണ്ടു ഹൗസ് പ്ലോട്ടുകളുടെ വില കാണിച്ചിരിക്കുന്നതു നാലര ലക്ഷം രൂപയാണ്. 13.5 സെന്റ്, 9.5 സെന്റ് എന്നിങ്ങനെയുള്ള പ്ലോട്ടുകളിൽ ഒന്നിൽ വീടുണ്ട്. 2014 ൽ നിഖിൽ രാജേന്ദ്രൻ എന്നയാൾക്കു വിനോദിനിയുടെ പേരിലുള്ള പ്ലോട്ടുകൾ 45 ലക്ഷം രൂപയ്ക്കു വിൽപന നടത്തിയിട്ടുണ്ട്.
എന്നാൽ 2015 ജൂൺ 30നു ഗവർണർക്കു നൽകിയ സത്യവാങ്മൂലത്തിൽ വീടിരിക്കുന്ന പ്ലോട്ടിനു നാലര ലക്ഷം രൂപയാണു കാണിച്ചിരിക്കുന്നത്. ഇതു വാസ്തവ വിരുദ്ധമാണ്. നിഖിലിനു വിറ്റെന്നു പറയുന്ന വീട്ടിലാണു കോടിയേരിയും കുടുംബവും ഇപ്പോഴും താമസിക്കുന്നത്. സ്ഥലം വിറ്റ രേഖകളും തിരഞ്ഞെടുപ്പു സത്യവാങ്മൂലവും ഉൾപ്പടെയാണു പരാതി നൽകിയിരിക്കുന്നത്. ആറു മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണു കോടിയേരി ചെയ്തതെന്നു രാധാകൃഷ്ണൻ പറഞ്ഞു.
Post Your Comments