ബ്രഹ്മാവിന്റെ ഹൃദയത്തിൽ നിന്നു ധർമൻ എന്ന പ്രജാപതി ഉണ്ടായത്രേ. സത്യസന്ധനും ധർമനിരതനുമായിരുന്ന ധർമൻ ദക്ഷപ്രജാപതിയുടെ 10 പുത്രിമാരെ വേളി കഴിച്ചു. ഹരി, കൃഷ്ണൻ, നരൻ, നാരായണൻ എന്നീ പേരുകളിൽ 4 പുത്രന്മാരും ജനിച്ചു. ഹരിയും, കൃഷ്ണനും മഹായോഗികളും നരനും നാരായണനും തപസ്വികളുമായിരുന്നു. ഇവർ ഹിമാലയസാനു പ്രദേശത്തുള്ള ബദരി ആശ്രമത്തിൽ 1000 വർഷം തപസ്സു ചെയ്തു. ഇതു മുടക്കുന്നതിനായി ഇന്ദ്രൻ ദേവസ്ത്രീകളെ നിയോഗിച്ചു. ദേവസ്ത്രീകൾ നരനാരായണന്മാരുടെ അടുക്കലെത്തി കല്യാണം കഴിക്കാൻ അഭ്യർഥിച്ചു.
നാരായണമഹർഷി കോപിഷ്ഠനായി ശപിക്കാനൊരുങ്ങിയപ്പോൾ നരൻ എന്ന ഋഷി സമാധാനവാക്കുകൾ പറയുകയും സാന്ത്വനപ്പെടുത്തുകയും ചെയ്തു. ദേവസ്ത്രീകളോടിങ്ങനെ പറഞ്ഞു: മഹാഭാഗ്യവതികളായ ഭവതികളേ, ഈ ജന്മത്തിൽ എന്റെ തപസ്സിനു തടസ്സമുണ്ടാക്കരുത്. അടുത്ത ജന്മത്തിൽ താങ്കളുടെ ആഗ്രഹം സാധിച്ചുതരാം. 28-ാം ദ്വാപരയുഗത്തിൽ ഭൂമിയിൽ അവതരിക്കും. ഭവതികളെല്ലാം അക്കാലത്തു രാജകന്യകകളായി ജനിച്ചുകൊള്ളൂ. യദുകുലത്തിൽ കൃഷ്ണനായി ജനിച്ച് നാം അന്നു പാണിഗ്രഹണം ചെയ്തുകൊള്ളാം.
അതനുസരിച്ച്, നാരായണമഹർഷി യദുകുലത്തിൽ ശ്രീകൃഷ്ണനായി ജനിച്ചു. നരൻ എന്ന ഋഷി ശ്രീകൃഷ്ണനു കൂട്ടായി അർജുനനായും ഭൂമിയിൽ ജനിച്ചു എന്നു കഥ.
കംസാന്തകനായതിനു കാരണം?
വസുദേവരുടെയും ദേവകിയുടെയും വിവാഹഘോഷയാത്രയിൽ ദേവകിയുടെ സഹോദരനായ കംസനാണു തേരു തെളിച്ചിരുന്നത്. അപ്പോൾ ഒരു അശരീരി ഉണ്ടായി: ഇവളുടെ എട്ടാമത്തെ പുത്രൻ നിന്നെ വധിക്കും. ഈ അശരീരി കേട്ട് കോപാകുലനായ കംസൻ ദേവകിയെ വധിക്കാൻ വാൾ ഓങ്ങിയത്രേ. തന്ത്രശാലിയായ വസുദേവർ പല കാപട്യങ്ങളും നടത്തിയെങ്കിലും ഫലിച്ചില്ല. ഒടുവിൽ ദേവകിയുടെ കുട്ടികളെ ജനനസമയത്തു തന്നെ കംസനെ ഏൽപ്പിച്ചുകൊള്ളാമെന്നു കരാറുണ്ടാക്കി. അതുകേട്ട് കംസൻ അവരുടെ വലയിൽ വീഴുകയും അവരെ വിട്ടയയ്ക്കുകയും ചെയ്തു. അങ്ങനെ ആദ്യപുത്രനായി കീർത്തിമാൻ എന്ന കുട്ടി ജനിക്കുകയും വസുദേവർ ആ കുട്ടിയെ കംസനെ ഏൽപ്പിക്കുകയും ചെയ്തു.
ആറു തവണ ഇങ്ങനെ പ്രസവിച്ച കുട്ടികളെ കംസൻ നിലത്തടിച്ചുകൊന്നു. ദേവകി ഏഴാമതും ഗർഭം ധരിച്ചു. അത് അനന്തന്റെ അംശമായതിനാൽ വിഷ്ണുവിന്റെ നിർദേശപ്രകാരം മായാദേവി ദേവകിയുടെ ഗർഭത്തെ വസുദേവരുടെ മറ്റൊരു ഭാര്യയായ രോഹിണിയുടെ ഉദരത്തിലാക്കി. അതാണു ബലരാമൻ.
ദേവകി എട്ടാമതും ഗർഭം ധരിച്ചു. ചിങ്ങമാസത്തിൽ ബ്രഹ്മനക്ഷത്രങ്ങൾ ചേർന്നുനിന്ന കൃഷ്ണപക്ഷ അഷ്ടമിയും രോഹിണി നക്ഷത്രവും ചേർന്നു വരുന്ന അഷ്ടമി രോഹിണിയിൽ വസുദേവരുടെയും ദേവകിയുടെയും പുത്രനായി മധുരയിലാണു ശ്രീകൃഷ്ണൻ ഭൂജാതനായത്. കൽത്തുറുങ്കിൽ രാത്രി 12 മണിക്ക് വിധാതാ രോഹിണിയെന്ന മുഹൂർത്തത്തിലാണു ജനിച്ചത്. പക്ഷേ, ഗ്രഹനിലയെ വെല്ലുന്ന ഭാഗവതമഹിമ ശ്രീരാമ അവതാരസമയത്ത് ഉണ്ടായിരുന്നു. അഞ്ചു ഗ്രഹങ്ങൾ ഉച്ചത്തിലായിരുന്നുവത്രേ.
ശ്രീരാമദേവൻ യുദ്ധത്തിൽ രാവണവിജയം നേടിയപ്പോൾ നവഗ്രഹങ്ങൾ മനസ്സു കൊണ്ട് അഹങ്കരിച്ചുവത്രേ. തങ്ങളുടെ ഉച്ചബലവും അനുഗ്രഹവും ശ്രീരാമജയത്തിനു വഴിതെളിച്ചതായി അവർ കരുതി. അതിനാൽ ശ്രീകൃഷ്ണാവതാരത്തിനു മുൻപു തന്നെ ഗ്രഹങ്ങളോട് മഹാപ്രഭു പറഞ്ഞതനുസരിച്ച് ചന്ദ്രൻ, ശനി, കുജൻ, ബുധൻ ഇവ ഉച്ചത്തിൽ സ്ഥിതി ചെയ്തു. ഇടവലഗ്നത്തിൽ കേതുവും ചന്ദ്രനും ചിങ്ങത്തിൽ സൂര്യനും മീനത്തിൽ വ്യാഴവും തുലാത്തിൽ ശുക്രനും വൃശ്ചികത്തിൽ രാഹുവും നിൽക്കുകയും ചെയ്തു. ശംഖ്, ചക്രം, ഗദ, പത്മം എന്നിവ വിലസുന്ന തൃക്കൈകളോടെയാണു ഭഗവാൻ അവതരിച്ചത്. എല്ലാ ദേവന്മാരും ആകാശത്തു കണ്ടുനിന്നതായി ചരിത്രം. അതു കഴിഞ്ഞ് ഏഴാംനാൾ കറുത്ത വാവായിരുന്നു എങ്കിലും പൗർണമിച്ചന്ദ്രനെപ്പോലെയാണു പ്രഭ ചൊരിഞ്ഞത്. ഈ ദിവസമാണു ശ്രീകൃഷ്ണജയന്തിയായും ഗോകുലാഷ്ടമിയായും ആചരിക്കുന്നത്.
ദശാവതാരങ്ങളിൽ ഒൻപതാമത്തേതാണു ശ്രീകൃഷ്ണൻ. യദുവംശത്തിൽ ജനിച്ചു. കോടിക്കണക്കിന് ഹംസസ്വരൂപികളായ കൃഷ്ണഭക്തർ കണ്ണിലെ കൃഷ്ണമണി പോലെ ഉണ്ണിക്കണ്ണന്റെ രൂപം കണ്ട് ആസ്വദിച്ച് മനസ്സിൽ താലോലിച്ചു പ്രതിഷ്ഠിച്ച് ഭക്തിയിലാറാടുന്ന ദിനമാണ് അഷ്ടമിരോഹിണി.
കലിയുഗത്തിന്റെ ഉദയം കുറിച്ച ദിനം വരെ മോഹനലീലകളാടി നമ്മളെ ആനന്ദസാഗരത്തിൽ ആറാടിച്ചു. സ്തനങ്ങളിൽ കാളകൂടവിഷം പുരട്ടിവന്ന പൂതനയ്ക്കും 12-ാം വയസ്സിൽ തന്നെ കൊല്ലാൻ ഹംസൻ ഏർപ്പാടാക്കിയ മഹാപ്രഭു മല്ലനും മോക്ഷം നൽകി. അമ്മാവൻ കംസനും മോക്ഷം നൽകി. തന്റെ പുത്രനാൽ തുറുങ്കിൽ അടയ്ക്കപ്പെട്ട ഉഗ്രസേനനെ രാജാവായി അവരോധിച്ചു.
ഇത് കൃഷ്ണന്റെ വഴിത്തിരിവായിരുന്നു. പിന്നീട്, മധുരയിൽ നിന്നു ദ്വാരകയിലേക്കു പോയി പട്ടണം നിർമിച്ചു രാജ്യം സ്ഥാപിച്ചു. പല രാജ്യങ്ങളുടെയും കാര്യവിചാരങ്ങളിൽ തീർപ്പുകൽപ്പിച്ചെങ്കിലും ഒരു രാജ്യസ്രഷ്ടാവായിരുന്നതല്ലാതെ മറ്റുള്ളവരുടെ രാജ്യം പിടിച്ചെടുക്കാൻ ആഗ്രഹിച്ചില്ല. രാജതന്ത്രം, രാഷ്ട്രനിർമാണം തുടങ്ങിയ കാര്യങ്ങളിൽ ഉപദേശം കൊടുക്കുകയല്ലാതെ ഒരിക്കലും ഒരു സിംഹാസനത്തിലുമിരുന്നില്ല. അധർമത്തെ ഇല്ലാതാക്കാനും ധർമത്തെ നിലനിർത്താനും സദാ വ്യാപൃതനായിരുന്നു.
അഷ്ടമിരോഹിണിയുടെ പ്രാധാന്യം
ദേവകളുടെയും മഹർഷിമാരുടെയും ആഗ്രഹപ്രകാരം മഹാവിഷ്ണു മനുഷ്യരൂപത്തിൽ ഭൂമിയിൽ ശ്രീകൃഷ്ണാവതാരം എടുത്ത ദിവസമാണു ചിങ്ങമാസത്തിലെ കറുത്തപക്ഷ അഷ്ടമിയും രോഹിണിയും ചേർന്നു വരുന്ന ദിവസം. ഈ വർഷം സെപ്റ്റംബർ 5ന് ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നു.
അഷ്ടമിരോഹിണി ആചരിക്കേണ്ടതെങ്ങനെ?
ജന്മാന്തരദുരിതം തീർക്കാനും സർവ ഐശ്വര്യങ്ങളും നൽകാനുമായി ജനിച്ച ശ്രീകൃഷ്ണന്റെ ജന്മദിനം കുട്ടികളുടെ ജന്മദിവസം പോലെ തന്നെ നാമജപത്തോടുകൂടിയും സദ്യവട്ടങ്ങളോടുകൂടിയും ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും ദേവീക്ഷേത്രങ്ങളിലും ആചരിക്കേണ്ടതാണ്. ദേവി ഇല്ലായിരുന്നുവെങ്കിൽ ശ്രീകൃഷ്ണനു രക്ഷപ്പെടാൻ പറ്റുകയില്ല. ദേവിയുടെ കാലുപിടിച്ചതിനാൽ കംസനെ വെറുതെ വിടുകയും തന്റെ മരണത്തിനുത്തരവാദിയായ ശ്രീകൃഷ്ണനെ കണ്ടുപിടിക്കാൻ ആജ്ഞാപിക്കുകയും ചെയ്തു. രണ്ടു പേരുടെയും ജന്മദിനം ഒരു ദിവസമാണ്. അതിനാൽ ദേവീക്ഷേത്രങ്ങളിൽ ദേവീഭാഗവതം, ദേവീമാഹാത്മ്യം, മന്ത്രങ്ങൾ എന്നിവ ചൊല്ലുകയും സദ്യവട്ടങ്ങളും മറ്റും നടത്തുകയും വേണം.
ശ്രീകൃഷ്ണചൈതന്യം പ്രസരിക്കുന്ന ക്ഷേത്രങ്ങളിൽ പുരാണപാരായണവും നാമജപങ്ങളും ഹോമങ്ങളും ചെയ്യണം. അങ്ങനെ ചെയ്താൽ എല്ലാ ഐശ്വര്യങ്ങളും ലഭിക്കും. അന്ത്യകാലത്ത് സുഖമരണമാകുന്ന മോക്ഷം ലഭിക്കുമെന്നും പാപം നശിക്കുമെന്നും പറയുന്നു.
Post Your Comments