ബീജിംഗ് : ചൈനയുടെ ഉപ്പിട്ട ആയുധങ്ങള്‍ എന്ന പേരില്‍ വന്‍ വിനാശകാരിയായ ബോംബുകള്‍ ചൈന നിര്‍മ്മിച്ചിരിക്കുന്നു. ശീതയുദ്ധകാലത്ത് അമേരിക്കയും സോവിയറ്റ് യൂണിയനും വിചാരിച്ചിട്ട് നടക്കാതെ പോയവയാണ് ‘ഉപ്പിട്ട’ അണ്വായുധങ്ങളുടെ നിര്‍മാണം. എന്നാല്‍ ചൈനീസ് ഭരണകൂടം ഈ വിനാശകാരിയായ അണ്വായുധത്തിന് പിന്നാലെയാണെന്ന സൂചനകളാണ് ലോകത്തെ വീണ്ടും ആശങ്കപ്പെടുത്തുന്നത്. സാമ്പ്രദായിക അണ്വായുധങ്ങളെ അപേക്ഷിച്ച് പ്രകൃതിക്കും ജീവനും ദീര്‍ഘകാലത്തേക്ക് വിനാശം വരുത്താന്‍ ശേഷിയുള്ള ലോകാവസാനത്തെ ആയുധമെന്നാണ് ഉപ്പിട്ട അണ്വായുധങ്ങളെ വിശേഷിപ്പിക്കുന്നത്.
ബീജിങ്ങിലെ ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ വിദഗ്ധര്‍ പുറത്തുവിട്ട ഒരു ഗവേഷണ വിവരമാണ് ആശങ്കകള്‍ക്ക് പിന്നില്‍. റേഡിയോ ആക്ടീവ് ഐസോട്ടോപ്പായ ടാന്റലുമിന്റെ സൂപ്പര്‍ ഹീറ്റഡ് ബീമുകള്‍ വിജയകരമായി പരീക്ഷിച്ചുവെന്നാണ് ഗവേഷകര്‍ അറിയിച്ചത്. ഉപ്പിട്ട ബോംബുകള്‍ എന്ന് വിളിക്കുന്ന അത്യന്തം അപകടകാരികളായ ബോംബുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള അപൂര്‍വ ലോഹമാണ് ടാന്റലും.
ചൈനീസ് ഭരണകൂടത്തിന്റെ തന്ത്രപരമായ പ്രതിരോധ ആവശ്യമാണ് ഈ വിജയകരമായ പരീക്ഷണത്തിലൂടെ തങ്ങള്‍ സാധിച്ചതെന്നും ഗവേഷകര്‍ അവകാശപ്പെടുന്നുണ്ട്. സൈനികമായ ആവശ്യങ്ങളാണ് ഈ പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പറയുന്നുണ്ടെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ ഇവര്‍ നല്‍കുന്നില്ല. ഗ്രീക്ക് പുരാണത്തിലെ വില്ലന്‍ കഥാപാത്രത്തിന്റെ പേരായ ടാന്റലുസില് നിന്നാണ് ടാന്റലുമിന് പേര് ലഭിച്ചത്.
ഹംഗേറിയന്‍ അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞനായ ലിയോ സിലാര്ഡാണ് ആദ്യമായി ഈ ആശയം മുന്നോട്ടുവെച്ചത്. ആദ്യ അണ്വയുധം നിര്‍മിച്ച സംഘത്തിലും അംഗമായിരുന്നു ഈ ശാസ്ത്രജ്ഞന്. എന്നാല്‍ ഈ ഉപ്പിട്ട അണ്വായുധം ആശയത്തില്‍ മാത്രമായി ഒതുങ്ങി. വിജയകരമായി ഈ അണ്വായുധം പരീക്ഷിക്കാന്‍ ഒരു ലോകരാജ്യത്തിനും കഴിഞ്ഞിട്ടില്ല. എന്നാല്‍ ചൈനയുടെ പുതിയ നീക്കം ഉപ്പിട്ട അണ്വായുധം നിര്‍മിക്കാനാണെന്ന ഭീതിയാണ് വലിയൊരു വിഭാഗം പ്രതിരോധ വിദഗ്ധര്‍ക്കുള്ളത്.
ചൈന അത്തരം ഉപ്പിട്ട ആണവബോംബുകള്‍ നിര്‍മിച്ചാല്‍ ഇന്ത്യയടക്കമുള്ള അയല്‍രാജ്യങ്ങള്‍ക്ക് മാത്രമല്ല യൂറോപ്പിനും അമേരിക്കയ്ക്കും വരെ അത് ഭീഷണിയാകും. ചൈനയുടെ പക്കലുള്ള ഡോങ്ഫെങ് 41 മിസൈലുകളില്‍ ഈ അഅണ്വായുധം ഘടിപ്പിക്കാന്‍ കഴിയും. 12,000 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ളവയാണ് ഈ മിസൈലുകള്‍. ബ്രിട്ടനും അമേരിക്കയുമടക്കമുള്ള രാജ്യങ്ങള്‍ ഈ ദൂരപരിധിയില്‍ വരും. അതുകൊണ്ടുതന്നെ അതീവരഹസ്യമായ ചൈനീസ് പ്രതിരോധ പദ്ധതികളെ സൂഷ്മമായാണ് ലോകരാജ്യങ്ങള്‍ നിരീക്ഷിക്കുന്നത്.
Post Your Comments