തിരുവനന്തപുരം : അപകടത്തില്‍പ്പെട്ട ദമ്പതികളെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ചോര വാര്‍ന്നു നടുറോഡില്‍ കിടക്കുകയായിരുന്നു ദമ്പതികള്‍. ജനക്കൂട്ടം നോക്കി നില്‍ക്കുമ്പോഴാണ് മന്ത്രി ഇരുവരെയും തന്റെ ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചത്.പിന്നീട് ചികിത്സ ഉറപ്പാക്കിയ ശേഷമാണ് മന്ത്രി മടങ്ങിയത്.
വെള്ളിയാഴ്ച ചാക്ക ബൈപ്പാസിനു സമീപമായിരുന്നു അപകടം. നെയ്യാറ്റിന്‍കര സ്വദേശി കണ്ണനും ഭാര്യ ശ്രീജയും സഞ്ചരിച്ച സ്കൂട്ടര്‍ കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കഴക്കൂട്ടത്തെ ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം ഉച്ചഭക്ഷണത്തിന് വീട്ടിലേക്കു പോകും വഴി ചാക്കയില്‍ റോഡിലെ ഗതാഗതക്കുരുക്കും ആള്‍ക്കൂട്ടവും കണ്ടാണ് മന്ത്രി കാര്‍ നിര്‍ത്താന്‍ നിര്‍ദേശിച്ചത്. അപകടത്തില്‍പ്പെട്ടവരെ ഏറെ നേരമായിട്ടും ആശുപത്രിയിലെത്തിച്ചിട്ടില്ല എന്നറിഞ്ഞതോടെ അദ്ദേഹം അവിടെ ഇറങ്ങി.
ചോരയില്‍ കുളിച്ചു കിടക്കുകയായിരുന്ന ദമ്പതികളെ മന്ത്രിയും ഗണ്‍മാനും ചേര്‍ന്ന് താങ്ങിയെടുത്ത് ഔദ്യോഗിക വാഹനത്തില്‍ കയറ്റി. ഇതിനിടെ മൊബൈലില്‍ ചിത്രമെടുക്കാന്‍ ശ്രമിച്ചവരെ മന്ത്രി വിലക്കി. ദമ്പതികളെ പിന്‍സീറ്റില്‍ ഇരുത്തി മന്ത്രിയും ഗണ്‍മാനും മുന്‍സീറ്റിലിരുന്നാണ് ആശുപത്രിയിലെത്തിയത്. തലയില്‍ നിന്ന് ഏറെ രക്തം വാര്‍ന്നുപോയ ശ്രീജ ഗുരുതരാവസ്ഥയിലായിരുന്നു.
Post Your Comments