ചെന്നൈ: അനധികൃത പണമിടപാടു കേസിൽപെട്ട മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകനും കോൺഗ്രസ് നേതാവുമായ കാർത്തി ചിദംബരത്തിന് മദ്രാസ് ഹൈകോടതി വിദേശ സന്ദർശനത്തിന് അനുമതി നൽകി. യാത്രവിവരം സി.ബി.ഐക്ക് നൽകണം. ഇൗ മാസം28നകം മടങ്ങിയെത്തണം.
2007ൽ ഐ .എൻ.എക്സ് മീഡിയ കമ്പനിയിൽ 305 കോടി രൂപയുടെ വിദേശ നിക്ഷേപത്തിന് ചട്ടം മറികടന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചത് അക്കാലത്ത് കേന്ദ്രമന്ത്രിയായിരുന്ന പിതാവിന്റെ സ്വാധീനം ഉപയോഗിച്ചെന്ന ആരോപണമാണ് കാർത്തിക്കെതിരെയുള്ളത്. സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ കാർത്തിയും
മറ്റുള്ളവരും ഉൾപ്പെട്ടിട്ടുണ്ട്.നിരവധി കമ്പനികളുടെ ഉടമയും വൻ വ്യവസായിയുമായ കാർത്തിയുടെ വിദേശ സന്ദർശനത്തിന്റെ ലക്ഷ്യം വ്യാപാര സംബന്ധമായതാണെന്ന് സി.ബി.ഐക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ ജി. രാജഗോപാൽ കോടതിയെ അറിയിച്ചു.
രാജ്യം വിടുന്നത് തടയാൻ സി.ബി.ഐ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസിനെതിരെ കാർത്തി മദ്രാസ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. സി.ബി.ഐ യുടെ കടുത്ത എതിർപ്പിനെ മറികടന്നാണ് ചീഫ് ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് അബ്ദുൽ ഖുദുസ് എന്നിവരടങ്ങിയ ബെഞ്ച് ഇടക്കാല ഉത്തരവിട്ടത്.
ഇംഗ്ലണ്ടിൽനിന്നും മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമാണ് അനധികൃത കമ്പനികളിൽനിന്ന് നിക്ഷേപത്തിന് പണം എത്തിയിരിക്കുന്നത്. ആ രാജ്യങ്ങളിലെ കാർത്തിയുടെ സാന്നിധ്യം തെളിവു നശിപ്പിക്കുമെന്ന് സി.ബി.ഐ ഭയപ്പെടുന്നതായും അഭിഭാഷകൻ കോടതിയെ അറിയിച്ചു. അന്വേഷണ ഏജൻസിയുമായി സഹകരിക്കുമെന്ന കാർത്തിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
Post Your Comments