
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അരുണാചൽ സന്ദർശനത്തെ ചൈന എതിര്‍ത്തതിനു പിന്നാലെ മറുപടിയുമായി ഇന്ത്യ രംഗത്ത്.ഇന്ത്യയുടെ അവിഭാജ്യ ഘടകമാണു വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശ്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ ജനപ്രതിനിധികൾക്കും ജനങ്ങള്‍ക്കുമാണ് അവിടെ പോകാൻ അവകാശമെന്നും മന്ത്രാലയം വ്യക്തമാക്കി. ദക്ഷിണ ടിബറ്റിന്റെ ഭാഗമാണ് അരുണാചലെന്നാണു ചൈനയുടെ നിലപാട്.
ഇന്ത്യൻ നേതാക്കളുടെ സന്ദർശനം അതിർത്തിയിലെ പ്രശ്നങ്ങൾ രൂക്ഷമാക്കുകയേ ഉള്ളുവെന്നും ചൈന മുന്നറിയിപ്പു നൽകിയിരുന്നു. അരുണാചൽ പ്രദേശിനെ തങ്ങൾ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇവിടേക്കുള്ള ഇന്ത്യൻ നേതാക്കളുടെ സന്ദർശനത്തെ എന്നും എതിർക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് പറഞ്ഞിരുന്നു. എന്നാൽ ചൈനയുടെ എതിർപ്പു തള്ളി മോദി വ്യാഴാഴ്ച അരുണാചൽ സന്ദര്‍ശിച്ചിരുന്നു. അരുണാചലിൽ ഇന്ത്യൻ ഭരണാധികാരികളുടെ സന്ദർശനങ്ങളെ ചൈന എതിർക്കുന്നതു പതിവാണ്.
നവംബറിൽ പ്രതിരോധ മന്ത്രി നിർമല സീതാരാമനും ഡിസംബറിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദും സന്ദർശിച്ചപ്പോൾ രൂക്ഷപ്രതികരണവുമായി ചൈന രംഗത്തുവന്നിരുന്നു. 3,488 കിലോമീറ്റർ വരുന്ന മേഖലയിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ തർക്കം നിലനിൽക്കുന്നത്. കാശ്മീർ പ്രശ്നം പാകിസ്ഥാൻ ഉന്നയിക്കുന്നത് പോലെ തന്നെയുള്ള ഒരു സമ്മർദ്ദ തന്ത്രമാണ് ചൈനയും ഉയർത്തുന്നത്.
Post Your Comments