തിരുവനന്തപുരം•വ്യാജ വാർത്തകളുടെ പേരിൽ മാധ്യമങ്ങൾ അടയാളപ്പെടുത്തപ്പെടുന്നത് ജനാധിപത്യ സമൂഹത്തിനു തീരാക്കളങ്കമാമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അബുദാബി കിരീടാവകാശിയും യു.എ.ഇ യുടെ സഹസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പേരിൽ ഇന്ത്യൻ മാധ്യമങ്ങൾ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവം ഇന്ത്യക്കാർക്കാകെ അപമാനമായി മാറിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു ഹിന്ദു സംഘടന സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത അബുദാബി കിരീടാവകാശി ” ജയ് ശ്രീറാം” വിളിയോടെ പ്രസംഗം തുടങ്ങി എന്നാണു നമ്മുടെ രാജ്യത്തെ ചില പ്രമുഖ മാധ്യമങ്ങൾ വാർത്ത നൽകിയത്. അതിനെ സാധൂകരിക്കുന്ന വ്യാജ വീഡിയോകൾ വ്യാപകമായി പ്രചരിപ്പിച്ചു. “ചില സംഘടനകളുടെ രാഷ്ട്രീയ അജൻഡയുടെ ഭാഗമാണ്” അത്തരം പ്രചാരണം എന്ന് യു.എ.ഇയിലെ പ്രമുഖ മാധ്യമമായ ഗൾഫ് ന്യൂസ് വാർത്ത എഴുതേണ്ടിവന്നു.
വ്യാജ വാർത്തകൾ ഉൽപ്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ സജീവമാണ്. കേന്ദ്രത്തിൽ അധികാരം കയ്യാളുന്ന ബിജെപി യുടെ അഴിമതിയും വർഗീയ ഇടപെടലുകളും മൂടിവെക്കുകയും വർഗീയ അജണ്ടയെ പരിപോഷിപ്പിക്കുന്ന വാർത്തകൾ സൃഷ്ടിക്കുകയും ചെയ്യുന്നതാണ് മാധ്യമ ധർമ്മം എന്ന് വന്നിരിക്കുന്നു. ബിജെപി സർക്കാരിനും സംഘ പരിവാറിന്റെ വർഗീയ അജണ്ടകൾക്കും എതിരായ വാർത്തകൾക്ക് അദൃശ്യമായ സെൻസർഷിപ്പാണ് രാജ്യത്തു നിലനിൽക്കുന്നത്. പകരം നുണ ഉത്പാദിപ്പിച്ചു സംഘ പരിവാറിനെ പോഷിപ്പിക്കുന്ന മാധ്യമ സംസ്കാരമാണ് പ്രോത്സാഹിപ്പിക്കപ്പെടുന്നത്. അതിന്റെ ഉദാഹരണമാണ് യു എ ഇ കിരീടാവകാശിയെ തെറ്റായി ചിത്രീകരിക്കുന്ന വ്യാജ വീഡിയോയെന്നും അദ്ദേഹം പറഞ്ഞു.
You may also like: കേരളത്തിൽ കോൺഗ്രസുകാർ കൊല്ലപ്പെടുമ്പോൾ തൃപുരയിൽ രാഹുൽ ഗാന്ധി സി.പി.എമ്മിനൊപ്പം; പിണറായിയെ വിലക്കിയതും അതുകൊണ്ടുതന്നെ-മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു
2016 സെപ്തംബറിലെ ചടങ്ങുമായി ബന്ധപ്പെട്ടു തയാറാക്കിയ വ്യാജ വീഡിയോ പ്രധാനമന്ത്രി നരേന്ദ്ര മോഡി യു.എ.ഇ സന്ദർശിക്കുന്ന വേളയിലാണ് പ്രചരിപ്പിക്കപ്പെട്ടത്. അതിനു വലിയ പ്രചാരം നൽകിയപ്പോഴാണ് അധികൃതർക്കു വിശദീകരണവുമായി രംഗത്തെത്തേണ്ടി വന്നത്.
വ്യാജ വാർത്തയ്ക്കാധാരമായ പരിപാടിയിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തത് പോലും ഇല്ല എന്നാണു യു.എ.ഇ അധികൃതർ വിശദീകരിക്കുന്നത്. വീഡിയോയിലുള്ള വ്യക്തി മറ്റൊരാളാണ്. വ്യാജ വാർത്ത സൃഷ്ടിച്ച ഇന്ത്യൻ മാധ്യമങ്ങൾക്കെതിരെ ശക്തമായ ആക്ഷേപവുമായി ഗൾഫ് ന്യൂസ് ഉൾപ്പെടെയുള്ള യു എ ഇ യിലെ മാധ്യമങ്ങളും സമൂഹവും പ്രതികരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോഡിയുടെ സന്ദർശന വേളയിൽ ഇത്തരം വാർത്തകൾ പ്രചരിപ്പിച്ചത് രാഷ്ട്രീയ അജൻഡയുടെ ഭാഗമാണെന്നാണ് ഗൾഫ് ന്യൂസ് പറയുന്നത്.
ഇത് ഒറ്റപ്പെട്ട അനുഭവമല്ല. രാഷ്ട്രീയ മേലാളന്മാർക്കു അനുകൂലമായി വ്യാജ വാർത്ത സൃഷ്ടിക്കുന്നതും തെറ്റായ പ്രചാരണ ദൗത്യം ഏറ്റെടുക്കുന്നതും ഏകപക്ഷീയമായ സമീപനം രൂപപ്പെടുത്തുന്നതും ഇന്ത്യൻ കോർപ്പറേറ്റു മാധ്യമങ്ങളുടെ അജണ്ടയായി മാറിയിട്ടുണ്ട്. അത്തരം രീതി, വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാർക്കെതിരെ വികാരം സൃഷ്ടിക്കുന്ന തലത്തിലേക്ക് രൂക്ഷത പ്രാപിച്ചു എന്നതാണ് അബുദാബി അനുഭവം തെളിയിക്കുന്നത്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ തെറ്റായി ചിത്രീകരിക്കുന്ന വ്യാജ വീഡിയോ ഏതു അജണ്ടയുടെ ഭാഗമായാലും അപലപനീയമാണ്, തിരുത്തേണ്ടതാണ്. ഇത്തരം വിഷയങ്ങളിൽ മാധ്യമ പ്രവർത്തകരിൽ നിന്ന് തന്നെ പ്രതികരണം ഉണ്ടാകും എന്നാണു കരുതുന്നത്. ഇന്ത്യൻ മാധ്യമങ്ങൾ വ്യാജ പ്രചാരണം നടത്തുന്നു എന്ന് യു എ ഇ യിൽ നിന്ന് വരുന്ന ആക്ഷേപം രാജ്യത്തിനു തന്നെ അപമാനകരമാണ്. മാധ്യമ പ്രവർത്തന സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വ്യാജ വാർത്ത ചമയ്ക്കാനുള്ള സ്വാതന്ത്ര്യം വരുന്നില്ല.
ഈ വിഷയം മാധ്യമ മേഖലയിലും പരിമിതമെങ്കിലും സ്വയം തീരുമാനമെടുക്കാൻ അവകാശമുള്ള മാധ്യമ പ്രവർത്തകർക്കിടയിലും പൊതു സമൂഹത്തിലും തുറന്ന പരിശോധനയ്ക്കു വിധേയമാക്കേണ്ട വിഷയം ആണെന്ന് കരുതുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments