നഴ്‌സുമാരെ പൊതുവെ വിശേഷിപ്പിക്കുന്നത് ഭൂമിയിലെ മാലാഖമാര്‍ എന്നാണ്. ആ വിളിപ്പേരിനെ അന്വര്‍ത്ഥമാക്കുന്ന ജോലിയാണ് അവര്‍ ചെയ്യുന്നതും. രാവും പകലും വിശ്രമമില്ലാതെ രോഗികളെ ശുശ്രൂഷിക്കുന്ന ഇവരെ മാലാഖമാര്‍ എന്നല്ലാതെ വേറൊരു പേരും വിളിക്കാന്‍ സാധിക്കുകയുമില്ല. ഒരു ജീവന്‍ രക്ഷിക്കാന്‍ ഇത്രയും ഒക്കെ പ്രയ്തനങ്ങള്‍ ഇവര്‍ എടുത്തിട്ടും പല അവകാശങ്ങളും നിഷേധിക്കപ്പെടുകയാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിപ്പേരുള്ള കേരളത്തില്‍ തന്നെയാണ് മാലാഖമാര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നത്. ഇതിനെതിരെ സമാധാനത്തിന്റെ വെള്ളക്കുപ്പായം അണിഞ്ഞ ഇവര്‍ തെരുവില്‍ ഇറങ്ങേണ്ട അവസ്ഥ വരെ എത്തിയിരിക്കുകയാണ് .
തങ്ങളുടെ ജോലിക്കുള്ള തൃപ്തികരമായ ശമ്പളവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് കേരളത്തിലെ നഴ്‌സുമാരാണ് തെരുവില്‍ ഇറങ്ങിയത്. ഇത് മാത്രമല്ല ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ നിന്നും പിരിച്ചു വിട്ടവരെ ഉടന്‍ തിരിച്ചെടുക്കണമെന്നതാണ് പ്രധാന ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ഇവര്‍ സമരത്തിനിറങ്ങിയിട്ട് കുറച്ചു നാളുകളായി. ആവശ്യങ്ങള്‍ പരിഗണിക്കാം എന്ന വാക്കല്ലാതെ യാതൊരു നടപടിയും ഇല്ലാതായപ്പോഴാണ് വീണ്ടും ഇവര്‍ തെരുവിലിറങ്ങിയത്. ഇക്കുറി ഒറ്റയ്ക്കല്ല കേരളത്തിന്റെ എന്തിന് ഏറെ പറയുന്നു രാജ്യത്തിന് പുറത്ത് നിന്ന് പോലും ഇവര്‍ക്ക് പിന്തുണ അറിയിച്ച് നെഴ്‌സ്മാര്‍ കേരളത്തില്‍ എത്തുകയും തെരുവിലിറങ്ങുകയും ചെയ്തു.
ആദ്യം കണ്ട പ്രതിഷേധങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ രൂപത്തിലും ഭവത്തിലുമാണ് ഇപ്പോള്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരം. ചേര്‍ത്തല കെവിഎം ആശുപത്രിക്ക് മുന്നില്‍ മാസങ്ങളായി സമരത്തിലാണ് ഇവര്‍. സമരത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപക പണി മുടക്ക്, റോഡ് ഉപരോധിക്കല്‍ തുടങ്ങിയ പരിപാടികളിലേക്കും മാലാഖമാര്‍ നീങ്ങി. തങ്ങള്‍ക്ക് ഒരിക്കലും ചേരുന്നതല്ലെങ്കിലും കേരളത്തില്‍ ഇത്തരം സമര മുറകളേ രക്ഷയുള്ളു എന്നാണ് നഴ്‌സ്മാര്‍ പറയുന്നത്.
ചേര്‍ത്തലയില്‍ നടക്കുന്ന സമരത്തിന്റെ തുടര്‍ച്ചയായി നടത്തിയ സംസ്ഥാന വ്യാപക പണിമുടക്കില്‍ വിവിധ ജില്ലകളില്‍നിന്നുള്ള നഴ്‌സുമാര്‍ അണിനിരന്നു. ഗള്‍ഫില്‍ നിന്ന് പോലും നഴ്‌സുമാര്‍ സമരത്തിന് എത്തി. ചേര്‍ത്തലയിലെ ദേശീയ പാത മണിക്കൂറുകളോളം ഇന്നലെ സ്തംഭിച്ചിരുന്നു. അഞ്ചു ദിവസം മുന്‍പു നഴ്‌സുമാര്‍ ചേര്‍ത്തലയില്‍ നടത്തിയ സമരത്തിനു നേരെ പൊലീസ് ലാത്തിവീശിയതില്‍ പ്രതിഷേധിച്ചുള്ള സംസ്ഥാന വ്യാപക പണിമുടക്കും പൂര്‍ണ്ണമായിരുന്നു.
പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു യുഎന്‍എ സംസ്ഥാന ജനറല്‍ സെക്രട്ടറി സുജനപാല്‍ ഏഴു ദിവസമായി നിരാഹാര സമരത്തിലാണ്. പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ ഏഴിന് 24 മണിക്കൂര്‍ രാപകല്‍ സമരവും തുടങ്ങി. ഉച്ചയ്ക്കു ശവപ്പെട്ടി വഹിച്ചു പ്രതിഷേധജാഥ നടത്തി. തുടര്‍ന്നു നടന്ന പ്രതിഷേധ സമ്മേളനം യുന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ ഉദ്ഘാടനം ചെയ്തു. സമരപ്പന്തലിലേക്കു രാവിലെ മുതല്‍ കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെയുള്ള നഴ്‌സുമാരെത്തി. മാത്രമല്ല മുംബൈ, ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളില്‍നിന്നും ഗള്‍ഫ് രാജ്യങ്ങളിലെ യുഎന്‍എ പ്രതിനിധികളും എത്തി.
സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചു സംസ്ഥാന വ്യാപകമായി അനിശ്ചിതകാല പണിമുടക്കിനു ഇന്നു നോട്ടിസ് നല്‍കുമെന്ന് യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ ഷാ അറിയിച്ചു.
അതിനിടെ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. ആശുപത്രികള്‍ വ്യവസായ തര്‍ക്ക നിയമത്തിന്റെ കീഴിലുള്ള പൊതു ഉപയോഗ സ്ഥാപനങ്ങളുടെ ഗണത്തില്‍ പെടുമോ എന്ന് കോടതി ആരാഞ്ഞു. ആരോഗ്യ സേവന മേഖലയില്‍ തടസ്സം ഉണ്ടാകുന്നില്ലെന്നു സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും കേരള അവശ്യസേവന നിയമം (കെസ്മ) അനുസരിച്ചു നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് സമര്‍പ്പിച്ച ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്.
ചട്ടങ്ങള്‍ പാലിക്കാതെ സമരം ചെയ്ത നഴ്‌സുമാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നു കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ (കെപിഎച്ച്എ) അറിയിച്ചു. ഇതു സംബന്ധിച്ചു ഹൈക്കോടതിയുടെ ഉത്തരവുണ്ടെന്നും കെപിഎച്ച്എ നേതൃത്വം അറിയിച്ചു.
എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ആശുപത്രികളിലെ അത്യാവശ്യ വിഭാഗങ്ങളിലെ നഴ്‌സുമാരെ ഉള്‍പ്പെടുത്താതെയാണ് സമരം നടക്കുന്നത്. ആശുപത്രിയിലെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കാത്ത രീതിയിലാണിത്. അതിനാല്‍ തന്നെ ഈ സമരങ്ങള്‍ ജന പിന്തുണയും ഏറുന്നുണ്ട്.
നില്‍ ബോസ് കടുത്തുരുത്തി
Post Your Comments