Latest NewsNewsIndia

ഭാര്യയെ തേടി സൈക്കിളില്‍ 600 കിലോമീറ്റര്‍, ഒടുവില്‍ യുവാവിന് സംഭവിച്ചത്

ജംഷഡ്പുര്‍: കാണാതായ ഭാര്യയെ തേടി യുവാവ് സൈക്കിളില്‍ സഞ്ചരിച്ചത് 600 കിലോമീറ്റര്‍. 24 ദിവസം തുടര്‍ച്ചയായി സൈക്കിള്‍ ചവിട്ടിയാണ് മനോഹര്‍ നായിക് എന്ന ഝാര്‍ഖണ്ഡുകാരന്‍ ഭാര്യയെ തേടിയത്. ഒടുവില്‍ പശ്ചിമ ബംഗാളില്‍ നിന്നും ഇദ്ദേഹത്തിന് ഭാര്യയായ അനിതയെ കണ്ടെത്താനായി. ഝാര്‍ഖണ്ഡിലെ മുസിബാനിയിലുള്ള ബലിഗോഡ ഗ്രാമത്തില്‍നിന്നുയാത്ര തിരിച്ച മനോഹര്‍ നായിക് ദിവസം 25 കിലോമീറ്റര്‍ വീതമാണു സൈക്കിളില്‍ സഞ്ചരിച്ചത്. പിന്നിട്ടത് 65 ഗ്രാമങ്ങള്‍.

ജനുവരി 14 ന് പശ്ചിമബംഗാളിലെ കുമ്രസോള്‍ ഗ്രാമത്തിലുള്ള മാതാപിതാക്കളുടെ വീട്ടില്‍ നിന്നാണ് അനിതയെ കാണാതായത്. അവിടെ മകരസംക്രാന്തി ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ഭാര്യ. കാണാതായതിനെപ്പറ്റി ബലിഗോഡ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകാതിരുന്നതിനെത്തുടര്‍ന്നാണു മനോഹര്‍ സ്വന്തം നിലയില്‍ അന്വേഷണം തുടങ്ങിയത്.

പഴയ സൈക്കിള്‍ നന്നാക്കിയെടുത്ത് ഗ്രാമങ്ങള്‍ തോറും ചുറ്റിസഞ്ചരിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് ഒരു ബംഗാളി ദിനപ്പത്രത്തില്‍ പരസ്യം നല്‍കി. ഇതു ഫലം ചെയ്തു. അനിതയുടെ ഫോട്ടോ കണ്ട ചിലര്‍ അവരെ ബംഗാളിലെ ഘരക്പൂരില്‍ വഴിയരികിലെ ഒരു ഭക്ഷണശാലയില്‍ കണ്ടെത്തി.

വിവരമറിഞ്ഞ ഘരക്പൂര്‍ പോലീസ് ഇക്കാര്യം മസുബാനി പോലീസിനെ അറിയിച്ചു. വാട്ട്‌സ്ആപ്പ് വഴി അനിതയുടെ ചിത്രവും അയച്ചു നല്‍കി. ഉടന്‍തന്നെ മസുബാനി സ്ഥിരീകരണത്തിനായി മനോഹറിനെ വിളിച്ചുവരുത്തി. ഈ മാസം പത്തിന് ദമ്പതികള്‍ വീണ്ടും ഒന്നിച്ചെന്നും പിറ്റേന്നുതന്നെ വീട്ടിലെത്തിയെന്നും പോലീസ് അറിയിച്ചു.

shortlink

Post Your Comments


Back to top button