ആലപ്പുഴ: ജില്ലയിലെ ഒരു താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ 21 വയസ്സുകാരനു വേഗം പടരുന്നതും അപൂര്‍വവുമായ ഹിസ്റ്റോയ്ഡ് കുഷ്ഠരോഗം (ഹിസ്റ്റോയിഡ് ഹാന്‍സന്‍) സ്ഥിരീകരിച്ചു. ഈ രോഗത്തിന്റെ ഭയാനകതയിൽ ഡോക്ടർമാർ ആശങ്കയിലാണ്. ഹിസ്റ്റോയ്ഡ് കുഷ്ഠരോഗം ബാധിക്കുന്നവരില്‍ സാധാരണ കുഷ്ഠരോഗം പോലെ സ്പര്‍ശന ശേഷി നഷ്ടപ്പെടുകയോ വെളുത്ത പാടുകള്‍ പ്രത്യക്ഷപ്പെടുകയോ ഇല്ല. നിമിഷ നേരം കൊണ്ട് ശരീരത്തെ കാര്‍ന്ന് തിന്നും. ബാക്ടീരിയ വഴി പെട്ടെന്നു പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതാണ് ഈ രോഗമെന്നു വിദഗ്ദ്ധര്‍ പറയുന്നു.
രോഗബാധിതരില്‍ നിന്നു വായുവിലൂടെയാണു രോഗാണുക്കള്‍ മറ്റുള്ളവരിലേക്കെത്തുക. രോഗികള്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും രോഗാണുക്കള്‍ അന്തരീക്ഷത്തിലേക്കു പടരാം. രോഗികള്‍ എത്രയും വേഗം ചികിത്സ തേടുകയാണു പ്രധാനം. മുഖത്തെ തടിപ്പുമായെത്തിയ യുവാവിന്റെ രോഗലക്ഷണങ്ങളില്‍ സംശയം തോന്നിയാണു വിശദപരിശോധന നടത്തിയത്. പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. കൃത്യമായി മരുന്നു കഴിച്ചാല്‍ പൂര്‍ണമായും ചികിത്സിച്ചു മാറ്റാവുന്ന രോഗമാണിത് എന്നതാണ് ഡോക്ടർമാർക്ക് ആശ്വാസം നൽകുന്നത്.
വളരെ വേഗത്തിൽ പടർന്നു പിടിക്കുന്ന രോഗമായതിനാൽ രോഗിയുമായി ഇടപെടുന്നവരിലും താമസിക്കുന്ന പ്രദേശത്തും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ ലെപ്രസി ഓഫിസര്‍ അറിയിച്ചു.കേരളത്തില്‍ നിന്നും തുടച്ചു നീക്കിയ മഹാമാരി വീണ്ടും തലപൊക്കുന്നതിൽ ആശങ്കയിലാണ് ആരോഗ്യ വകുപ്പ്. ശുചിത്വത്തിലൂടെയും ആരോഗ്യബോധവത്കരണത്തിലൂടെയും ഇല്ലാതായ കോളറ, കേരളത്തില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളിലാണ് അടുത്തിടെ സ്ഥിരീകരിച്ചത്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശൂര്‍ എന്നീ ജില്ലകളില്‍ കോളറ രോഗം കണ്ടെത്തിയിട്ടുമുണ്ട്.
കേരളത്തില്‍ നിന്നും പൂര്‍ണമായും നിര്‍മ്മാര്‍ജനം ചെയ്യപ്പെട്ടു എന്ന് അവകാശപ്പെട്ടിരുന്ന രോഗങ്ങള്‍ ഓരോന്നായി തിരികെയെത്തുകയാണ്.മലേറിയ, ഡിഫ്തിരിയ തുടങ്ങി വര്‍ഷങ്ങളായി ഇല്ലാത്തായ രോഗങ്ങള്‍ വരെ അടുത്തിടെ സംസ്ഥാനത്ത് പലയിടത്തും കണ്ടെത്തിയിട്ടുണ്ട്. ജില്ലയില്‍ കുഷ്ഠരോഗ നിര്‍മ്മാര്‍ജന പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ മൂന്നു പേര്‍ക്കു സാധാരണ കുഷ്ഠരോഗം കണ്ടെത്തിയതായി ജില്ലാ ലെപ്രസി ഓഫിസര്‍ പറഞ്ഞു.
അപൂര്‍വമായി മാത്രം കാണപ്പെടുന്ന ഹിസ്റ്റോയ്ഡ് കുഷ്ഠരോഗം ഒരാള്‍ക്കു മാത്രമേ പിടിപെട്ടതായി വിവരമുള്ളൂ. സാധാരണ കുഷ്ഠരോഗത്തിനു സ്പര്‍ശന ശേഷി നഷ്ടപ്പെടല്‍, ശരീരത്തില്‍ പാടുകള്‍ പ്രത്യക്ഷപ്പെടല്‍ തുടങ്ങിയ ലക്ഷണങ്ങളാണെങ്കില്‍ ഹിസ്റ്റോയ്ഡ് കുഷ്ഠരോഗത്തിനു കുരുക്കള്‍ പ്രത്യക്ഷപ്പെടലാണു പ്രധാന ലക്ഷണം. അതുകൊണ്ടുതന്നെ തിരിച്ചറിയാന്‍ വൈകും.
പ്രതീകാത്മക ചിത്രം :
Post Your Comments