വെറും നാനൂറ് രൂപയ്ക്ക് കാന്‍സറിന് മരുന്ന് നല്‍കുന്നിടമാണ് കര്‍ണാടകയിലെ ഷിമോഗിലുള്ള ചികിത്സാ കേന്ദ്രം. സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരണം ഉണ്ടായ ഈ ചികിത്സയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. നിരവധി പേരാണ് ഇപ്പോഴും ഇവിടെ ചികിത്സയ്ക്ക് എത്തുന്നത്. രോഗിയെ കാണാതെയാണ് ഇവിടെ ചികിത്സ, ഇത്തരത്തില്‍ നടത്തുന്ന ചികിത്സയുടെ അശാസ്ത്രിയതയും എന്തുകൊണ്ട് ഇതൊരു വ്യാജ ചികിത്സയെന്നും വ്യക്തമാക്കുകയാണ് ഡോ. നെല്‍സണ്‍ ജോസഫ്.
ഡോ. നെല്‍സണ്‍ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പ്:
ഷിമോഗയിലെ കാന്‍സര്‍ ചികില്‍സയെക്കുറിച്ച് മുന്‍പ് എഴുതിയിട്ടുണ്ട്. ഇപ്പൊ വീണ്ടും എഴുതാനുള്ള കാരണം ഇന്നലെ കണ്ട ഒരു പോസ്റ്റാണ്.
ഇന്നലെ കിടക്കാന്‍ നേരം നോക്കുമ്പോള്‍ ആ പോസ്റ്റിന്ന് 81,000ല്‍ പരം ഷെയറുകളുണ്ട്. എന്നാല്‍ ഇപ്പോള്‍ , ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം പോസ്റ്റിന്റെ ഷെയറുകളുടെ എണ്ണം 82,582 ആണ്. അത്രയധികം പേര്‍ മണിക്കൂറുകള്‍ കൊണ്ട് വഞ്ചിക്കപ്പെടുമ്പൊ എഴുതാതിരിക്കാന്‍ പറ്റില്ല..
പോസ്റ്റ് എഴുതിത്തീരുമ്പൊ ഷെയര്‍ 82,692. ഇതുതന്നെയാണ് കുഴപ്പവും. ഈ പോസ്റ്റ് മുഴുവന്‍ വായിക്കുന്നവര്‍ ഈ പോസ്റ്റ് എഴുതുന്ന സമയം കൊണ്ട് വന്ന ഷെയറിന്റെ അത്ര പോലും കാണില്ല..വായിക്കുന്നവരില്‍ മിക്കവരും വായിക്കുക മാത്രമായിരിക്കും ചെയ്യുന്നതും .അതുകൊണ്ടുതന്നെ ഇത് എത്തുന്നത് വളരെ ചുരുക്കം പേരിലാകും…മറ്റേത് ദശലക്ഷങ്ങളിലും
ആ പോസ്റ്റില്‍ത്തന്നെ കാണാം അവിടെപ്പോയി മരുന്നുകഴിച്ച് ആയുസെത്തുന്നതിനു മുന്‍പേ മരിച്ചുപോയ നൂറുകണക്കിനാള്‍ക്കാരുടെ അനുഭവങ്ങള്‍. എന്നിട്ടും ആള്‍ക്കാര്‍ ഇപ്പൊഴും ചെന്ന് വീണുകൊണ്ടിരിക്കുകയാണ് തട്ടിപ്പില്‍.
കാന്‍സര്‍ ഒരൊറ്റ രോഗമല്ല എന്നതാണ് ആദ്യമായി തിരിച്ചറിയേണ്ട കാര്യം. വിവിധ ശരീരഭാഗങ്ങളില്‍ വരുന്നതനുസരിച്ച് ചികില്‍സയും സര്‍വൈവല്‍ റേറ്റുമടക്കം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. അങ്ങനെയുള്ളപ്പോഴാണ് ഷിമോഗയില്‍ നിന്ന് കാന്‍സര്‍ രോഗിയെയോ അയാളുടെ പരിശോധനാഫലമോ കാണാതെ തന്നെ ഒരു പൊടി കൊടുത്ത് ചികില്‍സിക്കാമെന്ന് പറഞ്ഞ് ഇറങ്ങുന്നത്.
അതായത് ഏത് പൂട്ടും തുറക്കാന്‍ ഒരു താക്കോല് മതീന്ന്..ആ താക്കോല്‍ ഉണ്ടാക്കിക്കൊടുക്കുന്നതോ, പൂട്ട് പോലും കാണാതെ.. ആ ഒരൊറ്റക്കാരണം കൊണ്ട് തന്നെ ഇത് തട്ടിപ്പാണെന്ന് ഉറപ്പിക്കാം..
പോസ്റ്റില്‍ ഒട്ടനവധി പ്രശ്‌നങ്ങളുണ്ട് : ഓരോന്നായി പരിശോധിക്കുകയാണിവിടെ
1. ആദ്യം പണത്തിനുവേണ്ടിയല്ല ചികില്‍സിക്കുന്നത് എന്ന വാദം നമുക്ക് നോക്കാം. അദ്ദേഹം തന്നെ പറഞ്ഞത് 800 പേര്‍ അവിടെയുണ്ടായിരുന്നെന്നാണ്. ഒരാള്‍ നല്‍കുന്നത് 400രൂപ. അപ്പൊ ഒരു ദിവസത്തെ വരുമാനം 3,20,000. മൂന്ന് ലക്ഷം രൂപ. അതും പ്രത്യേകിച്ച് ഫലമൊന്നും തെളിയിക്കാത്ത, രോഗിയെ കാണുകപോലും ചെയ്യാത്ത ചികില്‍സ. അല്ല. . .തട്ടിപ്പ്. ആഴ്ചയില്‍ രണ്ട് ദിവസമാണു ചികില്‍സയെങ്കില്‍ ഒരാഴ്ച 6.4 ലക്ഷം.വര്‍ഷം 3.3 കോടി. രസീതും കൃത്യമായ കണക്കുമൊന്നുമില്ലാത്ത പണമാണെന്നും ഓര്‍ക്കണം.
2. രോഗം പൂര്‍ണ്ണമായും മാറിയവരെയാരെയും അവിടെ കണ്ടില്ലെന്ന് അദ്ദേഹം പറയുന്നുണ്ട്. (രോഗം മാറിയവര്‍ക്ക് ക്യൂവില്‍ നില്‍ക്കേണ്ടല്ലോയെന്ന് മറുവാദവും). മരിച്ചവരെയും കണ്ടുകാണാന്‍ വഴിയില്ല. അവരും ക്യൂവില്‍ നില്‍ക്കില്ലല്ലോ. അതായത് അദ്ദേഹത്തിനു പോലും രോഗം പൂര്‍ണമായി സുഖപ്പെട്ടുവെന്നോ ആ ചികില്‍സ കൊണ്ട് ആര്‍ക്കും ഒരു പാര്‍ശ്വഫലവും ഉണ്ടാകുന്നില്ലെന്നും പറയാന്‍ കഴിയുകയില്ല.
3. രോഗത്തിന് പ്രകടമായ ശമനം നല്‍കുന്നവര്‍ക്കൊപ്പമാണ് ജനം നില്‍ക്കേണ്ടത് എന്നാണ് അദ്ദേഹത്തിന്റെ വാദം. അത്തരത്തില്‍ തെളിയിക്കപ്പെട്ട ഒരേയൊരു ചികില്‍സാരീതിയേ ഉള്ളൂ ഇന്ന്. അത് മോഡേണ്‍ മെഡിസിനാണ്. ഷിമോഗയിലെ വില്‍പ്പനക്കാരന്‍ രോഗത്തിന് പ്രകടമായ ശമനം നല്‍കി എന്ന് അദ്ദേഹം വാദിക്കുന്നു. പക്ഷേ അത് അയാളുടെ പൊടികൊണ്ടാണെന്ന് എന്താണുറപ്പ്?
കാന്‍സറാണെന്ന് ഡയഗ്‌നോസ് ചെയ്തത് അയാളായിരിക്കില്ല എന്ന് ഞാന്‍ കരുതുന്നു. കാന്‍സറാണെന്ന് കണ്ടെത്താന്‍ രോഗിയെയുമായല്ല ഇപ്പറഞ്ഞിടത്തേക്ക് ആരെങ്കിലും പോകുന്നതും.മെഡിക്കല്‍ റിപ്പോര്‍ട്ടുമാെക്കെയായിട്ടാണ് മിക്ക ആളുകളും അവിടെ എത്തിയത്. എന്നാല്‍ അതൊന്നും നോക്കിയിരുന്നില്ല…ആളിന്റെ പ്രായം, രോഗത്തിന്റെ അവസ്ഥ… ഇവയൊക്കെയാണ് ചോദിച്ചത് എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്.
അപ്പോള്‍ മറ്റെവിടെയോ കാന്‍സര്‍ കണ്ടെത്തിയിരിക്കുന്നു. അവിടെ ചികില്‍സയും നടത്തിയിട്ടുണ്ടാവണം, നടത്തുന്നുണ്ടാവണം. ആ ചികില്‍സയുടെ ഫലമല്ല താന്‍ കണ്ടതെന്ന് എങ്ങനെ ഉറപ്പിച്ച് പറയാനാകും?
ഇനി വാര്‍ത്തയ്‌ക്കെതിരെ പ്രതിഷേധിച്ചവര്‍ ഉയര്‍ത്തിയ ചോദ്യങ്ങളെന്ന് അദ്ദേഹം പറയുന്നവയിലേക്ക്.
1. ആയുര്‍വേദ മരുന്ന് കൊണ്ട് എങ്ങനെ കാന്‍സര്‍ പോലെ ഒരു രോഗം ഭേദമാകും?
ആയുര്‍വേദ മരുന്നാണ് അയാള്‍ കൊടുക്കുന്നതെന്ന് സുഹൃത്ത് എങ്ങനെ ഉറപ്പിച്ചു? പ്രമുഖ കല്ല് ചികില്‍സകന്‍ നല്‍കുന്ന ‘ആയുര്‍വേദ മരുന്ന്’ എപ്‌സം സാള്‍ട്ടും എണ്ണയും നാരങ്ങാനീരുമാണെന്ന് ഇപ്പൊ അങ്ങാടിപ്പാട്ടാണ്.
പിന്നെ, ആയുര്‍വേദം കൊണ്ട് കാന്‍സര്‍ ഭേദമാകില്ല എന്നല്ല പറഞ്ഞത്. ആയുര്‍വേദം കൊണ്ട് കാന്‍സര്‍ ഭേദമാക്കാമെന്ന് ( ഏത് കാന്‍സര്‍, ഏത് സ്റ്റേജ്, എന്ത് ചികില്‍സ എന്നിങ്ങനെ ) അവര്‍ തെളിയിച്ചിരുന്നെങ്കില്‍ നന്നായിരുന്നേനെ എന്നേ പറഞ്ഞുള്ളു.
2. രോഗിയെ കാണാതെയും രോഗം സ്ഥിരീകരിക്കാതെയും എങ്ങനെ ചികില്‍സ നടത്തും.
വളരെ വാലിഡായ ഒരു ചോദ്യമാണിത്. കാന്‍സറിന്റെ രോഗലക്ഷണങ്ങള്‍ കാന്‍സറിനു മാത്രമായിട്ടുള്ളവ ആയിരിക്കണമെന്നില്ല. ഓരോ സ്റ്റേജനുസരിച്ചും വിവിധ ഇടങ്ങളിലെ കാന്‍സറുകളനുസരിച്ചും ചികില്‍സകള്‍ മാറാം.ആ ഒരൊറ്റക്കാരണത്താല്‍ തന്നെ ഷിമോഗ ഒരു വന്‍ തട്ടിപ്പാണ്.
എല്ലാവരെയും രോഗികളാക്കിയ ശേഷം ചികില്‍സിക്കുകയാണെന്ന് അവകാശപ്പെടുന്ന അദ്ദേഹം തന്നെ അത് ചെയ്യുന്നത് ആരാണെന്ന് വ്യക്തമാക്കണമെന്നേ എനിക്ക് പറയാനുള്ളൂ. ഇത് ബിസിനസായിരുന്നെങ്കില്‍ നാട് നീളെ ബ്രാഞ്ചുകളുണ്ടാകുമായിരുന്നേനെ അല്ലാത്തത് കൊണ്ട് ഇത് ബിസിനസ് അല്ല എന്ന് അദ്ദേഹം വാദിക്കുന്നു. ഇതും മറ്റൊരുതരം ബിസിനസാണ്.
ഇത് ബിസിനസ് അല്ലായിരുന്നെങ്കില്‍ തന്റെ കയ്യിലുള്ള അദ്ഭുത മരുന്നുകൂട്ട് എന്താണെന്ന് അദ്ദേഹം ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തിയേനെ. പേറ്റന്റ് സ്വന്തമാക്കാമായിരുന്നു താനും. പെനിസിലിന്‍ കണ്ടെത്തിയപ്പൊഴോ വസൂരിയുടെ വാക്‌സിന്‍ കണ്ടെത്തിയപ്പൊഴോ അവര്‍ അവിടെച്ചെന്ന് അവരുടെ മുന്നില്‍ ക്യൂ നില്‍ക്കുന്ന രോഗികളെ മാത്രം ചികില്‍സിക്കുകയായിരുന്നെങ്കില്‍ ഇന്ന് ഈ പോസ്റ്റിടാന്‍ ഞാനോ വായിക്കാന്‍ നിങ്ങളോ ഒരുപക്ഷേ ഉണ്ടാകില്ലായിരുന്നു.
കര്‍ണാടകയിലെ ഒരു കുഗ്രാമത്തില്‍ ഒരു സാധാരണക്കാരന് ഉണ്ടാക്കാന്‍ പറ്റുന്ന മരുന്ന് കേരളത്തിലും തമിഴ്‌നാട്ടിലും ലോകത്തെവിടെയും ഉണ്ടാക്കാം. അങ്ങനെ കാന്‍സര്‍ ഇല്ലാത്ത ലോകവും സൃഷ്ടിക്കാമായിരുന്നല്ലോ.
പക്ഷേ അതിനു വെറുതെ കഴിയില്ല. പഠനങ്ങള്‍ നടത്തേണ്ടിവരും. മരുന്ന് എന്താണെന്ന് വെളിപ്പെടുത്തേണ്ടിവരും. അപ്പൊ മാജിക് ട്രിക്കിന്റെ ആയുസും തീരും. ബിസിനസ് അവസാനിക്കും
തട്ടിപ്പ് തട്ടിപ്പാണെന്ന് അറിയാന്‍ വണ്ടിക്കൂലി മുടക്കി അത്രടം വരെ പോകേണ്ടതില്ല.
Post Your Comments