Latest NewsKeralaNews

മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ കണ്ണൂരില്‍ ചുവപ്പ് ഭീകരതയുടെ തേര്‍വാഴ്ച: രമേശ് ചെന്നിത്തല :സിപിഐഎമ്മിന് പങ്കില്ലെന്ന് പി ജയരാജന്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ളോക്ക് സെക്രട്ടറി ഷൂഹൈബിനെ സിപിഎം അക്രമികള്‍ വെട്ടിക്കൊന്ന സംഭവം മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ചുവപ്പ് ഭീകരതയുടെ തേര്‍വാഴ്ചയാണ് കണ്ണൂരില്‍ നടക്കുന്നത്. പൊലീസിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ നിയമവാഴ്ചയെ സിപിഎം കൈയ്യിലെടുത്തിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം 21 രാഷ്‌ട്രീയ കൊലപാതകങ്ങളാണ് കണ്ണൂരില്‍ അരങ്ങേറിയത്. മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെയുള്ള ഭീകര പ്രവര്‍ത്തനമാണ് കണ്ണൂരില്‍ സിപിഎം നടത്തുന്നത്. ഷൂഹൈബിന്റെ നിഷ്‌ഠൂരമായ കൊലപാതകം ഞെട്ടിപ്പിക്കുന്നതും, വേദനിപ്പിക്കുന്നതുമാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആത്മസംയമനം കൈവെടിയരുതെന്നും രമേശ് ചെന്നിത്തല അഭ്യര്‍ത്ഥിച്ചു.

അതെ സമയം മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ സിപിഐഎമ്മിന് പങ്കില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു.കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു എന്നും സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും പി ജയരാജന്‍ പറഞ്ഞു.

കാറിലെത്തിയ നാലംഗ സംഘം തട്ടുകടയില്‍ ഇരുന്ന പറമ്പത്ത്  വീട്ടില്‍ ഷുഹൈബ് (29) നെയും സുഹൃത്തുക്കളെയും ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button