തിരൂര്‍ : വിലകൂടിയ ഫോണുകള്‍ വാങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിയ്ക്കണമെന്ന് നിര്‍ദേശം.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു മോഷ്ടിച്ച വിലകൂടിയ മൊബൈല്‍ ഫോണുകള്‍ തിരൂരിലെത്തിച്ചു വില്പന സജീവം. മോഷ്ടിച്ച ഫോണുകളാണെന്ന് അറിയാതെ വാങ്ങുന്ന കച്ചവടക്കാരും വലിയ വിലനല്‍കി ഫോണ്‍ വാങ്ങിക്കുന്ന ഉപഭോക്താക്കളും വെട്ടിലാകുന്നു. ഫോണ്‍ വാങ്ങി ഉപയോഗിച്ചുകൊണ്ടിരിക്കെയാണു പലര്‍ക്കും വിവരങ്ങള്‍ അന്വേഷിച്ച് പൊലീസിന്റെ വിളി വരുന്നത്.
ഉപയോഗിക്കുന്ന ആള് മോഷ്ടിച്ചതാണെന്ന രീതിയിലാണ് പൊലീസിന്റെ ചോദ്യംചെയ്യല്‍. കൂടാതെ ഫോണ്‍ ദൂരസ്ഥലങ്ങളിലുള്ള സ്റ്റേഷനില്‍ എത്തിക്കണമെന്നും ആവശ്യപ്പെടുന്നതോടെ വാങ്ങിയവര്‍ കുടുങ്ങും. പൊലീസ് അന്വേഷണം നടത്തുന്നതോടെ ഫോണ്‍ വാങ്ങിയവര്‍ കച്ചവടക്കാരെ സമീപിച്ച് പണം തിരിച്ചു നല്‍കണമെന്നാവശ്യപ്പെടുന്നതും പരാതി നല്‍കുന്നതും സ്ഥാപന ഉടമകള്‍ക്കെതിരെയും കേസിനു കാരണമാകുന്നു.
ഫോണ്‍ നഷ്ടപ്പെട്ടവര്‍ പൊലീസില്‍ പരാതി നല്‍കുന്നതോടെ സൈബര്‍സെല്ലിന്റെ സഹായത്താലാണ് കണ്ടെത്തുന്നത്. ഉപയോഗിച്ച മൊബൈല്‍ ഫോണുകളുടെ സംസ്ഥാനത്തെ പ്രധാന വില്പന കേന്ദ്രമായ തിരൂരില്‍ മോഷണഫോണുകള്‍ എളുപ്പത്തില്‍ വില്ക്കാനാകുന്നതായി പൊലീസ് പറഞ്ഞു. മോഷണ സാധനങ്ങളുടെ കൈമാറ്റം വര്‍ധിച്ചതോടെ തിരൂരിലെ മിക്ക സ്ഥാപനങ്ങളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു തുടങ്ങി. തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റില്‍ കവര്‍ച്ച ചെയ്ത ഫോണുകള്‍ വില്പന നടത്തിയവരെക്കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി.
Post Your Comments