Latest NewsIndiaNews

രാഹുല്‍ ഗാന്ധിയുടെ വാദം പൊളിയുന്നു; റാഫേല്‍ ഇടപാടില്‍ യുപിഎ കരാറിനേക്കാള്‍ രാജ്യത്തിന് ലാഭം എന്‍ഡിഎ കരാറില്‍, മോഡി രാജ്യത്തിന് നേടിക്കൊടുത്തത് 2.2 ബില്യണ്‍ യൂറോ എന്ന് പ്രതിരോധ മന്ത്രാലയം

ന്യൂഡല്‍ഹി: മോഡി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വലിയ അഴിമതി ആരോപണമാണ് റാഫേല്‍ ഇടപാട്. എന്നാല്‍ ഈ ഇടപാടില്‍ യാതൊരു തട്ടിപ്പും നടന്നിട്ടില്ലെന്നും മറിച്ച് യുപിഎ സര്‍ക്കാരിന്റെ ഉടമ്പടിയില്‍ നിശ്ചയിച്ചതിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് വിമാനങ്ങള്‍ എന്‍ഡിഎ സര്‍ക്കാര്‍ വാങ്ങുന്നതെന്നുമാണ് പുതിയ വിവരം. പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇത് റിപ്പോര്‍ട്ട് ചെയ്തുവെന്ന് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മോഡി സര്‍ക്കാര്‍ വലിയ അഴിമതി കാട്ടിയെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്തേക്കാള്‍ പത്ത് ദശലക്ഷം യൂറോ കുറവ് വിലയ്ക്കാണ് മോഡി സര്‍ക്കാര്‍ ഫ്രാന്‍സുമായി റാഫേല്‍ കരാര്‍ ഒപ്പിട്ടതെന്നാണ് വിവരം. റാഫേല്‍ കരാറില്‍ മോഡി ഒപ്പിട്ടതോടെ 36 അത്യാധുനിക യുദ്ധ വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്തെ ഉടമ്പടിയില്‍ 126 മീഡിയം മള്‍ട്ടി റോള്‍ കോമ്പാറ്റ് എയര്‍ക്രാഫ്റ്റുകള്‍ (എംഎംആര്‍സിഎ) വാങ്ങാനായിരുന്നു പദ്ധതി. ഒരു വിമാനത്തിന്റെ ബേസ് മോഡലിന്റെ വില പരിശോധിച്ചാല്‍ മന്മോഹന്റെ കാലത്തെ കരാറിനേക്കാള്‍ കുറവാണ് മോദി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഉപയോഗത്തിന് പൂര്‍ണസജ്ജമായ രീതിയിലുള്ള 36 റാഫേല്‍ വിമാനങ്ങളാണ് ഇന്ത്യന്‍ സേനയ്ക്ക് മോഡി സര്‍ക്കാരിന്റെ ഉടമ്ബടി പ്രകാരം ലഭിക്കുക. ഇതിന്റെ വിലയായി നിശ്ചയിച്ചിട്ടുള്ളത് 7889.54 ദശലക്ഷം യൂറോ (7.9 ബില്യണ്‍ യൂറോ) ആണ്. 18 വിമാനങ്ങള്‍ ഉപയോഗിക്കാന്‍ സജ്ജമാക്കി കൈമാറാനാണ് യുപിഎ സര്‍ക്കാരിന്റെ കാലത്തെ ഡീല്‍. ശേഷിക്കുന്ന 108 വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള ലൈസന്‍സും ഇതോടൊപ്പം ലഭിക്കും. ഇതില്‍ വിമാനത്തിന്റെ എണ്ണത്തിന്റെ കാര്യമെടുത്താല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തെ ഉടമ്ബടി പ്രകാരം 36 വിമാനങ്ങള്‍ രാജ്യത്തിന് ലഭിക്കുമായിരുന്നെങ്കില്‍ ഇതിന്റെ വില 9502.3 ദശലക്ഷം യൂറോ (9.5ബില്യണ്‍ യൂറോ) ആകുമായിരുന്നു – റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു വിമാനത്തിന് യുപിഎ കാലത്തേക്കാള്‍ ഉയര്‍ന്ന വില നല്‍കി മോദി സര്‍ക്കാര്‍ വാങ്ങിയെന്ന ആക്ഷേപമാണ് രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ കുറ്റപ്പെടുത്തുന്നത്. ഇതു ചൂണ്ടിക്കാട്ടിയാണ് അഴിമതി ആരോപണവും ഉന്നയിക്കുന്നത്. എന്നാല്‍ ഇത് വെറും രാഷ്ട്രീയ സ്റ്റണ്ട് മാത്രമെന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. മുന്‍ റാഫേല്‍ ഇടപാടിനേക്കാള്‍ വില കുറച്ചുകിട്ടാനായി ഒന്നര വര്‍ഷത്തോളം പലവട്ടം ചര്‍ച്ച നടത്തിയാണ് മോദി സര്‍ക്കാര്‍ പുതിയ കരാര്‍ ഉണ്ടാക്കിയത്. ഇതിനായി സുരക്ഷാ ക്യാബിനറ്റ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുവാദം വാങ്ങിയില്ലെന്നതാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന മറ്റൊരു ആരോപണം.

എണ്ണത്തിലെ വ്യത്യാസം കൊണ്ട് കാര്യമില്ല, രണ്ട് ഉടമ്പടികളിലും വിമാനങ്ങള്‍ക്ക് വ്യത്യാസമുണ്ട്. എന്‍ഡിഎ സര്‍ക്കാര്‍ ഒപ്പുവച്ച ഉടമ്പടി പ്രകാരം ലഭിക്കുന്ന റാഫേല്‍ വിമാനങ്ങള്‍ക്ക് വലിയ പ്രഹരശേഷിയാണ് മുന്‍കാലത്തെ കരാറിനേക്കാള്‍ ഉള്ളത്. ആയുധ പാക്കേജാണ് അതില്‍ പ്രധാനം. 150 കിലോമീറ്റര്‍ ദൂരത്തേക്ക് പ്രഹരശേഷിയുള്ള മിസൈലുകള്‍ ഉള്‍പ്പെടുന്ന വിമാനം തയ്യാറാക്കുന്നത് ഇന്ത്യയിലെ സാഹചര്യത്തിന് യോജിച്ച സൗകര്യങ്ങളും മറ്റും ചേര്‍ത്ത് 13 പ്രത്യേകതകള്‍ കൂടി ഉള്‍പ്പെടുത്തിയാണ്. ബേസിക് എയര്‍ക്രാഫ്റ്റിന്റെ കാര്യം മാത്രം പരിശോധിച്ചാല്‍ ഇപ്പോഴത്തെ കരാര്‍ പ്രകാരം ഒരു വിമാനത്തിന്റെ വില 91 ദശലക്ഷം യൂറോ ആണ്. യുപിഎ ഡീല്‍ പ്രകാരം ഇത് 99 ദശലക്ഷം യൂറോ ആയിരുന്നു. അതിനാല്‍ 2.2 ബില്യണ്‍ യൂറോയുടെ നേട്ടം യുപിഎ സര്‍ക്കാരിന്റെ കാലത്തെ അപേക്ഷിച്ച് മോദിയുടെ ഉടമ്ബടിയിലൂടെ രാജ്യത്തിന് ലഭിക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഇതിലെല്ലാം ഉപരി സൈന്യത്തിന് എത്രയും വേഗം വിമാനങ്ങള്‍ കിട്ടുന്നു എന്നതാണ് നിര്‍ണായകമായ മറ്റൊരു നേട്ടം. പ്രത്യേകിച്ചും അതിര്‍ത്തിയിലെ സുരക്ഷാ ഭീഷണി അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍. വിമാനത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാത്തത് സുരക്ഷാകാര്യങ്ങള്‍ കൊണ്ടുതന്നെ ആണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button