തിരുവനന്തപുരം ; സിപിഎം ജനാധിപത്യത്തിന് ഭീഷണിയാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്‍റെ കൊലപാതകത്തോടെ ഒരിക്കൽ കൂടി തെളിഞ്ഞെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. രാഷ്ട്രീയ എതിരാളികളെ കൊല്ലാൻ സിപിഎം നേതൃത്വം ആസൂത്രണം നടത്തുന്നുണ്ടെന്നതിന്‍റെ തെളിവാണ് പുറത്തു വന്ന കൊലവിളി വീഡിയോ. കൊല്ലപ്പെടേണ്ടവരുടെ പട്ടിക തയ്യാറാക്കി വലിയ ആസൂത്രണത്തോടെയാണ് സിപിഎം പ്രവർത്തിക്കുന്നത്. കൊലപാതകം നടത്താൻ പരിശീലനവും സിപിഎം നൽകുന്നുണ്ട്. ഇത്തരമൊരു സംഘടനയെ ഭീകര സംഘടനയായേ കരുതാനാകൂ. സിപിഎം അക്രമ രാഷ്ട്രീയത്തിനെതിരെ ബഹുജന മുന്നേറ്റം നടത്താൻ ബിജെപി ജനരക്ഷാ യാത്ര നടത്തിയപ്പോൾ അതിനെ വിമർശിച്ചവരാണ് രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ. ഒരു നിരപരാധിയുടെ ജീവൻ നഷ്ടമായപ്പോഴെങ്കിലും ചെന്നിത്തല അഭിപ്രായം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ചുവപ്പൻ ഭീകരത കേരളത്തിൽ യാഥാര്‍ത്ഥ്യമാണ്.
എതിർക്കുന്നവരെയൊക്കെ കൊന്നു തള്ളുന്ന പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്. കോൺഗ്രസ് പ്രവർത്തകർ സിപിഎമ്മുമായി സന്ധിചെയ്ത് പ്രവർത്തിക്കുന്നതിനാലാണ് താരതമ്യേന അവർക്കെതിരെ അക്രമം കുറവായത്. എന്നാൽ അവരെ ചോദ്യം ചെയ്തതിനാണ് ശുഹൈബിനെ ഇപ്പോൾ കൊലപ്പെടുത്തിയത്. സിപിഎമ്മിന്‍റെ ഫാസിസ്റ്റ് പ്രവണതയെ ചെറുക്കാൻ രാഷ്ട്രീയം മറന്ന് എല്ലാവരും ഒന്നിക്കാൻ തയ്യാറാകണം. ജില്ലാ സമ്മേളനങ്ങൾ കഴിഞ്ഞതോടെ സിപിഎം വീണ്ടും അക്രമ പാതയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അക്രമ സംഭവങ്ങള്‍ ഇതിന്‍റെ തെളിവാണ്. വടകരയില്‍ ആർഎംപി പ്രവർത്തകർക്ക് നേരെയും നാദാപുരത്തും കോട്ടയത്തും ബിജെപി പ്രവർത്തകർക്ക് നേരേയും സിപിഎം നരനായാട്ട് നടത്തുകയാണ്.
നിരവധി വീടുകളാണ് ഇവിടങ്ങളിൽ തകർക്കപ്പെട്ടത്. ഏകപക്ഷീയമായ അക്രമങ്ങളാണ് സിപിഎം നടത്തുന്നത്. പൊലീസിന്‍റെ പിടിപ്പുകേടും രാഷ്ട്രീയ ആഭിമുഖ്യവുമാണ് അക്രമം കൂടാൻ കാരണം. അക്രമത്തിൽ പങ്കില്ലെന്ന പി ജയരാജന്‍റെ പ്രസ്താവന മുഖവിലയ്ക്കെടുക്കേണ്ടതില്ല. എല്ലാ അക്രമങ്ങളും നടന്നു കഴിയുമ്പോൾ സിപിഎം നടത്തുന്ന പതിവ് അധര വ്യായാമമാണിത്. എന്നാൽ പ്രതിപ്പട്ടിക വരുമ്പോൾ സിപിഎമ്മുകാർ പ്രതികളാവുകയും ചെയ്യും. സിപിഎം ആയുധം താഴെ വെച്ചാൽ മാത്രമേ കേരളത്തിൽ സമാധാനം പുലരുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments