ന്യൂഡല്‍ഹി: ആരോഗ്യ പദ്ധതികളുടെ വിഹിതം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. ദേശീയ ആരോഗ്യ ദൗത്യം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കു മുന്‍വര്‍ഷത്തേക്കാള്‍ കുറഞ്ഞ തുകയാണു ബജറ്റില്‍ വകയിരുത്തിയത്. സര്‍ക്കാരിന്റെ ‘മോദി കെയര്‍’ പദ്ധതി വന്‍ബാധ്യതയാകുമെന്ന നിരീക്ഷണത്തിന് പിന്നാലെയാണ് പുതിയ തീരുമാനം. നിലവിലെ പ്രധാന പദ്ധതികളുടെ ഫണ്ട് വെട്ടിക്കുറച്ചതാണ് മൊത്തം ആരോഗ്യമേഖലയ്ക്ക് മാറ്റിവച്ച തുകയില്‍ വര്‍ധനയുണ്ടാകാന്‍ കാരണമെന്നാണ് ആക്ഷേപം.
2017-18ല്‍ ആരോഗ്യമേഖലയ്ക്കു വകയിരുത്തിയത് 53,198 കോടി രൂപ. 2018-19 വര്‍ഷത്തില്‍ ഇത് 54,667 കോടിയായി. 2.8 ശതമാനമാണ് വര്‍ധന. അതേസമയം, ദേശീയ ആരോഗ്യ ദൗത്യത്തിനുള്ള വിഹിതം 31,292 കോടിയില്‍നിന്ന് 30,634 കോടിയായി. കുറവ് 2.1 ശതമാനം. എയ്ഡ്‌സ് നിയന്ത്രണ പദ്ധതി വിഹിതം 2,163 കോടിയില്‍നിന്ന് 2,100 കോടിയായി. കുറവ് 2.9 ശതമാനം. മെഡിക്കല്‍ കോളെജുകള്‍ നിര്‍മിക്കുന്നതിനുള്ള വിഹിതത്തില്‍ 12.5 ശതമാനത്തിന്റെ കുറവുണ്ടായി. കഴിഞ്ഞവര്‍ഷം 3,300 കോടിയുണ്ടായിരുന്നത് ഇത്തവണ 2,888 കോടിയായി.
ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതി എന്ന വിശേഷണത്തോടെയാണു ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ദേശീയ ആരോഗ്യ പരിരക്ഷാ പദ്ധതി ആയ മോദി കെയര്‍ പ്രഖ്യാപിച്ചത്.പാവപ്പെട്ട 10 കോടി കുടുംബങ്ങളിലെ 50 കോടി അംഗങ്ങളെ ഉള്‍ക്കൊള്ളുന്നതാണു പദ്ധതി. ഗുണഭോക്താക്കള്‍ക്കു പ്രീമിയം അടയ്‌ക്കേണ്ടതില്ലെന്നതു പ്രത്യേകതയാണ്. ഇതിനൊപ്പം 1.5 ലക്ഷം ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകള്‍ തുറക്കുമെന്നും പ്രഖ്യാപിച്ചു. ഇതിനുള്ള 1200 കോടി ദേശീയ ആരോഗ്യ ദൗത്യത്തില്‍നിന്നാണു വക മാറ്റിയത്.
വെല്‍നസ് സെന്ററിന്റെ തുക കൂടി കുറച്ചാല്‍ എന്‍എച്ച്എമ്മിനുള്ള വിഹിതത്തില്‍ ആറു ശതമാനം കുറവുണ്ടെന്നു കാണാം. നീക്കം ദേശീയ ആരോഗ്യ ദൗത്യത്തെ ദോഷകരമായി ബാധിക്കുമെന്നും വെല്‍നസ് സെന്ററുകള്‍ക്കു ഈ തുക അപര്യാപ്തമാണെന്നും ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സിസ്റ്റംസ് ഡീന്‍ ഡോ. ടി.സുന്ദരരാമന്‍ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ മാറ്റിവച്ച തുക 10,000 വെല്‍നസ് സെന്ററുകള്‍ക്കുള്ള പണമേ ആകുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments