KeralaLatest NewsNews

വിവാഹപന്തലില്‍ മരണചടങ്ങുകള്‍ : വിഷ്ണുരാജിനെ വിവാഹത്തിന്റെ ഒരു ദിവസം മുമ്പേ മരണം കവര്‍ന്നെടുത്തത് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല

തിരുവനന്തപുരം : മംഗളകര്‍മം നടക്കേണ്ടതിന്റെ ഒരു ദിനം മുന്നേ വിഷ്ണുരാജിനെ മരണം കവര്‍ന്നെടുക്കുകയായിരുന്നു. പ്രിയ സുഹൃത്ത് ശ്യാമിനൊപ്പമായിരുന്നു വിഷ്ണു വിധിക്ക് കീഴടങ്ങിയത്.

രണ്ടുയുവാക്കളുടെ മരണം വാമനപുരം പഞ്ചായത്തിലെ ആനാകുടി ഊന്നന്‍പാറ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. ഊന്നന്‍പാറ വിഷ്ണുഭവനില്‍ വിഷ്ണുരാജിന്റെ വിവാഹം ഞായറാഴ്ചയാണ് നടക്കേണ്ടിയിരുന്നത്. അബുദാബിയില്‍ ജോലിനോക്കുന്ന അച്ഛന്‍ പൃഥ്വിരാജും സഹോദരന്‍ അനന്തുവും കുറച്ചുദിവസം മുന്നേ വിവാഹ ഒരുക്കങ്ങള്‍ക്കായി നാട്ടിലെത്തിയിരുന്നു. അച്ഛനൊപ്പം വിദേശത്ത് ജോലിനോക്കുന്ന വിഷ്ണുരാജ് മൂന്നുദിവസം മുമ്പാണ് നാട്ടിലെത്തിയത്.

ശനിയാഴ്ച വിവാഹത്തലേന്നായതുകൊണ്ട് വെള്ളിയാഴ്ച വീട്ടില്‍ ഒരുക്കങ്ങള്‍ക്കായി പണിക്കാരുമുണ്ടായിരുന്നു. വീടിനടുത്തുതന്നെ രണ്ടു പന്തലുമൊരുക്കിയിരുന്നു. കസേരയും പാത്രങ്ങളും കൊണ്ടുവരുകയും ചെയ്തിരുന്നു. സുഹൃത്തും അയല്‍ക്കാരനുമായിരുന്ന ശ്യാമും സഹായങ്ങള്‍ക്കായി വിഷ്ണുരാജിനൊപ്പമുണ്ടായിരുന്നു. വിളിക്കാന്‍ വിട്ടുപോയവരെയൊക്കെ ഇരുവരുംചേര്‍ന്നു പോയി വിളിക്കുകയും ചെയ്തിരുന്നു.

വാഴവിളവീട്ടില്‍ ശശിയുടെയും സുമതിയുടെയും ഏക മകനാണ് ശ്യാം. മക്കളില്ലാതിരുന്ന ദമ്പതിമാര്‍ക്ക് ഒന്‍പത് വര്‍ഷത്തിനുശേഷം പിറന്ന മകനാണ് ശ്യാം. വെള്ളിയാഴ്ച തൊളിക്കുഴി സ്വദേശിയായ സുഹൃത്തും വിഷ്ണുരാജിന്റെ വീട്ടിലെത്തിയിരുന്നു. അയാളുമൊത്ത് വിഷ്ണുരാജും ശ്യാമും രാത്രിഏറെനേരം വീട്ടില്‍ത്തന്നെ െചലവഴിച്ചു.

ഈ സുഹൃത്തിനെ തൊളിക്കുഴിയിലേക്ക് മടങ്ങിപ്പോകുന്നതിനു കൂട്ടിനായാണ് രാത്രി വിഷ്ണുരാജും ശ്യാമും ഒപ്പം ബൈക്കില്‍ പോയത്. അവിടെ പോയിട്ടു തിരികെ  വരുമ്പോഴാണ് രാത്രി ഒരുമണിയോടെ വെഞ്ഞാറമൂട് കോട്ടയം ഹൈവേയില്‍ പുളിമാത്തില്‍ അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും പെരുമ്ബാവൂരേക്ക് തടികയറ്റിപ്പോയ ലോറിയും തമ്മിലാണ് കൂട്ടയിടിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ പോലീസിന്റെ സഹായത്തോടെയാണ് ആശുപത്രിയിലെത്തിച്ചത്. ഉടന്‍തന്നെ മരണവും സംഭവിച്ചിരുന്നു.

തലേദിവസം രാത്രിയും ശ്യാമിനെയും വിഷ്ണുരാജിനെയും കണ്ടുസംസാരിച്ചിരുന്ന നാട്ടുകാര്‍പലരും പുലര്‍ച്ചെയാണ് മരണവാര്‍ത്തയറിഞ്ഞത്. ആദ്യമാര്‍ക്കും ഇത് വിശ്വസിക്കാനായില്ല. നിമിഷങ്ങള്‍ക്കകം നാട്ടുകാര്‍ ഇവരുടെ വീടുകളിലേക്ക് ഓടിയെത്തി.

ഇരുവരുടേയും മൃതദേഹം വീടുകളിലെത്തിച്ചപ്പോള്‍ ആനാകൂടി ഊന്നന്‍പാറ ഗ്രാമം ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. ഒരു ചെറിയ കവലയ്ക്കു കൊള്ളാവുന്നതിലും കൂടുതല്‍ ആള്‍ക്കൂട്ടമാണ് ഇവിടേക്ക് ഒഴുകിയെത്തിയത്. എവിടെയും പൊട്ടിക്കരയുന്ന ബന്ധുക്കളെയും നാട്ടുകാരെയും മാത്രമാണ് കാണാനായത്. ഡി.കെ.മുരളി എം.എല്‍.എ.യും ത്രിതല പഞ്ചായത്തംഗങ്ങളുമുള്‍പ്പെടെ പൊതുപ്രവര്‍ത്തകര്‍ യുവാക്കള്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.

shortlink

Post Your Comments


Back to top button