മലപ്പുറം: സിപിഎം സ്വതന്ത്ര എംഎല്‍എ അന്‍വറിന്റെ സാമ്പത്തിക തട്ടിപ്പില്‍ കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചെന്ന് റിപ്പോര്‍ട്ട്. പ്രവാസിയില്‍ നിന്ന് പിവി അന്‍വര്‍ എംഎല്‍എ പണം വാങ്ങിയെന്ന ആരോപണത്തിലാണ് കൂടുതല്‍ തെളിവ് പോലീസിന് ലഭിച്ചിരിക്കുന്നത്. ബിസിനസില്‍ മലയാളിയെ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 2012ലാണ് പിവി അന്‍വര്‍ പ്രവാസിയില്‍ നിന്ന് 50 ലക്ഷം രൂപ സ്വന്തമാക്കിയത്.
എന്നാല്‍ ആ സമയത്ത് അന്‍വറിന് മംഗലാപുരത്ത് ക്രഷര്‍ യൂണിറ്റ് ഉണ്ടായിരുന്നില്ലെന്ന് രേഖകള്‍ തെളിയിക്കുന്നു. 22 ഏക്കര്‍ സ്ഥലമുണ്ടെന്ന് പറഞ്ഞിടത്ത് ഒരേക്കര്‍ 87 സെന്റ് ഭൂമി മാത്രമേ ഉള്ളുവെന്നും രേഖകളില്‍ വ്യക്തമാണ്. മംഗലാപുരത്ത് കെ.ഇ ക്രഷര്‍ എന്ന പേരില്‍ സ്വന്തമായി സ്ഥാപനമുണ്ടെന്നും ഇതില്‍ പത്ത് ശതമാനം ഓഹരി നല്‍കാമെന്നും പറഞ്ഞാണ് അന്‍വര്‍ പ്രവാസി മലയാളി സലീമില്‍ നിന്ന് പണം വാങ്ങിയത്.
തന്റെ പേരിലുള്ള ഭൂമിക്ക് അഞ്ച് കോടി രൂപ വിലയുണ്ടെന്നായിരുന്നു എംഎല്‍എയുടെ വാദം. ഇതോടെ ആ വാദവും പൊളിഞ്ഞിരിക്കുകയാണ്. ഇടപാട് നടന്ന് ഏഴു മാസങ്ങള്‍ക്ക് ശേഷം മാത്രമാണ് അന്‍വര്‍ ക്രഷര്‍ യൂണിറ്റ് വാങ്ങിയതെന്ന് രേഖകള്‍ തെളിയിക്കുന്നു.
പരാതിയെ ബലപ്പെടുത്തുന്ന തെളിവുകള്‍ ലഭിച്ചതോടെ അന്‍വര്‍ എംഎല്‍എയുടെ അറസ്റ്റിലേക്കാവും പോലീസ് നീങ്ങുകയെന്നും സൂചനയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. മാംഗ്ലൂരിലെ ബാല്‍ത്തങ്ങാടിയിലെ കെഇ ക്രഷര്‍ എന്ന സ്ഥാപനവും അതിനോടനുബന്ധിച്ച സ്ഥലവും തന്റേതാണെന്ന് ചൂണ്ടി കാണിച്ചാണ് എംഎല്‍എ നിയമ വ്യവസ്ഥയുണ്ടാക്കിയത്. എന്നാല്‍ ഈ സ്ഥലം ലീസില്‍ മറ്റാര്‍ക്കോ ഉടമപ്പെട്ട സ്വത്താണെന്ന് പരാതിക്കാരന്‍ പറയുന്നു.
Post Your Comments