Latest NewsNewsIndia

സ്വന്തം മകളുടെ ഭാവിക്ക് തടസ്സമാകുമെന്ന ഭയം, ആറ് വയസ്സുകാരനെ രണ്ടാനമ്മ കൊന്ന് പെട്ടിക്കുള്ളിലാക്കി

ഗുജറാത്ത്‌: സ്വന്തം മകളുടെ ഭാവിക്കായി ആറ് വയസ്സുള്ള ബാലനെ രണ്ടാനമ്മ കൊലപ്പെടുത്തി. സ്വത്തുക്കള്‍ ഭര്‍ത്താവ് ബാലന്റെ പേരില്‍ എഴുതി വയ്ക്കും എന്നുള്ള ഭയമാണ് യുവതിയെ ഇത്തരം ഒരു ക്രൂര കൃത്യത്തിലേക്ക് നയിച്ചത്. കുഞ്ഞിനെ ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പെട്ടിക്കുള്ളിലാക്കി കോണിപ്പടിയുടെ അടിയില്‍ ഒളിപ്പിക്കുകയായിരുന്നു.

ഗുജറാത്തിലെ കൃഷ്ണ നഗറിലാണ് സംഭവം. പ്രദേശത്തുള്ള ശാന്തിലാലിന്റെ രണ്ടാം ഭാര്യ ജീനല്‍ ബെന്‍ പര്‍മാറാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ശാന്തിലാലിന്റെ ആദ്യ ഭാര്യ രണ്ട് വര്‍ഷം മുമ്പ് മരിച്ച് പോയിരുന്നു. ഈ ബന്ധത്തിലുള്ളതാണ് ആറ് വയസുകാരന്‍ ധ്രുവ്.

കൊലപാതകത്തിന് ശേഷം വീടിന് പുറത്തെത്തി കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് രണ്ടാനമ്മ ബഹളം വയ്ക്കുകയും കരയുകയുമായിരുന്നു. ഇതോടെ പ്രദേശവാസികള്‍ ഓടിക്കൂടി കുട്ടിയെ തിരക്കിയിറങ്ങി. തുടര്‍ന്ന് വിവരം അറിഞ്ഞ ശാന്തിലാല്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് കുട്ടിയെ കൊലപ്പെടുത്തി പെട്ടിയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.

ചോദ്യം ചെയ്യലില്‍ ജീനല്‍ ബെന്‍ ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു.
ശാന്തിലാലിന്റെ സ്വത്തുക്കള്‍ക്ക് അവകാശിയായി തന്റെ മകള്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ എന്ന കണക്കുകൂട്ടലായിരുന്നു കൊലയ്ക്കു പിന്നിലെന്നവര്‍ പോലീസിനോട് സമ്മതിച്ചു. കോടതി റിമാണ്ട് ചെയ്ത ജീനല്‍ ബെന്‍ ഇപ്പോള്‍ ജില്ലാ ജയിലിലാണ്

shortlink

Post Your Comments


Back to top button