ന്യൂഡല്‍ഹി: സാമൂഹ്യക്ഷേമ പദ്ധതികളെ ആധാറുമായി ബന്ധിപ്പിക്കുന്നത് കേന്ദ്ര സർക്കാർ തീരുമാനം ഭരണാഘടനാ വിരുദ്ധമല്ലെന്ന് സുപ്രീംകോടതി അറിയിച്ചു. ഇത്തരം പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരെ ബംഗാള്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ വിഷയത്തിൽ ഒരു തരത്തിലും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്നും ബംഗാള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ കപില്‍ സിബലിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യത്തിന് മറുപടിയായി സുപ്രീംകോടതി പറഞ്ഞു.കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്റ എന്നിവര്‍ സിബലിന്റെ വാദങ്ങളെ ശക്തമായി എതിര്‍ത്തു.
ബയോമെട്രിക്സ്, ഐറിസ് സ്കാനുകള്‍ പരാജയപ്പെട്ടാല്‍ മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാമെന്നും ഇക്കാര്യത്തില്‍ എതെങ്കിലും തരത്തിലുള്ള ഒഴിവാക്കലിന്റെ പ്രശ്നം ഉണ്ടാകുന്നില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.ആധാര്‍ സംബന്ധിച്ചതെല്ലാം അസംബന്ധമാണെന്നാണ് ബംഗാള്‍ സര്‍ക്കാരിന്റെ നിലപാട്.ഇതിന്റെ കാരണം ബംഗാൾ സർക്കാർ വ്യക്തമാക്കണമെന്നും കപില്‍ സിബലിനോട് കോടതി ആവശ്യപ്പെട്ടു.
Post Your Comments