KeralaLatest NewsNews

മലയാളം ചാനല്‍ രംഗത്ത് മത്സരിയ്ക്കാന്‍ കോടികള്‍ മുതല്‍മുടക്കുള്ള ദേശീയ ചാനല്‍ ഭീമന്‍ വരുന്നു : മലയാളികളെ കൈയിലെടുക്കാന്‍ ആട് 2 ഉള്‍പ്പെടെ സൂപ്പര്‍ഹിറ്റ് സിനിമകളുമായി

കൊച്ചി : മലയാളം ചാനല്‍ രംഗത്ത് ഇന്നേവരെ കണ്ടിട്ടില്ലാത്ത വിനോദപരിപാടികളുമായി കോടികള്‍ മുതല്‍ മുടക്കി ദേശീയ ചാനലുകളുടെ കുത്തകയായ സീ നെറ്റ്‌വര്‍ക്ക് പ്രക്ഷേപണം ആരംഭിയ്ക്കുന്നു.

ഇന്ത്യയിലാകെ പത്തിലേറെ ചാനലുകളും അസംഖ്യം റേഡിയോ സ്റ്റേഷനുകളുമുള്ള സീ നെറ്റ്വര്‍ക്കിന്റെ മലയാളം ചാനല്‍ വിഷുവിന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. രണ്ടുവര്‍ഷമായി ടെസ്റ്റ് റണ്‍ നടക്കുന്ന സീ മലയാളം എന്റര്‍ടൈന്‍മെന്റ് ചാനലായിട്ടാണ് തുടങ്ങുന്നത്. രണ്ടാംഘട്ടത്തില്‍ വാര്‍ത്ത ചാനലും സിനിമയ്ക്ക് മാത്രമായ ചാനലുകളും ലക്ഷ്യമിടുന്നുണ്ട്. നിരവധി വിനോദ പരിപാടികള്‍ ചാനല്‍ ഇതിനകം ഷൂട്ട് ചെയ്തിട്ടുണ്ട്. ഇത് കൂടാതെ അടുത്തിടെ ഇറങ്ങിയ മലയാള സിനിമകളില്‍ പലതും സീ മലയാളമാണ് സ്വന്തമാക്കിയിരിക്കുന്നത്. ജയസൂര്യ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ആട് 2 ന്റെ സംപ്രേക്ഷണ അവകാശവും സീ മലയാളത്തിന് തന്നെ.

1993ല്‍ മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റ് സംപ്രേഷണം തുടങ്ങിയ ശേഷം രണ്ടു ഡസനോളം ടെലിവിഷന്‍ ചാനലുകളാണ് മലയാളത്തില്‍ ആരംഭിച്ചത്. ഇവയില്‍ വിനോദ ചാനലുകളാണ് ഇപ്പോള്‍ മുന്‍നിരയില്‍ നില്‍ക്കുന്നത്. വിനോദപരിപാടികളുടെ പ്രേക്ഷകരില്‍ 34 ശതമാനം പേര്‍ സിനിമകളോടാണ് താല്‍പ്പര്യം കാട്ടുന്നത്. 24 ശതമാനം പേര്‍ സീരിലുകളും ഇഷ്ടപ്പെടുന്നു. സീരിയലുകള്‍ പുതിയ ചാനലുകള്‍ക്ക് ബാധ്യതയാവില്ലെങ്കിലും സിനിമയുടെ കാര്യത്തില്‍ അതല്ല സ്ഥിതി. സൂപ്പര്‍സ്റ്റാര്‍ സിനിമകളുടെ സാറ്റലൈറ്റ് അവകാശങ്ങള്‍ക്കായി മൂന്നു മുതല്‍ 3.5 കോടി രൂപ വരെ മുടക്കാന്‍ എത്രപേര്‍ക്കാവും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

സ്ഥിര ചെലവുകള്‍ക്കും ആവര്‍ത്തന ചെലവുകള്‍ക്കും കോടികള്‍ വേണ്ടിവരുന്ന ചാനല്‍ വ്യവസായരംഗത്ത് ചെറുകിട ചാനലുകള്‍ കടുത്ത പ്രതിസന്ധി നേരിടുന്നുണ്ട്. 35ല്‍ അധികം ചാനലുകളുള്ള കേരളത്തില്‍ 15 ഓളം പുതിയ ചാനലുകളാണ് തുടങ്ങാനൊരുങ്ങുന്നത്. മലയാള ചാനലുകള്‍ മൊത്തം 1200 കോടി രൂപയോളം വിപണി വിഹിതം നേടുന്നതായാണ് കണക്ക്. പ്രാദേശിക ചാനലുകള്‍ മാത്രം 135 കോടിയിലധികം നേടുന്നു. ഇതില്‍ എസിവിയാണ് മുഖ്യ പങ്ക് നേടുന്നത്. മുഖ്യധാരാ ചാനലുകളില്‍ വിപണി വിഹിതത്തിന്റെ പകുതിയിലധികവും ഏഷ്യാനെറ്റ് സ്വന്തമാക്കുന്നു.

ന്യൂസ് ചാനലുകളുടെ മൊത്തം വ്യൂവര്‍ഷിപ്പില്‍ 32 ശതമാനം ഏഷ്യാനെറ്റിനാണെന്ന് റേറ്റിംഗ് വ്യക്തമാക്കുന്നു. ലാഭവും നഷ്ടവുമില്ലാത്ത അവസ്ഥയില്‍ പല ചാനലുകളും എത്തിയിട്ടില്ല. മുമ്പ് അഞ്ച് വര്‍ഷമായിരുന്നു ബ്രേക്ക് ഈവന്‍ പീരിയഡ് എങ്കില്‍ ഇപ്പോഴത് അതും കടന്നുപോയിരിക്കുന്നു. സാറ്റലൈറ്റ് ഫീസും മറ്റ് തുടര്‍ചെലവുകളും ഭീമമായി കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ ചെറുകിട ചാനലുകള്‍ നിലനില്‍പ്പിന് ഭീഷണി നേരിടുകയാണ്. പ്രതിവര്‍ഷം ചുരുങ്ങിയത് 15 കോടി രൂപയുടെ ചെലവ് വാര്‍ത്താ ചാനലുകള്‍ക്കുണ്ടെന്നാണ് കണക്ക്. പരസ്യം ചെയ്യുന്ന പുതിയ ബ്രാന്‍ഡുകള്‍ കടന്നുവരാത്തതാണ് മറ്റൊരു പ്രതിസന്ധി. മാന്ദ്യം മറ്റൊരു വില്ലനും. ഇതിനിടയിലാണ് ഓരോ ചെറിയ വിഭാഗങ്ങളെയും ഉന്നമിട്ട് പുതിയ ചാനലുകള്‍ കടന്നുവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button