ന്യൂഡൽഹി: രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തടസ്സപ്പെടുത്താൻപ്രതിപക്ഷം ശ്രമിക്കുന്നതിനിടെ കോൺഗ്രസ് എംപി രേണുക ചൗധരി നടത്തിയ ചിരി വൈറൽ ആകുന്നു. പ്രസംഗത്തിനിടെ രേണുകയുടെ ചിരി നിറുത്താതെ ഉയർന്നപ്പോൾ രാജ്യസഭാ അധ്യക്ഷന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ചിരി നിറുത്താൻ നിർദ്ദേശിച്ചു. എന്താണ് നിങ്ങളുടെ പ്രശ്നം എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ ഡോക്ടറെ കാണൂ എന്ന് വെങ്കയ്യ നായിഡു രേണുക ചൗധരിയെ ശാസിച്ചു. ഇത്തരം അച്ചടക്കമില്ലാത്ത പെരുമാറ്റവും നിയന്ത്രണമില്ലാത്ത സംസാരവും അനുവദിക്കാനാകില്ലെന്നും അദ്ദേഹം നിലപാടെടുത്തു.
എന്നാൽ പിന്നീടും രേണുക ചൗധരി ചിരിക്കുന്നതു കേൾക്കാമായിരുന്നു. ഇതേത്തുടർന്നാണു പ്രധാനമന്ത്രി മോദിയുടെ ട്രോളും എത്തിയത്. മോദിയുടെ പരിഹാസം ഇങ്ങനെ ” സഭാപതി ജി, രേണുകാ ജിയെ തടയരുത്, രേണുക ജി തുടർന്നോട്ടെ, രാമായണം സീരിയലിനുശേഷം ഇത്തരം ചിരി കേൾക്കാൻ ഭാഗ്യം ലഭിക്കുന്നത് ഇപ്പോഴാണ് ” എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. പ്രധാനമന്ത്രിയുടെ വാക്കുകളെ പാർലമെന്റ് ഒന്നടങ്കം ചിരി പടർത്തി.
എന്നാൽ, തനിക്കെതിരെ വ്യക്തിപരമായ പരാമർശമാണു പ്രധാനമന്ത്രി നടത്തിയതെന്നു രേണുക ചൗധരി പിന്നീടു മാധ്യമങ്ങളോടു പറഞ്ഞു. ഇതിൽക്കൂടുതൽ അദ്ദേഹത്തിൽനിന്നു പ്രതീക്ഷിക്കാനാകില്ല. ബിജെപി വനിതകൾക്ക് എതിരാണെന്നു വ്യക്തമായി. ഞാൻ ചിരിച്ചതു വേദനിപ്പിച്ചെങ്കിൽ അതു സത്യത്തിന്റെ ചിരിയായതു കൊണ്ടുമാത്രമാണ്, അവർ കൂട്ടിച്ചേർത്തു.അതേസമയം, താൻ സഭയിലുണ്ടായിരുന്നെന്നും പ്രധാനമന്ത്രി മോദിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങളാണ് അവർ അവിടെ നടത്തിയതെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രതികരിച്ചു. അവർക്ക് അത്തരം പരാമർശങ്ങൾ നടത്താം, എന്നാൽ അവയെ പരിഹാസപൂർവം നേരിടുമ്പോൾ ലിംഗ അനീതിയെന്ന പരിചയ്ക്കുള്ളിൽ സ്വയം നിർത്തുകയാണോയെന്നും സ്മൃതി ഇറാനി ചോദിച്ചു.
Post Your Comments