
ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്ക്കുകയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നതിനിടെ ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ തയാറെടുത്ത് 45 ഭീകരര്‍. പാക്കിസ്ഥാന് ആസ്ഥാനമായ ഭീകരസംഘടന ലഷ്കറെ തോയിബയാണു നുഴഞ്ഞുകയറാന്‍ ഭീകരര്‍ക്കു നിര്‍ദേശം നല്‍കിയതെന്നു രഹസ്യാന്വേഷണ വൃത്തങ്ങള്‍ കേന്ദ്രത്തെയും ജമ്മു കശ്മീര്‍ സര്‍ക്കാരുകളെയും അറിയിച്ചു. ഭീകരരെ ഇന്ത്യയിലേക്കുവിട്ടു കശ്മീര്‍ താഴ്വരയില് നിരവധി ആക്രമണങ്ങള്‍ നടത്താനാണു ലഷ്കറിന്റെ പദ്ധതി.
അടുത്തിടെ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു ഷെല്ലാക്രമണം രൂക്ഷമായ കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണഘാട്ടി സെക്ടറിലുള്ള നംഗി ടെക്രി മേഖലയിലായിരിക്കും കൂടുതല്‍ നുഴഞ്ഞുകയറ്റമെന്നു രഹസ്യാന്വേഷണ വൃത്തങ്ങള്‍ റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ഭാഗത്തുള്ള സുരക്ഷാ പോസ്റ്റുകള്‍ക്കുനേരെ ആക്രമണം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
‘നേരത്തേ, നമ്മുടെ പോസ്റ്റുകള്‍ക്കുനേരെ ആക്രമണം ഉണ്ടാകുമ്പോള്‍ ഉടനടി നമ്മള് തിരിച്ചടിക്കും. പിന്നീട് അവരെന്താണു ചെയ്യുന്നതെന്നുനോക്കി കാത്തിരിക്കും. ഇതായിരുന്നു പതിവ്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ ഉണ്ടായതു ഭീകരരെ സഹായിക്കാന്‍ വേണ്ടിയായിരുന്നു. നമ്മുടെ പോസ്റ്റുകള്‍ക്കു കാര്യമായ നാശനഷ്ടങ്ങള്‍ വരുത്താനാണു ഭീകരര്‍ ശ്രമിക്കുന്നത്’- ജമ്മു കശ്മീരിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
അതേസമയം, കൃഷ്ണഘാട്ടി മേഖലയില്‍ കാര്യമായ സ്വാധീനം ചെലുത്താനാണ് അവിടെ നുഴഞ്ഞുകയറുന്നതിലൂടെ ലഷ്കര്‍ ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തര സുരക്ഷ വിദഗ്ധന്‍ അജയ് സാഹ്നി വ്യക്തമാക്കി. ഇന്റലിജന്‍സ് മുന്നറിയിപ്പില്പ്പെടുന്ന സ്ഥലങ്ങള്‍ ഇന്ത്യന്‍ ഇന്‍ഫന്‍ട്രി ബ്രിഗേഡിന്റെ അധീനതയിലാണെന്നും ബിഎസ്എഫും അവിടെ സുരക്ഷ ഒരുക്കുന്നുണ്ടെന്നും കശ്മീര്‍ പൊലീസ് അറിയിച്ചു.
Post Your Comments