കൊല്‍ക്കത്ത: സ്ത്രീധന തുക നല്‍കാത്തതിന് ഭാര്യയുടെ കിഡ്നി ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് അടിച്ചു മാറ്റി. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവിനേയും സഹോദരനേയും പൊലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തയിലാണ് സംഭവം നടന്നത്.അപ്പന്റീസ് ശസ്ത്രക്രിയയുടെ മറവിലാണ് ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് യുവതിയുടെ വൃക്ക അടിച്ചു മാറ്റി വിറ്റത്. രണ്ട് ലക്ഷം രൂപ റിതയുടെ വീട്ടുകാരോട് സ്ത്രീധനമായി ഭര്‍ത്താവും വീട്ടുകാരും ചോദിച്ചിരുന്നു. എന്നാല്‍ അത് നല്‍കാത്തതിന്റെ വൈരാഗ്യത്തിലാണ് യുവതിയുടെ കിഡ്നി തന്നെ അടിച്ചു മാറ്റിയത്.
സർക്കാർ ജീവനക്കാരിയായ റിത എന്ന യുവതിയുടെ വൃക്കയാണ് ഭര്‍ത്താവ് ബിശ്വജിത്തും ബന്ധുക്കളും ചേര്‍ന്ന് മോഷ്ടിച്ചത്. വയറു വേദനയെ തുടര്‍ന്ന് രണ്ടു വര്‍ഷം മുമ്ബാണ് യുവതിയെ ഭര്‍തൃവീട്ടുകാര്‍ കൊല്‍ക്കത്തയിലെ ഒരു സ്വകാര്യ നേഴ്സിങ് ഹോമില്‍ അപ്പന്റീസ് ശസ്ത്രക്രിയയ്ക്ക് വിധേയ ആക്കിയത്. എന്നാല്‍ ശസ്ത്രക്രിയയ്ക്കു ശേഷവും വയറു വേദനയില്‍ മാറ്റമുണ്ടായില്ല. ഡോക്ടറെ കാണണമെന്ന് പലതവണ ഭര്‍ത്താവിനോട് പറഞ്ഞെങ്കിലും അംഗീകരിച്ചില്ല.
ഒടുവില്‍ യുവതി തന്റെ വീട്ടുകാര്‍ക്കൊപ്പമാണ് ആശുപത്രിയില്‍ പോയത്.ഇവിടെ നടത്തിയ പരിശോധനയിലാണ് ഒരു കിഡ്നി നഷ്ടപ്പെട്ടതായി വ്യക്തമായത്. അപ്പന്റിസ് ശസ്ത്രക്രിയ നടത്തിയതിനെക്കുറിച്ച് ആരോടും പറയരുതെന്ന് റിതയുടെ ഭര്‍ത്താവ് ഇവരോട് പറഞ്ഞിരുന്നു. കിഡ്നി നഷ്ടപ്പെട്ടതായി വ്യക്തമായതിനെ തുടര്‍ന്ന് യുവതി തന്റെ ഭര്‍ത്താവ് ബിശ്വജിത്ത് സര്‍ക്കാര്‍, ഇയാളുടെ സഹോദരന്‍ ശ്യാംലാല്‍, അമ്മ ബുലാറാണി എന്നിവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത കിഡ്നി ഛത്തീസ്ഗഡ് സ്വദേശിയായ ഒരു വ്യവസായിക്ക് വിറ്റതായി ഇവര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനേയും സഹോദരനേയും അറസ്റ്റ് ചെയ്തു.
Post Your Comments