ഫിലിപ്പീന്‍സില്‍ നിന്നുള്ള ഒരു കൊച്ചു മിടുക്കനാണ് നവ മാധ്യമങ്ങളില്‍ ഇപ്പോള്‍ താരം. വീട്ടുകാര്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം നിറവേറ്റുന്ന അവന്റെ രീതിയാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. തന്റെ കുഞ്ഞ് അനുജനെയുമായാണ് ജസ്റ്റിന്‍ എന്ന കുട്ടി സ്‌കൂളില്‍ വരുന്നത്. ഫിലിപ്പീന്‍സിലെ സാല്‍വേഷന്‍ എലിമെന്ററി സ്‌കൂളിലെ ഒന്നാം ഗ്രേഡ്കാരനാണ് ഈ മിടുക്കന്‍.
പഠിക്കുന്നതിനൊപ്പം കുഞ്ഞ് അനുജനെ നോക്കുകയും വേണം. അതിനാല്‍ കുഞ്ഞ് അനുജനെയും കൂട്ടിയാണ് ജസ്റ്റിന്‍ സ്‌കൂളില്‍ വരുന്നത്. ഫിലിപ്പീന്‍സിലെ പല ഗ്രാമങ്ങളിലും സാമ്പത്തിക ഞെരുക്കം മൂലം കുട്ടികള്‍ പഠിക്കാന്‍ പോകാറില്ല. മാതാപിതാക്കള്‍ ജോലിക്ക് പോകുമ്പോള്‍ മുതിര്‍ന്ന കുട്ടികള്‍ തങ്ങളുടെ ഇളയ സഹോദരങ്ങളെ നോക്കുകയാണ് പതിവ്. ഇതില്‍ നിന്നും വ്യത്യസ്തനായിരിക്കുകയാണ് ജസ്റ്റിന്‍.
ഒരു കൈകൊണ്ട് കുഞ്ഞിനെ മുറുകെ പിടിച്ച് മറുകൈകൊണ്ട് നോട്ടെഴുതുന്ന ജസ്റ്റിന്റെ ചിത്രം സ്‌കൂളിലെ അധ്യാപിക തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചത്. ജസ്റ്റിന്റെ പഠിക്കാനുള്ള ആഗ്രഹത്തെയും അവന്റെ ദൃഢനിശ്ചയത്തെയും സോഷ്യല്‍ മീഡിയ പുകഴ്ത്തുകയാണിപ്പോള്‍.
Post Your Comments