ദുബായ് : നാല് വര്‍ഷം മുമ്പ് നടന്ന നിര്‍മ്മാതാവ് സന്തോഷ് കുമാറിന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യ അന്വേഷണത്തിന് ജീവന് വെയ്ക്കുന്നു. 2014 ജൂലൈ 15 ചൊവ്വാഴ്ചയാണ് സിനിമാനിര്‍മ്മാതാവും ബിസിനസ്സുകാരനുമായ സന്തോഷ് കുമാറിനെയും (45) ഭാര്യ മഞ്ജുളയെയും (37) മകള്‍ ഗൗരിയെയും (9) ദുബായ് അല്‍നഹ്ദയിലെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഗൗരിയുടെ മൃതദേഹം തലയണകൊണ്ട് ശ്വാസംമുട്ടിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഇരുകൈകളുടെയും ഞരമ്പ് മുറിച്ച നിലയിലായിരുന്നു മഞ്ജുവിന്റെ മൃതദേഹം. ശരീരത്തില്‍ മറ്റു മുറിപ്പാടുകളും ഉണ്ടായിരുന്നു.
ബിസ്സിനസ്സ് തകര്‍ച്ചയെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യത കാരണമുള്ള ആത്മഹത്യ ആണെന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ സാമ്പത്തിക വിജയം നേടിയ നീലത്താമര രതിനിര്‍വേദം പോലുള്ള സിനിമകളുടെ സഹനിര്‍മ്മാതാവായിരുന്ന സന്തോഷ് ഇത്രയും വലിയ കടക്കെണിയില്‍ പെട്ടതെങ്ങനെ എന്ന ചോദ്യം സുഹൃത്തുക്കളുടെ മനസ്സില്‍ ഉയര്‍ന്നിരുന്നുവെങ്കിലും അന്യ രാജ്യമായതിനാല്‍ നിശബ്ദത പാലിക്കുകയായിരുന്നു. സാമ്പത്തിക ബാധ്യത ഭയന്ന് മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ പോലും ആളുണ്ടായില്ല.എന്നാല്‍, പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍, സന്തോഷ് കുമാറിന്റെയും കുടുംബത്തിന്റെയും ദാരുണാന്ത്യത്തിന് പിന്നില്‍ ബ്ലേഡ് മാഫിയ സംഘമാണെന്ന ആരോപണം വീണ്ടും ശ്ക്തമാവുകയാണ്.
ഏതാണ്ട് ഒരു കോടിയിലധികം രൂപയുടെ തീര്‍ക്കാനാവാത്ത ബാധ്യതയാണ് ഏറ്റവുമൊടുവില്‍ സന്തോഷിനെ അലട്ടിയിരുന്നത്. അവധി പലതു കഴിഞ്ഞതോടെ ഈടിനായി ഒരു ചെക്ക് കൂടി വേണമെന്നായി ‘ അതും ഭാര്യ മഞ്ജുവിന്റെ ചെക്ക് വേണം. മാത്രം പോരാ; നാട്ടില്‍ മഞ്ജുവിന്റെയും സഹോദരങ്ങളുടെയും പേരിലുള്ള വസ്തുവിന്റെ പവര്‍ ഓഫ് അറ്റോര്‍ണിയും ബ്ലാങ്ക് മുദ്രപത്രം ഒപ്പിട്ടതും നല്‍കണം. ഭീഷണി പലതവണ എത്തിയതോടെ സന്തോഷ് സമ്മര്‍ദ്ദത്തിലായി. ഒടുവില്‍ ഭീഷണി ചെക്ക് ഉടമയായ മഞ്ജുവിന് നേര്‍ക്കായി.
സന്തോഷ് കുമാറിന്റെയും കുടുംബത്തിന്റെയും ദുരൂഹമരണം ആത്മഹത്യ ആണോയെന്ന് സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. പണം പലിശയ്ക്ക് നല്കിയിരുന്നവര് ഏതുതരത്തിലാണ് ഈ മരണത്തില്‍ പങ്കാളികളായത് എന്നാണ് അന്വേഷിച്ച് അറിയേണ്ടത്.ഇക്കാര്യത്തില്‍ ദുബായ് പൊലീസ് അന്വേഷണ സാധ്യത ആലോചിക്കുന്നുണ്ടെന്നാണ് അറിയുന്നത്.
Post Your Comments