Latest NewsNewsInternational

ദാവൂദ് ഇബ്രാഹിമിന്റെ സാമ്രാജ്യം നിരവധി രാജ്യങ്ങളില്‍ പടര്‍ന്നുകിടക്കുന്നതായി റിപ്പോര്‍ട്ട്‌

ലണ്ടന്‍: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന് ബ്രിട്ടണില്‍ ഹോട്ടലുകളും ആഡംബര വസതികളുമടക്കം കോടികളുടെ സമ്പാദ്യമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ ഇന്ത്യ, യുഎഇ, സ്‌പെയിന്‍, മൊറോക്കോ, തുര്‍ക്കി, സൈപ്രസ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ പടര്‍ന്നുകിടക്കുന്നതാണ് ദാവൂദ് ഇബ്രാഹിമിന്റെ സാമ്രാജ്യം. ബ്രിട്ടീഷ് പത്രമായ ദി ടൈംസ് ആണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. ദാവൂദിന്റെ ബ്രിട്ടണിലെ സ്വത്തുക്കള്‍ വലംകൈയായ മുഹമ്മദ് ഇഖ്ബാല്‍ എന്ന മിര്‍ച്ചി മേമനാണ് കൈകാര്യം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇന്ത്യന്‍ അധികൃതര്‍ ബ്രിട്ടീഷ് സര്‍ക്കാരിന് കൈമാറിയ രേഖകളില്‍ നിന്നു കിട്ടിയ വിവരങ്ങളും പനാമ പേപ്പര്‍ വിവരങ്ങളും പരിശോധിച്ചാണ് ടൈംസ് വിവരങ്ങള്‍ പുറത്തുവിട്ടത്. ഹോട്ടലുകള്‍, ബംഗ്ലാവുകള്‍, ആഡംബര വസതികള്‍, ടവര്‍ ബ്ലോക്കുകള്‍ തുടങ്ങിയ കോടികള്‍ മതിക്കുന്ന ആസ്തികളാണ് ദാവൂദിന് ബ്രിട്ടണിലുള്ളത്. ദാവൂദിന്റെ പ്രവര്‍ത്തനങ്ങള്‍ മക് മാഫിയ എന്ന ബിബിസി പരമ്പരയെ അനുസ്മരിപ്പിക്കുന്നതാണെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. അധോലോകങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പരമ്പരയാണ് മക് മാഫിയ.

ദാവൂദിന്റെ ആസ്തികള്‍ക്ക് പുതിയതായി നടപ്പിലാക്കാന്‍ പോകുന്ന നിയമം ബാധകമായേക്കും. ഇങ്ങനെയായാല്‍ അവ സര്‍ക്കാരിന് ഏറ്റെടുക്കാന്‍ സാധിച്ചേക്കുമെന്നാണ് വിവരം. ദാവൂദ് പാകിസ്താനില്‍ ഒളിവില്‍ കഴിയുന്നു എന്നാണ് ഇന്ത്യന്‍ അധികൃതര്‍ നിരന്തരം ഉന്നയിക്കുന്നത്. ഇക്കാര്യം പാകിസ്താന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. ദാവൂദിനെതിരെ ഇന്റര്‍ പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പാകിസ്താനിലെ മൂന്നുവിലാസത്തില്‍ വാങ്ങിയിട്ടുള്ള ആസ്തികള്‍ ബ്രിട്ടണ്‍ മരവിപ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button