Latest NewsNewsInternational

രണ്ട് അമ്മമാരും ഒരു അച്ഛനുമുള്ള കുഞ്ഞുങ്ങളുടെ ജനനത്തിന് ഈ രാജ്യത്ത് നിയമാനുമതി

ബ്രിട്ടന്‍: രണ്ട് അമ്മമാരും ഒരു അച്ഛനുമുള്ള കുഞ്ഞുങ്ങളുടെ ജനനത്തിന് ബ്രിട്ടനില്‍ നിയമാനുമതി. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഗര്‍ഭധാരണസംബന്ധിയായ നിയമങ്ങള്‍ നിയന്ത്രിക്കുന്ന എച്ച്.എഫ്.ഇ.എ., ന്യൂകാസില്‍ ഫെര്‍ട്ടിലിറ്റി സെന്ററിന് അനുമതിനല്‍കിയത്. അമ്മയില്‍നിന്ന് കുഞ്ഞിലേക്ക് പകരുന്ന ജനിതകവൈകല്യം മൂലമുള്ള മാരകരോഗം തടയാനാണ് ഈ അനുമതി. രണ്ട് അമ്മമാര്‍ക്കാണ് ഈ രീതിയില്‍ കുഞ്ഞുങ്ങളുണ്ടാകാന്‍ അനുമതി. മയോക്ലോണിക് എപിലെപ്സി വിത്ത് റാഗ്ഡ് റെഡ് ഫൈബേഴ്സ് (എം.ഇ.ആര്‍.ആര്‍.എഫ്.) എന്ന ലക്ഷത്തില്‍ ഒരാള്‍ക്ക് ഉണ്ടാകുന്ന അപൂര്‍വമായ നാഡീരോഗം ജനിതകമായി മക്കളിലേക്ക് പടരുന്നത് തടയാനാണ് ഈ നടപടി.

മൈറ്റോകോണ്‍ഡ്രിയല്‍ വൈകല്യമുള്ള അമ്മയുടെ അണ്ഡവും അച്ഛന്റെ ബീജവും ഗര്‍ഭപാത്രത്തിന് വെളിയില്‍ ബീജസങ്കലനത്തിന് വിധേയമാക്കുകയാണ് ഈ ചികിത്സയുടെ ആദ്യപടി. ബീജസങ്കലനം കഴിഞ്ഞ അണ്ഡത്തിന്റെ കോശകേന്ദ്രത്തിലെ ക്രോമോസോമുകള്‍മാത്രം എടുത്ത് രോഗമില്ലാത്ത സ്ത്രീയില്‍നിന്നെടുത്ത അണ്ഡത്തില്‍ സ്ഥാപിക്കും. ദാതാവായ ഈ സ്ത്രീയുടെ രോഗമില്ലാത്ത മൈറ്റോകോണ്‍ഡ്രിയ കുഞ്ഞിന് ലഭിക്കാനാണിത്. കോശവിഭജനത്തിലൂടെ ഭ്രൂണവും കുഞ്ഞുമായിമാറുന്ന ഈ അണ്ഡത്തെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നതോടെ ചികിത്സയുടെ നടപടി പൂര്‍ത്തിയാവുന്നു.

ഇങ്ങനെ ജനിക്കുന്ന കുഞ്ഞിന്റെ പ്രധാന ഡി.എന്‍.എ. യഥാര്‍ഥമാതാപിതാക്കളുടേതായിരിക്കും. ലോകത്ത് ആദ്യമായി ഈ രീതിയില്‍ കുഞ്ഞുപിറന്നത് മെക്സിക്കോയിലാണ്; 2016 ഏപ്രില്‍ ആറിന്. ജോര്‍ദാനിയക്കാരായ ദമ്പതിമാര്‍ മറ്റൊരുസ്ത്രീയുടെ മൈറ്റോകോണ്‍ഡ്രിയ സ്വീകരിക്കുകയായിരുന്നു. അമേരിക്കന്‍ ജനിതകഡോക്ടറാണ് ഇതിനവരെ സഹായിച്ചത്. മെക്സിക്കോയില്‍ ഈപരീക്ഷണത്തിന് മുന്‍പേതന്നെ നിയമവിലക്കുകളില്ല.

മനുഷ്യകോശങ്ങള്‍ക്കുള്ളിലുള്ള മൈറ്റോകോണ്‍ട്രിയയിലെ വൈകല്യമാണ് രോഗകാരണം. അമ്മമാരില്‍നിന്നാണ് മൈറ്റോകോണ്‍ഡ്രിയ മക്കള്‍ക്ക് ലഭിക്കുന്നത്. ഈരോഗമുള്ളവര്‍ക്ക് ബാല്യത്തിലോ കൗമാരത്തിലോ അപസ്മാരബാധ ആരംഭിക്കുന്നു. ക്രമേണ രോഗിക്ക് സ്വന്തം മാംസപേശികളിലുളള നിയന്ത്രണം നഷ്ടപ്പെടുകയും തുടര്‍ന്ന് ബധിരത, ഓര്‍മക്കുറവ് എന്നിവയുണ്ടാവുകയും അകാലത്തില്‍ മരിക്കുകയുംചെയ്യും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button