ദുബായ് : അബുദാബിക്ക് പിന്നാലെ ദുബായിലെ ഗ്രോസറികളുടെയും മുഖവും ഘടനയും മാറുന്നതിന്റെ ഭാഗമായി അധികൃതരുടെ പരിശോധനകള്‍ തുടരുന്നു. പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തിപ്പുകാര്‍ക്ക് ശില്‍പശാലകള്‍ നടത്തിവരുന്നു. ഈ വര്‍ഷം ഇതുവരെ15 ശില്‍പശാലകള്‍ നടത്തി. കൂടാതെ, അധികൃതര്‍ 532 സന്ദര്‍ശനങ്ങളും നടത്തി. രണ്ടും ഈ വര്‍ഷവും തുടരും. ഗ്രോസറികള്‍ക്ക് രാജ്യാന്തര നിലവാരം വരുത്തുകയാണ് അധികൃതരുടെ ഉദ്ദേശം.
ദുബായിലെ ഗ്രോസറികള്‍ ഭൂരിഭാഗവും മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ് നടത്തിവരുന്നത്. അടുത്തകാലത്ത് സൂപ്പര്‍ മാര്‍ക്കറ്റുകളുടെ എണ്ണം വര്‍ധിച്ചത് മൂലം ഇവര്‍ വളരെ ചെറിയ ലാഭത്തിനാണ് പ്രവര്‍ത്തതിച്ചുവരുന്നത്. പുതിയ മാനദണ്ഡം നടപ്പിലാക്കാന്‍ വന്‍ തുക ഗ്രോസറികള്‍ക്ക് ആവശ്യമായി വരും. ഇത് നടത്തിപ്പുകാരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന് കരുതുന്നു.
ചെറുകിട പലവ്യഞ്ജന സ്ഥാപനങ്ങളുടെ പുറംഭാഗം, ഉള്‍വശം എന്നിവ മിനുക്കുകയും ഘടനയില്‍ മാറ്റം വരുത്തുകയും വേണമെന്നതാണ് ദുബായ് സാമ്പത്തിക വിഭാഗത്തിന്റെ നിര്‍ദേശം. ലൈസന്‍സ് പുതുക്കാന്‍ പുതിയ മാനദണ്ഡങ്ങള്‍ നടപ്പിലാക്കണം. ഗ്രോസറികളുടെ ഘടനയും പ്രവര്‍ത്തനവും ഏകീകരിക്കുന്നതിന് വേണ്ടിയാണിത്. നവീകരണത്തിന് ഈ വര്‍ഷം അവസാനം വരെ സമയം അനുവദിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കല്‍, കടയുടെ അകംഭാഗത്തെ ഘടന മെച്ചപ്പെടുത്തല്‍, ലോഗോയിലെ ഏകത, ബ്രാന്‍ഡിലെ വ്യക്തിത്വം, നിറം, പുറംഭാഗം, വെളിച്ചത്തിന്റെ ക്രമീകരണം തുടങ്ങിയ സകല മേഖലകളിലും രാജ്യാന്തര നിലവാരം വേണമെന്നാണ് നിര്‍ദേശം. ദുബായ് മുനിസിപാലിറ്റിയിലെ പൊതു ആരോഗ്യം, സുരക്ഷാ വിഭാഗം നവീകരിച്ച ഗ്രോസറികള്‍ പരിശോധിക്കും. ഗ്രോസറിയുടെ രൂപഘടന, ഉത്പന്നങ്ങളുടെ വിതരണം, തരംതിരിക്കല്‍, ശേഖരണം, ആരോഗ്യ-ശുചിത്രം, പുകവലി, നിരോധിക്കപ്പെട്ട മൃഗങ്ങളുടെ വില്‍പന എന്നിവ സംബന്ധമായതെല്ലാം പരിശോധന നടത്തും.
ഗ്രോസറികളുടെ നവീകരണം വഴി ദുബായ് ലോകത്തെ ഏറ്റവും മികച്ച ഷോപ്പിങ്, റിടെയ്ല്‍ കേന്ദ്രമെന്ന ഖ്യാതി നഷ്ടപ്പെടാതെ സൂക്ഷിക്കുമെന്ന് ഡെവലപ് മെന്റ് ആന്‍ഡ് ഫോളോ അപ്പ്, ബിസിനസ് റജിസ്‌ട്രേഷന്‍ ആന്‍ഡ് ലൈസന്‍സിങ് വിഭാഗം ഡയറക്ടര്‍ ഉമര്‍ അല്‍ മഹീരി പറഞ്ഞു. കഴിഞ്ഞ വര്‍ഷം മുതല്‍ ദുബായ് സാമ്പത്തിക വിഭാഗം ഗ്രോസറി പരിശോധന നടത്തുന്നുണ്ട്. ശരിയായ രീതിയില്‍ ഗ്രോസറി നവീകരണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അല്‍ മഹീരി പറഞ്ഞു.
Post Your Comments