ചെന്നൈ : 152 വര്‍ഷത്തിനുശേഷം ബുധനാഴ്ച വൈകീട്ട് മൂന്ന് അപൂര്‍വതയോടെയായിരിക്കും ആകാശത്ത് അമ്പിളിയുദിക്കുക. ബുധനാഴ്ച വൈകീട്ട് 5.18 മുതല്‍ രാത്രി 8.43 വരെ ചന്ദ്രനെ ഇങ്ങനെ കാണാമെങ്കിലും കേരളത്തില്‍ അതിനിടയിലുള്ള 71 മിനിറ്റ് മാത്രമാണ് സാധ്യത. ആകാശം മേഘാവൃതമാണെങ്കില്‍ അതും മങ്ങും. ഗ്രഹണം കഴിഞ്ഞയുടനെ ഓറഞ്ചുകലര്‍ന്ന ചുവപ്പിലായിരിക്കും ചന്ദ്രന് ദൃശ്യമാകുക. സൂപ്പര്‍മൂണ്‍, ബ്ളൂമൂണ്‍, ബ്ളഡ്മൂണ്‍ എന്നിങ്ങനെ ശാസ്ത്രലോകം വിശേഷിപ്പിക്കുന്നതാണ് ഈ പ്രതിഭാസം. ചന്ദ്രന്റെ നിറം കടും ഓറഞ്ചാകും. വലുപ്പം ഏഴുശതമാനവും പ്രഭ 30 ശതമാനത്തിലേറെയും വര്‍ധിക്കും. ഈ മൂന്ന് ചാന്ദ്രപ്രതിഭാസവും ഒടുവില്‍ ഒന്നിച്ചത് 1866 മാര്‍ച്ച് 31-നായിരുന്നു.
ചന്ദ്രന് ഭൂമിയെ ചുറ്റുന്ന ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന സമയവുമാണിത്. അതിനാലാണ് പതിവില്‍നിന്ന് വ്യത്യസ്തമായി ചന്ദ്രനെ വലുപ്പത്തില്‍ കാണുന്നത് ‘സൂപ്പര്‍മൂണ്‍’ എന്നുവിശേഷിപ്പിക്കുന്നതും അതുകൊണ്ടുതന്നെ. ബുധനാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണവുമാണ്. ഒരുമാസംതന്നെ രണ്ടു പൂര്ണചന്ദ്രന് വന്നാല്‍ അതിനുപറയുന്ന പേരാണ് ‘ബ്ലൂമൂണ്‍’.
പേരിലുള്ള നീലനിറവുമായി അതിനൊരു ബന്ധവുമില്ല. ചന്ദ്രഗ്രഹണമായതിനാല്‍ ചുവപ്പുനിറത്തില്‍ കാണപ്പെടുന്നതുകൊണ്ടാണ് ‘ബ്ലഡ് മൂണ്‍’ എന്നുവിശേഷിപ്പിക്കുന്നത്. സൂപ്പര്‍ മൂണോ ബ്ളഡ് മൂണോ ഭൂമിയില്‍ മനുഷ്യര്‍ക്കോ മറ്റുജീവജാലങ്ങള്‍ക്കോ ഒരു പ്രശ്നവുമുണ്ടാക്കില്ല. എന്നാല്‍, സാധാരണ പൗര്‍ണമിയെ അപേക്ഷിച്ച് സൂര്യന്, ഭൂമി, ചന്ദ്രന് എന്നിവ നേര്‍രേഖയില്‍ വരുന്നതിനാലും ചന്ദ്രന് ഭൂമിയോട് വളരെ അടുത്തായതിനാലും കടലില്‍ വേലിയേറ്റത്തിന് ശക്തികൂടുതലായിരിക്കും.
Post Your Comments