ഇസ്ലാമാബാദ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ് ഉൾക്കൊണ്ട് പാക്കിസ്ഥാൻ. കഴിഞ്ഞവർഷം നവംബറിൽ താലിബാന്റെയും ഹഖാനി നെറ്റ്വർക്കിന്റെയും 27 ഭീകരരെ അഫ്ഗാനിസ്ഥാനു കൈമാറിയതായി പാക്ക് ഉന്നതോദ്യോഗസ്ഥർ വെളിപ്പെടുത്തി. പാക്ക് വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസൽ അഫ്ഗാനിസ്ഥാനിലെ ഭീകരവാദ പ്രവർത്തനങ്ങൾക്കു പാക്കിസ്ഥാനെ ഉപയോഗിക്കുന്നതു തടയാൻ രാഷ്ട്രം പ്രതിജ്ഞാബദ്ധമാണെന്നു ട്വിറ്ററിൽ വ്യക്തമാക്കി.
പാക്കിസ്ഥാനു ഭീകരവാദത്തിന്റെ പേരിൽ 75,000 സാധാരണക്കാരെയും 6000 സൈനികരെയുമാണു നഷ്ടമായിട്ടുള്ളത്. പാക്കിസ്ഥാനാണ് രാജ്യാന്തരതലത്തിൽ തന്നെ ഏറ്റവും കൂടുതൽ സൈനികരെ നഷ്ടമായിട്ടുള്ളതും. മാത്രമല്ല ഭീകരവാദത്തിനെതിരായ യുദ്ധത്തിന്റെ ഭാഗമായി 123 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടവും പാക്കിസ്ഥാനുണ്ടായി. മുഹമ്മദ് ഫൈസൽ പുതിയ നീക്കത്തിൽ അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനിയിൽ നിന്നു മറുപടി ലഭിച്ചതായും അറിയിച്ചു. ഇതിനിടെ, 100 പേർ കൊല്ലപ്പെട്ട ആംബുലൻസ് സ്ഫോടനത്തിനു പിന്നാലെ അഫ്ഗാൻ ഉന്നതതല സംഘം പാക്കിസ്ഥാൻ സന്ദർശനത്തിനു തയാറായി. മന്ത്രിയും അഫ്ഗാൻ ദേശീയ സുരക്ഷാ മന്ത്രാലയ മേധാവിയുമടങ്ങുന്ന സംഘമാണു പാക്കിസ്ഥാൻ സന്ദർശിക്കുന്നത്.
Post Your Comments