കാബൂൾ : താലിബാൻ ഭീകരരുമായി ചർച്ചയില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനെത്തുടർന്ന് താലിബാനെ യുദ്ധക്കളത്തിൽത്തന്നെ തോൽപിക്കേണ്ടതുണ്ടെന്ന് അഫ്ഗാനിസ്ഥാൻ. കാബൂളിൽ താലിബാൻ നടത്തിയ വൻ ചാവേർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ താലിബാനുമായി ചർച്ചയില്ലെന്നു തിങ്കളാഴ്ച ട്രംപ് വൈറ്റ് ഹൗസിൽ പ്രഖ്യാപിച്ചു. നേരത്തേ ഐക്യരാഷ്ട്രസംഘടനയിലെ യുഎസ് പ്രതിനിധി നിക്കി ഹേലി താലിബാനെ എങ്ങനെയെങ്കിലും സമാധാന ചർച്ചയിലേക്കു കൊണ്ടുവരാനാണു തങ്ങൾ ശ്രമിക്കുന്നതെന്നു പ്രസ്താവിച്ചിരുന്നു.
അമേരിക്ക ആഗ്രഹിക്കുന്നതു യുദ്ധം തുടരാനും അതിന്റെ മറവിൽ അഫ്ഗാൻ അധിനിവേശം നീട്ടിക്കൊണ്ടുപോകാനുമാണെന്നു താലിബാൻ ആരോപിച്ചു.ശനിയാഴ്ച ചാവേർ ആക്രമണത്തിൽ നൂറിലേറെപ്പേരെ വധിക്കുകയും 235 പേരെ പരുക്കേൽപിക്കുകയും ചെയ്തതിലൂടെ താലിബാൻ ‘ചുവപ്പുരേഖ’ മറികടന്നെന്നും ഇതോടെ സമാധാനത്തിന്റെ സാധ്യത ഇല്ലാതായെന്നും അഫ്ഗാൻ പ്രസിഡന്റിന്റെ വക്താവ് ഷാ ഹുസൈൻ മുർതാസ്വാവിയും പ്രതികരിച്ചിരുന്നു. ഈ പ്രസ്താവനകളെല്ലാം താലിബാനെതിരെ അഫ്ഗാനിൽ രൂക്ഷമായ മറ്റൊരു യുദ്ധത്തിന്റെ സാധ്യതയാണു സൂചിപ്പിക്കുന്നത്. യുഎസുമായി താലിബാനും സമാധാന ചർച്ചയ്ക്കില്ലെന്നു താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പ്രസ്താവനയിൽ അറിയിച്ചു.
Post Your Comments