Latest NewsNewsInternational

സാമിന്റെ കൊലപാതകം : നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്

മെല്‍ബണ്‍: ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച കൊലപാതക കേസിന്റെ ചുരുളഴിയുന്നു. ജൂറി വിചാരണയുടെ രണ്ടാം ദിവസമാണ് നിര്‍ണായകകമായ പല തെളിവുകളും പ്രോസിക്യൂഷന്‍ കോടതി മുമ്പാകെ ഹാജരാക്കിയത്. സാമിനെ വകവരുത്തി അരുണിനൊപ്പം ജീവിക്കാന്‍ ജോഫിയ നേരത്തെ പദ്ധതി തയ്യാറാക്കിയെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവന്നത്. സാം എബ്രഹാം കൊലപാതക കേസില്‍ വിചാരണ തുടങ്ങിയതോടെ ജാര കമിതാക്കളായ സോഫിയക്കും അരുണ്‍ കമലാസനനും എതിരായ തെളിവുകള്‍ പുറത്തുവന്നു. ഇരുവരെയും വെട്ടിലാക്കുന്ന തെളിവുകളും വിചാരണാ വേളയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. ഇരുവരും തമ്മില്‍ സംസാരിക്കാന്‍ പ്രത്യേകം സിം തന്നെ ഉപയോഗിച്ചിരുന്നു. അരുണിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഒരു മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് സോഫിയ സ്ഥിരമായി അരുണിനെ വിളിച്ചത്.

ഇത് സംബന്ധിച്ച തെളിവുകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. സാമിന്റെ മരണ ശേഷം 2016 മാര്‍ച്ചില്‍ സാമിന്റെ പേരിലുള്ള കാര്‍ അരുണിന്റെ പേരിലേക്ക് മാറ്റിയതിന്റെ തെളിവുകളും ജൂറി പരിശോധിച്ചു. പ്രതികള്‍ രണ്ടു പേരും ഒരുമിച്ചു കാറില്‍ സഞ്ചരിക്കുന്നതിന്റെയും ലേലോര്‍ ട്രെയിന്‍ സ്റ്റേഷനില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം ട്രെയിന്‍ കയറാനായി പോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളും ജൂറിക്ക് മുന്നില്‍ ഹാജരാക്കി. അരുണ്‍ കമലാസനന്റെ വിലാസം ഉപയോഗിച്ച്‌ സോഫിയ ഇന്ത്യയിലേക്ക് പണമയച്ചതിന്റെ രേഖകളും ഹാജരാക്കിയിട്ടുണ്ട്. ഈ തെളിവുകള്‍ ശരിയാണെന്ന് സോഫിയ സമ്മതിച്ചതായാണ് പ്രോസിക്യൂഷന്‍ ജൂറിക്ക് മുന്നില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള സി സി ടി വി ദൃശ്യങ്ങലും, സോഫിയ അരുണുമായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ കോള്‍ ലിസ്റ്റും പ്രോസിക്യൂട്ടര്‍ കെറി ജഡ്, QC, ജൂറിക്ക് മുന്നില്‍ ഹാജരാക്കി.

ഭര്‍ത്താവിനെ ഒഴിവാക്കി ഒരുമിച്ച്‌ ജീവിക്കാന്‍ വേണ്ടി നേരത്തെ പദ്ധതിയിട്ടിരുന്നു എന്ന വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവന്നത്. 2014 ജനുവരിയില്‍ കോമണ്‍വെല്‍ത്ത് ബാങ്കില്‍ സോഫിയയും അരുണും ജോയിന്റ് അക്കൗണ്ട് തുറന്നിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയ തെളിവുകള്‍. സംഭവദിവസം സാമും സോഫിയയും ആറര വയസുകാരനായ മകനും ഒരേ കട്ടിലിലാണ് കിടന്നുറങ്ങിയതെന്നും, സോഫിയ അല്ല വിഷം കൊടുത്തതെങ്കില്‍ പോലും എന്താണ് സംഭവിക്കുന്നത് എന്ന കാര്യം അവര്‍ അറിഞ്ഞിരിക്കുമെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലര്‍ത്തിയാണ് ഇരുവരും സാം എബ്രഹാമിനെ വകവരുത്തിയത്. ഇത് സംബന്ധിച്ച നിര്‍ണായക തെളിവുകളും പുറത്തുവന്നു. 2015 ഒക്ടോബര്‍ 14 നു രാവിലെ എപ്പിംഗിലെ വസതിയില്‍ സാം ചലനമറ്റു കിടക്കുന്നതിന്റെ ദൃശ്യങ്ങളാണ് കോടതിയില്‍ ഹാജരാക്കിയത്.

ഇതിന്റെ സമീപത്തും നിന്നും ഒരു പാത്രത്തില്‍ ഓറഞ്ച് ജ്യൂസ് ഇരിക്കുന്നതും ചിത്രങ്ങളില്‍ വ്യക്തമാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഒരു ലിറ്ററിന് 35 മില്ലിഗ്രാം എന്ന കണക്കിന് രക്തത്തില്‍ നിന്നും, ഒരു കിലോഗ്രാമിന് 28 മില്ലിഗ്രാം എന്ന കണക്കിന് കരളില്‍ നിന്നും സയനൈഡിന്റെ അംശം കണ്ടെത്തിയിരുന്നതായി ടോക്സിക്കോളജി റിപ്പോര്‍ട്ട് പറയുന്നു. കൂടാതെ മയക്കി കിടത്താനുള്ള മരുന്നിന്റെ അംശവും പോസ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഉറങ്ങും മുന്‍പ് സോഫിയ സാമിന് ഒരു ഗ്ലാസ് ഓറഞ്ച് ജോസ് നല്‍കിയിരുന്നതായി സമ്മതിച്ചിട്ടുണ്ട്. കൂടാതെ ഒരു ഗ്ലാസ് പിനീട് സാമിന് കുടിക്കാനായി അടുക്കളയില്‍ തന്നെ വച്ചിരുന്നതായും സോഫിയ പറഞ്ഞതായി പ്രോസിക്യൂഷന്‍ ജൂറിയെ അറിയിച്ചു. നേരത്തെ സോഫിയയും അരുണും തമ്മിലുള്ള ബന്ധത്തിന് തെളിവായി ഇരുവരുടെയും ഡയറിക്കുറിപ്പുകളാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. 2013 ജനുവരി മുതല്‍ സോഫിയ ഡയറിക്കുറിപ്പുകള്‍ എഴുതിയിരുന്നു. ഇംഗ്ലീഷ്, ഹിന്ദി മലയാളം എന്നീ ഭാഷകളിലായാണ് സോഫിയ ഡയറി എഴുതിയിരിക്കുന്നത്.

‘ഒരു രഹസ്യം ഉള്ളതുകൊണ്ടാണ് ഈ ഡയറി എഴുതുന്നതെന്നും, അത് പിന്നീട് പറയാമെന്നും’ അരുണിനോട് എന്ന പോലെ ഈ ഡയറിയില്‍ സോഫിയ എഴുതിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള പ്രണയത്തെ സൂചിപ്പിക്കുന്ന നിരവധി വാചകങ്ങളും ഡയറിയില്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. ആ രാത്രിയില്‍ അരുണ്‍ കമലാസനന്‍ സാമിന്റെ വീട്ടില്‍ എത്തിയിരുന്നതായും, എന്നാല്‍ ബലം പ്രയോഗിച്ച്‌ അകത്തു കടന്നതിന്റെ തെളിവുകളൊന്നുമില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് കേസില്‍ നിര്‍ണായകമാകുമെന്നാണ് കരുതുന്നത്. സോഫിയും അരുണും തമ്മലുള്ള അവിഹിത ബന്ധം തെളിയിക്കാന്‍ പോന്നതാണ് ഈ തെളിവുകള്‍. സാമിന്റെ മൃതദേഹം പോസ്റ്മോര്‍ട്ടം നടത്തിയ ശേഷം ടോക്സിക്കോളജി റിപ്പോര്‍ട്ടിലാണ് മരണകാരണം സയനൈഡ് ആണെന്ന് കണ്ടെത്തിയത്. ഇതിന്റെ അംശം അപകടകരമായ അളവില്‍ സാമിന്റെ ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം അരുണും സോഫിയയും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നില്ലെന്നാണ് അരുണിന്റെ അഭിഭാഷകന്‍ വാദിച്ചത്. അരുണ്‍ കൊലപാതകം നടത്തിയിട്ടില്ലെന്നും കൊലപാതകം നടത്താനായി അരുണും സോഫിയയുമായി ഒരു ധാരണയുമുണ്ടാക്കിയിരുന്നില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. സാം ആത്മഹത്യ ചെയ്തതാണോ എന്ന സാധ്യതയെ കുറിച്ച്‌ അന്വേഷിക്കണമെന്നും അരുണിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. വിക്ടോറിയന്‍ സുപ്രീം കോടതിയിലാണ് വിചാരണാ നടപടികള്‍ നടക്കുന്നത്. കേസില്‍ വില്ലനായത് സോഫിയയുടെ ഇരട്ടപ്രണയമായിരുന്നു. കോളേജ് കാലത്ത് അടിച്ചുപൊളി ജീവിതം നയിച്ച സോഫി ഒരേസമയം രണ്ട് പേരെയാണ് പ്രണയിച്ചത്.

സ്കൂള്‍ കാലം തൊട്ട് പരിചയമുണ്ടായിരുന്ന സാമിനെ പ്രേമിച്ചപ്പോള്‍ തന്നെ കോളേജ് കാലത്ത് പരിചയപ്പെട്ട അരുണ്‍ കമലാസനനുമായി അടുക്കുകയും ചെയ്തു. കോളേജ് കാലത്ത ഇവരുടെ പ്രണയം അന്നത്തെ സഹപാഠികള്‍ക്ക് അറിയുകയും ചെയ്യുമായിരുന്നു. എന്നാല്‍, വ്യത്യസ്ത മതക്കാരായതിനാല്‍ പ്രതിബന്ധങ്ങളെ ഭേദിച്ച്‌ വിവാഹത്തിലൂടെ ഒരുമിക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല. അതേസമയം സാം എബ്രഹാമുമായുള്ള പ്രണയം വീട്ടുകാര്‍ ഇടപെട്ട് കല്യാണത്തില്‍ കലാശിക്കുകയും ചെയ്തു. എന്നാല്‍, അരുണുമായുള്ള ബന്ധം ഇതേസമയം തന്നെ സോഫി തുടരുകയും ചെയ്തു. ഈ പ്രണയാണ് ഒടുവില്‍ സാമിന്റെ ജീവനെടുത്തത്. പ്രണയച്ചതിയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍ വാദം.അരുണ്‍ കമലാസനന്റെ മറ്റൊരു കാമുകിയായിരുന്നു വിവരം പൊലീസിനെ അറിയിച്ചത്. തനിക്ക് അരുണിനെ നഷ്ടമാകുമെന്ന തിരിച്ചറിവായിരുന്നു ഈ വിദേശ മലയാളിയെ തുറന്നു പറച്ചിലിന് തയ്യാറാക്കിയതെന്നാണ് സൂചന.

സാം കൊല്ലപ്പെട്ടു ദിവസങ്ങള്‍ക്കു ശേഷം പൊലീസിനു ലഭിച്ച അജ്ഞാതാ ഫോണ്‍ കോളായിരുന്നു. കേസില്‍ വിചാരണ തുടരവേയാണ് സാക്ഷിയെ കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവരുന്നത്. മടങ്ങിയെത്തിയ സോഫിയെ സാമിന്റെ സുഹൃത്തുക്കളും സോഫിയുടെ പരിചയക്കാരും ഉള്‍പ്പെടെ പലരും നിരീക്ഷിക്കാന്‍ തുടങ്ങി. ഭര്‍ത്താവ് മരിച്ചു ദിവസങ്ങള്‍ കഴിയും മുന്‍പേ കാമുകനുമൊത്തുള്ള കറക്കവും മറ്റും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഭര്‍ത്താവ് മരിച്ച ഒരു യുവതിയുടെ ശരീരഭാഷയും മാനസിക ഭാഷയും ആയിരുന്നില്ല സോഫിയില്‍ കണ്ടത്. ഈ സാഹചര്യത്തിലായിരുന്നു അജ്ഞാത യുവതിയുടെ ഫോണ്‍ സംഭാഷണമെത്തിയത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയശേഷം സുഖംജീവിതം നയിക്കാമെന്ന സോഫിയയുടെയും കാമുകന്‍ അരുണ്‍ കമലാസനന്റെയും പദ്ധതി അതോടെ തകരുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button