KeralaLatest NewsNews

ആശ്രിത പെന്‍ഷന്‍; ക്ഷേമപെന്‍ഷനുകളില്‍ വ്യാപക തട്ടിപ്പ്…

കോട്ടയം: വിധവാ, ആശ്രിത പെന്‍ഷന്‍ ഉള്‍പ്പെടെ ക്ഷേമ പെന്‍ഷനുകളില്‍ വ്യാപകതട്ടിപ്പു കണ്ടെത്തി. പുനര്‍വിവാഹിതര്‍ വിധവാ പെന്‍ഷന്‍ വാങ്ങുന്നതായും ഗുണഭോക്താവ് മരിച്ചിട്ടും ആശ്രിതര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നതായുമാണു ധനകാര്യ ജില്ലാതല സ്‌ക്വാഡുകളുടെ പരിശോധനയില്‍ കണ്ടെത്തിയത്.

തെരഞ്ഞെടുക്കപ്പെട്ട പ്രാഥമിക സഹകരണസംഘങ്ങള്‍ മുഖേന ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചതോടെയാണു പരാതികളുടെ അടിസ്ഥാനത്തില്‍ ധനവകുപ്പ് പരിശോധന നടത്തിയത്. ക്രമക്കേട് കണ്ടെത്തിയതിനേത്തുടര്‍ന്നു കര്‍ശനനടപടിയെടുക്കാന്‍ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കു നിര്‍ദേശം നല്‍കി.

ഗുണഭോക്താവ് മരിച്ചതോ വിധവാ പെന്‍ഷന്‍ വാങ്ങുന്നയാള്‍ പുനര്‍വിവാഹം ചെയ്തതോ ശ്രദ്ധയില്‍പ്പെട്ടാല്‍ പെന്‍ഷന്‍ എത്തിക്കുന്ന സഹകരണ ഏജന്റ് വിവരം ഉടന്‍ സംഘം സെക്രട്ടറിയെ അറിയിക്കണമെന്നാണു നിര്‍ദേശം. സെക്രട്ടറി ഈ വിവരം കമ്ബ്യൂട്ടറില്‍ ചേര്‍ക്കുന്നതിനൊപ്പം പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കണം. പഞ്ചായത്ത് സെക്രട്ടറിയാണു പെന്‍ഷന്‍ റദ്ദാക്കാന്‍ നടപടിയെടുക്കേണ്ടത്. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായാല്‍ ഗൗരവമായെടുക്കുമെന്നു ധനവകുപ്പ് മുന്നറിയിപ്പു നല്‍കി.

മറ്റെതേങ്കിലും തദ്ദേശസ്ഥാപനപരിധിയിലാണു മരണമോ പുനര്‍വിവാഹമോ നടന്നതെങ്കില്‍ അവിടുത്തെ തദ്ദേശ സെക്രട്ടറി മാതൃപഞ്ചായത്തിലെ സെക്രട്ടറിയെ അറിയിക്കണം. പിന്നീടും പെന്‍ഷന്‍ വിതരണം തുടര്‍ന്നാല്‍, വിവരമറിഞ്ഞിട്ടും നടപടിയെടുക്കാത്ത സെക്രട്ടറിയുടെ വീഴ്ചയായി കണക്കാക്കും.

മരണവും പുനര്‍വിവാഹവും യഥാസമയം റിപ്പോര്‍ട്ട് ചെയ്യാതെ സര്‍ക്കാരിനെ കബളിപ്പിച്ചു പെന്‍ഷന്‍ വാങ്ങിയാല്‍ തിരിച്ചുപിടിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം. ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍, മരിച്ചവരെയും സ്ഥലം മാറിപ്പോയവരെയും ഒഴിവാക്കി സാമൂഹികസുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ പുതുക്കിയ പട്ടിക അടിയന്തരമായി തയാറാക്കണമെന്നും ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button