കൊച്ചി: പത്തനംതിട്ട സ്വദേശിയായ യുവതിയെ മതംമാറ്റി സിറിയയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച കേസിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണം ഏറ്റെടുത്തതെന്ന് എന്‍ഐഎ ഹൈക്കോടതിയെ അറിയിച്ചു. പ്രതികള്‍ക്ക് എതിരെ യുഎപിഎ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
ഗുജറാത്തില്‍ സ്ഥിരതാമസമാക്കിയ പത്തനംതിട്ട സ്വദേശിയായ യുവതി നല്കിയ കേസിന്റെ അന്വേഷണമാണ് എന്‍ഐഎ ഏറ്റെടുത്തത്. 2015 ല്‍ ബംഗലുരുവില്‍ പഠിക്കുന്ന സമയത്ത് മാഹി സ്വദേശി റിയാസുമായി അടുപ്പത്തിലായ തന്നെ ഭീഷണിപ്പെടുത്തി മതംമാറ്റി വിവാഹം കഴിച്ചെന്നാണ് യുവതിയുടെ പരാതി. തുടര്‍ന്ന് സൗദി അറേബ്യയിലെത്തിച്ച് സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചപ്പോള്‍ രക്ഷപ്പെടുകയായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. സംസ്ഥാന പൊലീസ് അന്വേഷിച്ച കേസില്‍ മൂന്നാഴ്ച മുന്‍പ് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. വിവാഹത്തിന് സഹായം ചെയ്ത റിയാസിന്റെ ബന്ധുവും എറണാകുളം പറവൂര്‍ സ്വദേശിയുമായ ഫയാസും, മാഞ്ഞാലി സ്വദേശി സിയാദുമാണ് പിടിയിലായത്. ഇവരടക്കം 9 പേര്‍ക്ക് എതിരെ കേസെടുത്തിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
കേസിലെ മുഖ്യപ്രതി റിയാസ് നിലവില്‍ സൗദി അറേബ്യയിലാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കേസന്വേഷണം എന്‍ഐഎ ഏറ്റെടുത്തത്. അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്നും പ്രതികള്‍ക്ക് എതിരെ യുഎപിഎ വകുപ്പ് പ്രകാരം കേസെടുത്തെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ ഹര്‍ജി തീര്‍പ്പാക്കുകയാണെന്നും ഹര്‍ജിക്കാരിക്ക് ആവശ്യമെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
Post Your Comments