കാണ്‍പൂര്‍: റിപ്പബ്ലിക്ക് ദിന പരേഡില്‍ എത്തിയ വ്യാജ സബ് ഇന്‍സ്‌പെക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഇറ്റാവിലാണ് സംഭവം. യൂണീഫോം ധരിച്ചിരുന്നതിലെ പിഴവും ബാച്ച് നമ്പറിലെ പിശകുമാണ് ഇവര്‍ക്ക് വിനയായത്. ഔരിയ സ്വദേശിനിയായ സന്തോഷി രാജ്പുതാണ് പിടിയിലായത്.
യൂണീഫോം ധാരണത്തിലും ബാച്ച് നമ്പറിലും സംശയം തോന്നിയ പോലീസ് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍ താന്‍ അടുത്തകാലത്ത് ജോലിയില്‍ പ്രവേശിച്ചതാണ് എന്നതടക്കം കാര്യങ്ങള്‍ പറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ നോക്കിയെങ്കിലും ബാച്ച് നമ്പര്‍ അടക്കമുള്ള കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ ഇവരുടെ ഉത്തരം മുട്ടുകയായിരുന്നു.
എസ് ഐ ആകാനുള്ള പരീക്ഷ പാസായി നില്‍ക്കുകയാണെന്നും ഇനിയും ഒരു തരത്തിലുള്ള നിയമന ഉത്തരവുകളും ലഭിച്ചില്ല. ഇതില്‍ മനം നൊന്താണ് താന്‍ ഇത്തരത്തില്‍ ചെയ്തതെന്നും സന്തോഷി പൊലീസിനോട് പറഞ്ഞു. അതിരാവിലെ തന്നെ യുവതി ഇറ്റാവയില്‍ പോകണമെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയിരുന്നതായി ഭര്‍ത്താവും മൊഴി നല്‍കി. എന്നാല്‍ പരേഡിനാണ് വരുന്നതെന്ന് അറിയില്ലായിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു.
യുവതിയുടെ കൈയ്യില്‍ നിന്നും വ്യാജ പൊലീസ് ഐഡി കാര്‍ഡും കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ മാനസിക നിലയില്‍ ചില പ്രശ്‌നങ്ങളുള്ളതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. വേഷവും തിരിച്ചറിയല്‍ കാര്‍ഡും യുവതി എങ്ങനെ സംഘടിപ്പിച്ചു എന്നത് സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണ്.
Post Your Comments