KeralaLatest NewsNews

വീപ്പയിലെ അസ്ഥികൂടം : കൊല്ലപ്പെട്ട സ്ത്രീയുടെ പ്രായം 40നും 50നും ഇടയില്‍ : ; പൊലീസ് സംശയിച്ച ആറ് പേരും ജീവിച്ചിരിക്കുന്നവര്‍ : കേസിന് തുമ്പുണ്ടാക്കുന്ന ഒന്നുകൂടി പൊലീസിന് ലഭിച്ചു

കൊച്ചി : കുമ്പളം കായലില്‍ വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയ അസ്ഥികൂടം ആരുടേതെന്നു കണ്ടെത്താന്‍ ഇതര സംസ്ഥാനങ്ങളിലെ ആശുപത്രികളിലേക്ക് അന്വേഷണ സംഘം. അസ്ഥികൂടത്തിന്റെ ഇടതു കണങ്കാലില്‍ കണ്ടെത്തിയ പിരിയാണി തന്നെയാണ് ഈ വഴിക്കുള്ള അന്വേഷണത്തിന്റെയും ആണിക്കല്ല്. സ്ത്രീകള്‍ക്ക് ഇത്തരം ആണി ഘടിപ്പിച്ചു ശസ്ത്രക്രിയ നടത്തിയ ആശുപത്രികള്‍ കേന്ദ്രീകരിച്ചാകും അന്വേഷണമെന്ന് അന്വേഷണോദ്യോഗസ്ഥനായ സൗത്ത് സിഐ സിബി ടോം പറഞ്ഞു.

അതേസമയം, ഒരു വര്‍ഷത്തിലധികമായി സ്ഥലത്തില്ലാത്ത ഉദയംപേരൂര്‍ സ്വദേശിനിയുടേതാകാം അസ്ഥികൂടമെന്ന് ആദ്യം സംശയിച്ചെങ്കിലും അല്ലെന്നു സ്ഥിരീകരിച്ചു. പിരിയാണി ഘടിപ്പിച്ചുള്ള ശസ്ത്രക്രിയ നടത്തിയവരെത്തേടിയുള്ള അന്വേഷണത്തില്‍ ഈ സ്ത്രീയെ മാത്രം കണ്ടെത്താന്‍ കഴിയാതിരുന്നതാണു സംശയമുണ്ടാക്കിയത്. മകളും ഭര്‍ത്താവും ഉള്‍പ്പെടെയുള്ള ബന്ധുക്കളെ വിവര ശേഖരണത്തിനായി പൊലീസ് വിളിച്ചുവരുത്തിയിരുന്നു.

വീട്ടുകാരില്‍നിന്ന് അകന്നു താമസിക്കുന്ന ഇവര്‍ ഡല്‍ഹിയില്‍ എവിടെയോ ഉണ്ടെന്നു മാത്രമേ വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നുള്ളൂ. കൃത്യസ്ഥലം അറിയില്ല. എന്നാല്‍, അസ്ഥികൂടത്തിന്റെ വിദഗ്ധ പരിശോധനയില്‍ തിട്ടപ്പെടുത്തിയ പ്രായവും ഇവരുടെ പ്രായവും തമ്മില്‍ പൊരുത്തമില്ല. നാല്‍പതിനും അന്‍പതിനും ഇടയിലാകാം കൊല്ലപ്പെട്ട സ്ത്രീയുടെ പ്രായമെന്നാണു വിദഗ്ധരുടെ കണ്ടെത്തല്‍. എന്നാല്‍, ഉദയം പേരൂര്‍ സ്വദേശിനിക്കു പ്രായം അറുപതു കഴിഞ്ഞു. അസ്ഥികൂടത്തില്‍ കണ്ടെത്തിയ പിരിയാണി 2011 ലേതാണ്. ഉദയംപേരൂര്‍ സ്വദേശിനിയുടെ കാലില്‍ ഇത്തരം പിരിയാണി ഘടിപ്പിച്ചത് 2016 ലാണ്.

മലയാളിയായ ആരുടേതെങ്കിലുമാണു കണ്ടെത്തിയ അസ്ഥികൂടമെങ്കില്‍, പിരിയാണി ഘടിപ്പിച്ചത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവന്ന സ്ഥിതിക്ക് ഇതിനകം ആരില്‍നിന്നെങ്കിലും സൂചന ലഭിക്കുമായിരുന്നുവെന്നു പൊലീസ് കരുതുന്നു. ഈ സാധ്യത അടഞ്ഞതോടെയാണ് ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുന്നത്. ഈ മാസം ആദ്യമാണു കുമ്പളം കായലില്‍ കോണ്‍ക്രീറ്റ് നിറച്ച വീപ്പയ്ക്കുള്ളില്‍ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button