അടൂര്‍: പിതാവിന്റെ മരണം മറച്ചുവയ്ക്കാന്‍ ദൃശ്യം സിനിമയിലെ പോലെ കഥമെനഞ്ഞ മകന്‍ പോലീസ് പിടിയിലായി. പൊങ്ങലടി മാമ്മൂട് ഉടയാന്‍മുകളില്‍ പൊടിയന്‍(70) മരിച്ച കേസിലാണ് മകന്‍ കുട്ടപ്പന്‍ (39) അറസ്റ്റിലായത്. വസ്തുഭാഗം വയ്ക്കുന്നതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനൊടുവില്‍ കുട്ടപ്പന്‍ പിതാവിനെ വിറകു കമ്പിന് അടിച്ചുവീഴ്ത്തിയത് മരണത്തില്‍ കലാശിച്ചുവെന്നാണു പോലീസ് പറയുന്നത്.
പോലീസ് പറയുന്നതിങ്ങനെ: വിറകുകമ്പിനുള്ള അടിയില്‍ പൊടിയന്റെ തലയില്‍നിന്നു രക്തം വാര്‍ന്നൊഴികിയതോടെ മുറിവ് തുണി ഉപയോഗിച്ച് കെട്ടിയശേഷം കുട്ടപ്പന്‍ ഭാര്യയെയും കുട്ടികളെയും കൊണ്ട് മാതാവിന്റെ വീട്ടിലേക്ക് പോയി.
അടുത്ത ദിവസം വീട്ടിലെത്തിയപ്പോള്‍ പൊടിയന്റെ മൃതദേഹമാണ് കണ്ടത്. കാല്‍വഴുതി വീണു മരിച്ചതെന്നാണ് അയല്‍വാസികളെ ധരിപ്പിച്ചത്. ഭാര്യയോടും മക്കളോടും ഈ മൊഴിതന്നെ പറയാന്‍ കുട്ടപ്പന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ മൊഴിയിലെ പൊരുത്തക്കേട് കുട്ടപ്പനെ കുടുക്കി. കുട്ടപ്പന്റെ എട്ടു വയസ്സുള്ള ഇരട്ടകുട്ടികളും തങ്ങള്‍ വീട്ടിലെത്തുമ്പോള്‍ അപ്പൂപ്പന്‍ മരിച്ചു കിടക്കുന്നതാണ് കണ്ടതെന്ന് പൊലീസിനോട് പറഞ്ഞെങ്കിലും കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ഇവരുടെ മൊഴിയില്‍ വൈരുധ്യം കണ്ടെത്തി. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തുമ്പോള്‍ തന്നെ മരണത്തില്‍ പൊലീസിന് സംശയം തോന്നിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മറിഞ്ഞുവീണുണ്ടായ സ്വാഭാവിക മുറിവല്ല പൊടിയന്റെ തലയിലുള്ളതെന്ന് വ്യക്തമായതോടെ സംശയം വര്‍ദ്ധിച്ചു. അടൂര്‍ ഡിവൈ.എസ്.പി.ആര്‍. ജോസ്, കൊടുമണ്‍ എസ്.ഐ രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു അന്വേഷണം നടത്തിയത്.
കഴിഞ്ഞ 22 ന് രാവിലെയാണ് പൊടിയനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ ചെല്ലമ്മയുമായി പിണങ്ങി പൊടിയന്‍ മകന്‍ കുട്ടപ്പനുമൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. കുട്ടപ്പനെ ഒന്നാം ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments