Latest NewsKeralaNews

ക്രിസ്തുമസ് ബമ്പര്‍ അടിച്ച രത്‌നാകരന്‍ പിള്ളയുടെ ആഗ്രഹങ്ങള്‍ ഇതാണ്

കിളിമാനൂർ•ആറുകോടിയുടെ കേരള ബംപറിടിച്ചിട്ടും രത്നാകരൻപിള്ള പതിവുപോലെ തടിമില്ലിൽ പോയി. താൻ ആയിരുന്നു ആ ഭാഗ്യവാനെന്നറിയാൻ അദ്ദേഹം വൈകിയത് 24 മണിക്കൂറായിരുന്നു. പതിവുപോലെ പണിയിൽ മുഴുകിയപ്പോൾ പിള്ളയുടെ ഫോൺ ബെല്ലടിച്ചു. വീട്ടിൽ നിന്നും ഭാര്യയാണ്‌ വിളിക്കുന്നത്. അപ്പോഴും ഇങ്ങനെ ഒരു വാർത്ത പിള്ള പ്രതീക്ഷിച്ചിരുന്നില്ല.

ഭാര്യയുടെ വാക്കുകൾക്ക് പതിവില്ലാത്ത ഒരു പതർച്ച. അധികം വൈകിയില്ല ഭാര്യ ആ വിവരം പറഞ്ഞു. കേരള ബംപർ നമുക്കാണ് അടിച്ചിരിക്കുന്നത്, വേഗം വീട്ടിലേക്ക് വരണം. ആദ്യ കേൾവിയിൽ അൽപ്പം അമ്പരപ്പ് തോന്നിയെങ്കിലും പിള്ള ഇത് യാഥാർഥ്യമാണെന്ന് തിരിച്ചറിഞ്ഞു.മകനും ഭാര്യയും ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ടിക്കറ്റ് എടുത്ത് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമായിരുന്നു പിള്ളയെ വിവരമറിയിച്ചത്.

അങ്ങനെ, മുൻ നഗരൂർ പഞ്ചായത്ത് കോൺഗ്രസ് അംഗം കൂടിയായ നഗരൂർ വെള്ളല്ലൂർ കീഴ്പേരൂർ രാജേഷ്ഭവനിൽ ബി.രത്നാകരൻ കോടീശ്വരനായി. തിരുവനന്തപുരം കിളിമാനൂർ സ്വദേശിയാണ് രത്നാകരൻ പിള്ള. ഭാര്യ ബേബിയും മക്കളായ ഷിബു, രാജേഷ്, രാജീവ്, രജി, രജീഷ് എന്നിവരുമടങ്ങിയതാണു പിള്ളയുടെ കുടുംബം.

സ്വന്തം കാര്യം മാത്രം നോക്കുന്ന സ്വാർത്ഥനല്ല പിള്ള. താൻ കോടീശ്വരനായാൽ അതുകൊണ്ട് തന്റെ ജനങ്ങൾക്കും പ്രയോജനം ഉണ്ടാകണമെന്നാണ് പിള്ളയുടെ പക്ഷം. തന്റെ വാർഡിൽ ഭൂമിയില്ലാത്തവർക്ക് ഭൂമി വാങ്ങി കൊടുക്കണം. സഹായം അർഹിക്കുന്നവരെ സഹായിക്കണം.. നല്ലൊരു സാമൂഹ്യ പ്രവർത്തകൻ കൂടിയാണ് പിള്ള. നാടിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന വ്യക്തി. പ്രതീക്ഷിക്കാതെ കൈവന്ന ഭാഗ്യത്തെ ഒറ്റയ്ക്ക് അനുഭവിക്കാനല്ല പിള്ളയുടെ ആഗ്രഹം. നാട്ടുകാർക്ക് പ്രയോജനമുള്ള എന്തെങ്കിലുമൊക്കെ ചെയ്യണം. ഇതെല്ലാമാണ് ഇന്ന് പിള്ളയുടെ മനസ്സിലുള്ളത്.

മടവൂർ കൃഷ്ണൻകുന്ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം 23 വർഷമായി തടിമില്ല് വാടകയ്ക്കു നടത്തി വരികയാണ് പിള്ള. ഒരു മാസം മുൻപായിരുന്നു പിള്ള ടിക്കറ്റ് എടുത്തിരുന്നത്. പതിവില്ലെങ്കിലും കഴിഞ്ഞ ഓണം ബംപറും പിള്ള എടുത്തിരുന്നു. അതിന്റെ കടം ഇനി വേണം വീട്ടാനെന്നും പിള്ള പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button