ന്യൂഡല്‍ഹി: ഇന്ത്യയുടെ പത്മശ്രീ പുരസ്കാരം ചരിത്രത്തിലാദ്യമായി കടല്‍ കടന്ന് സൗദിയില്‍ എത്തിയിരിക്കുകയാണ്. യോഗയുടെ മാഹാത്മ്യം അറേബ്യയിലെത്തിച്ച നൗഫ് മുഹമ്മദ് അല്‍ മര്‍വായി എന്ന സൗദി വനിതയാണ് പത്മശ്രീയ്ക്ക് അര്‍ഹയായിരിക്കുന്നത്. അറബ് യോഗ ഫൗണ്ടേഷന് സ്ഥാപകയും ആയുര്‍വേദത്തിന്റെ പ്രചാരകയുമാണ് 38കാരിയായ നൗഫ്.
ഗള്‍ഫിലെ ആദ്യത്തെ സര്‍ട്ടിഫൈഡ് യോഗ് ഇന്സ്ട്രക്ടറാണ് ജിദ്ദ സ്വദേശിയായ നൗഫ്. 2009ല്‍ സജീവമായി യോഗ പഠിപ്പിക്കുന്ന അവര്‍ 3,000 ലേറെ സ്വദേശികളെ അഭ്യസിപ്പിച്ചിട്ടുണ്ട്. 70 ലേറെ യോഗ പരിശീലകരെയും അവര്‍ സജ്ജരാക്കി. 2010ല്‍ അറബ് യോഗ ഫൗണ്ടേഷന് നൗഫ് സ്ഥാപിച്ചു.
ഓട്ടോ ഇമ്യൂണ്‍ രോഗവുമായി ജനിച്ച നൗഫ് യോഗയുടെയും ആയുര്‍വേദത്തിന്റെയും സഹായത്തോടെയാണ് രോഗത്തെ മറികടന്നത്. ആയുര്‍വേദത്തിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ പലപ്രാവശ്യം അവര്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്. അറബ് മാര്‍ഷല്‍ ആര്‍ട്സ് ഫെഡറേഷന് സ്ഥാപകന്‍ മുഹമ്മദ് അല്‍ മര്‍വായിയുടെ മകളാണ് നൗഫ്.
വെള്ളിയാഴ്ച രാവിലെ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായിരുന്നു നൗഫ്.
Post Your Comments