Latest NewsNewsIndia

പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചാല്‍ ഇനി ഒറ്റ ദിവസം കൊണ്ട് പാസ്‌പോര്‍ട്ട് ലഭിയ്ക്കും : കേന്ദ്രത്തിന്റെ പുതിയ തീരുമാനം ഇങ്ങനെ

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ടിന് ആഗ്രഹിക്കുന്ന ആര്‍ക്കും സന്തോഷമേകുന്ന നീക്കമാണ് മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേര്‍സ് നടത്തിയിരിക്കുന്നത്. ഇത് പ്രകാരം തത്കല്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്ന ആര്‍ക്കും ഒരു ദിവസം കൊണ്ട് പാസ്‌പോര്‍ട്ട് ലഭിക്കുന്നതായിരിക്കും.

തല്‍ക്കാല്‍ അപേക്ഷകര്‍ക്ക് ക്ലാസ്-1 ഉദ്യോഗസ്ഥരുടെ ശുപാര്‍ശ വേണമെന്ന നിബന്ധന കേന്ദ്രം എടുത്ത് കളഞ്ഞിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇന്നലെ മുതല്‍ നടപ്പിലായ പരിഷ്‌കാരം അനുസരിച്ച് ആര്‍ക്കും താല്‍ക്കാലികമായി ഇനി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ സാധിക്കും. ചുരുക്കിപ്പറഞ്ഞാല്‍ ഇനിയാര്‍ക്കും ഒരു ദിവസം കൊണ്ട് പാസ്‌പോര്‍ട്ട് കിട്ടുമെന്ന് സാരം.

തത്കല്‍ കാറ്റഗറിയില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ കുതിച്ച് കയറ്റമുണ്ടായതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് എളുപ്പത്തില്‍ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് ഈ നീക്കം സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.

നാളിതുവരെ തത്കല്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ക്ക് അനക്‌സര്‍ എഫ് പ്രകാരം സ്‌പെസിമെന്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരുന്നു. ഇതിന് പുറമെ ഒരു ക്ലാസ് 1 ഓഫീസറുടെ ശുപാര്‍ശയും ഇതിനായി വേണ്ടിയിരുന്നു. എന്നാല്‍ പുതിയ നീക്കമനുസരിച്ച് ഈ നിബന്ധനകളെല്ലാം കേന്ദ്രം എടുത്ത് മാറ്റിയിരിക്കുകയാണ്.

ഇന്നലെ മുതല്‍ അതായത് ജനുവരി 25 മുതലാണ് പുതിയ നിയമം നടപ്പിലാകുന്നത്. ഇനി മുതല്‍ ക്ലാസ് വണ്‍ ഓഫീസറുടെ ശുപാര്‍ശ തത്കാല്‍ പാസ്‌പോര്‍ട്ട് അപേക്ഷകര്‍ക്ക് വേണ്ടെന്നാണ് പൂണെയിലെ ഐഇഎസ് റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസറായ ജെഡി വൈശംപായന്‍ വെളിപ്പെടുത്തുന്നത്.

ഇന്ത്യാ ഗവണ്‍മെന്റ് ഇവിടുത്തെ ജനങ്ങളെ വിശ്വസിക്കുന്നുവെന്ന സൂചനയാണ് ഇതിലൂടെ നല്‍കിയിരിക്കുന്നതെന്നാണ് മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേര്‍സ് ആന്‍ഡ് ഓവര്‍സീസ് ഇന്ത്യന്‍ അഫയേര്‍സ് സെക്രട്ടറി ധ്യാനേശ്വര്‍ മുലേ പുതിയ പരിഷ്‌കാരത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.

എല്ലാവര്‍ക്കും ക്ലാസ് 1 ഓഫീസറുടെ ശുപാര്‍ശ തത്കല്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ സംഘടിപ്പിക്കാന്‍ എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഈ ഇളവ് അനുവദിക്കുന്നതെന്നും ധ്യാനേശ്വര്‍ പറയുന്നു.

പുതിയ നീക്കമനുസരിച്ച് ആധാര്‍കാര്‍ഡ്, പാന്‍ കാര്‍ഡ്, ഇലക്ഷന്‍ കാര്‍ഡ് എന്നിവയുള്ളവര്‍ക്ക് തത്കലിന് അപേക്ഷിക്കാനാവുമെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. സാധാരണ പാസ്‌പോര്‍ട്ട് അപേക്ഷയില്‍ നിന്നും വ്യത്യസ്തമായി തത്കല്‍ പാസ്‌പോര്‍ട്ട് അപേക്ഷ വളരെ വേഗത്തിലാണ് വെരിഫിക്കേഷനും പ്രൊസസിംഗിനും വിധേയമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button