KeralaLatest NewsNews

വനിത ഡോക്ടറുടെ മരണത്തില്‍ ദുരൂഹത : മുറിവുകള്‍ സംശയാസ്പദം; ട്രെയിനില്‍ നിന്ന് ആരെങ്കിലും തള്ളിയിട്ടതോ എന്ന് സംശയം : സംഭവം നടന്നത് അര്‍ദ്ധരാത്രിയില്‍

തൃശൂര്‍: ട്രെയിനില്‍ നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തിയ വനിതാ ഡോക്ടറുടെ മരണത്തിലെ ദുരൂഹതകള്‍ നീങ്ങുന്നില്ല. തുഷാരയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നു ഫൊറന്‍സിക് വിദഗ്ദ്ധര്‍ സൂചന നല്‍കി. ഓടുന്ന ട്രെയിനില്‍ നിന്നു സ്വഭാവികമായി വീഴുമ്പോള്‍ കാണുന്ന ലക്ഷണങ്ങളല്ല മുറിവുകള്‍ക്കുള്ളതെന്നാണു കണ്ടെത്തല്‍.

നെറ്റിക്കുമുകളിലും താടിയിലും ആഴത്തില്‍ രണ്ടു മുറിവുകളുണ്ട്. സാധാരണ ട്രെയിനില്‍ നിന്നു വീഴുമ്പോള്‍ ഇത്തരം മുറിവുണ്ടാവാറില്ല. ആരെങ്കിലും ബലമായി തള്ളിയിടുമ്പോഴോ സ്വയം ചാടുമ്പോഴോ സംഭവിക്കാവുന്ന മുറിവുകളാണിവ. അതുകൊണ്ട് തന്നെ മരണം ആത്മഹത്യോ കൊലപാതകമോ ആണെന്നാണ് ഫൊറന്‍സിക് വിദഗ്ദ്ധര്‍ സൂചിപ്പിക്കുന്നത്. അപകടമരണമാവാന്‍ സാധ്യത കുറവാണെന്ന നിലപാടിലാണു പൊലീസും. അതുകൊണ്ട് തന്നെ വിശദ അന്വേഷണം നടത്തും.

ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പത്തനംതിട്ട കൂടല്‍ സ്വദേശി ഡോ. അനൂപിന്റെ (ഭാരത് ക്‌ളിനിക്) ഭാര്യ ഡോ. വി. തുഷാരയെ ആണു റയില്‍വേ ട്രാക്കിനരികില്‍ ചൊവ്വാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. പോട്ടോര്‍ റയില്‍വേ ഗേറ്റിനു സമീപം ട്രാക്കിനരികില്‍ നാട്ടുകാരാണു മൃതദേഹം കണ്ടെത്തിയത്. കണ്ണൂര്‍ സ്വദേശിയായ ഡോ. തുഷാര മൂന്നു മക്കളും സഹായിയായ ഹോം നഴ്‌സുമായി മലബാര്‍ എക്‌സ്പ്രസില്‍ കണ്ണൂരിലേക്കു പോകുമ്പോഴാണു ദുരന്തം.

ആറാം ക്‌ളാസ് വിദ്യാര്‍ത്ഥിയായ കാളിദാസും രണ്ടില്‍ പഠിക്കുന്ന വൈദേഹിയും രണ്ടുവയസുകാരന്‍ വൈഷ്ണവും അമ്മ ട്രെയിനില്‍ നിന്നു വീണതറിയാതെ ദീര്‍ഘദൂരം യാത്രചെയ്തു. ഇതും ദുരൂഹത കൂട്ടുന്നു. അതുകൊണ്ട് തന്നെ ആത്മഹത്യയാകാന്‍ സാധ്യത കുറവാണെന്ന് വിലയിരുത്തപ്പെടുന്നു. ആരെങ്കിലും ്‌ട്രെയിനില്‍ നിന്ന് തള്ളിയിടാനാണ് സാധ്യത. ഈ സാഹചര്യത്തിലാണ് അന്വേഷണം.

ഷൊര്‍ണൂര്‍ സ്റ്റേഷനോടടുത്തപ്പോഴാണ് അമ്മ കൂടെയില്ലെന്ന വിവരം സഹായിയെയും സഹയാത്രികരെയും കുട്ടികള്‍ അറിയിക്കുന്നത്. അവര്‍ റയില്‍വേ അധികൃതരെ വിവരമറിയിച്ചു. കുട്ടികളില്‍ നിന്നു ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ വാങ്ങി വിളിച്ച് കുട്ടികളെ സുരക്ഷിതമായി ബന്ധുക്കള്‍ക്കു കൈമാറാനും സഹയാത്രികര്‍ സഹായികളായി.

മലബാര്‍ എക്‌സ്പ്രസില്‍ കഴിഞ്ഞ ദിവസം ചെങ്ങന്നൂരില്‍ നിന്നു കണ്ണൂരിലെ വീട്ടിലേക്കുള്ള അമ്മയുടെയും മൂന്നുമക്കളുടെയും രാത്രിയാത്രയാണു ദുരന്തത്തില്‍ കലാശിച്ചത്. ഭര്‍ത്താവ് അനുപ് മുരളീധരനാണ് ഇവരെ ചെങ്ങന്നൂരില്‍നിന്നു ട്രെയിന്‍ കയറ്റിവിട്ടത്. തുഷാരയും മക്കളായ കാളിദാസനും, വൈദേഹിയും, വൈഷ്ണയും ഇവരുടെ സഹായിയായ സ്ത്രീയും റിസര്‍വേഷന്‍ കോച്ചിലാണു കയറിയത്. ട്രെയിനില്‍ കയറിയതും തുഷാരയും മക്കളും ഉറങ്ങാന്‍കിടന്നു.

പിറ്റേന്നു പുലര്‍ച്ചെ രണ്ടരയോടെ ഉറക്കമേഴുന്നറ്റ കുട്ടികളാണ് തുഷാരയെ കാണാനില്ലെന്ന് ആദ്യമറിഞ്ഞത്. അമ്മയെ കാണാതായതോടെ മൂവരും കരഞ്ഞുനിലവിളിച്ചു. മറ്റു കോച്ചുകളിലും ശുചിമുറികളിലുംവരെ സഹയാത്രികര്‍ തെരഞ്ഞെങ്കിലും തുഷാരയെ കണ്ടെത്തിയില്ല. ഇതോടെ മൂത്ത കുട്ടികളായ കാളിദാസനും വൈദേഹിയും യാത്രക്കാര്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞു. അവരടെ കരച്ചില്‍ കണ്ട് രണ്ടര വയസുള്ള ഇളയക്കുട്ടി വൈഷ്ണയും ഒന്നുമറിയാതെ തേങ്ങി.

യാത്രക്കാര്‍ കുട്ടികളുടെ കൈയില്‍നിന്നും കണ്ണൂരിലെ ബന്ധുവിന്റെ നമ്പര്‍ വാങ്ങി അവരെ വിളിച്ചു. ട്രെയിന്‍ കണ്ണൂരില്‍ എത്തിയതോടെ ബന്ധുക്കളെത്തി കുട്ടികളെ ഏറ്റുവാങ്ങി. ഇതിനിടെ തൃശൂര്‍ പോട്ടോരില്‍ റെയില്‍വേ ട്രാക്കിനു സമീപത്ത് സ്ത്രീയുടെ മൃതദേഹം ലഭിച്ചതായി റെയില്‍വേ പൊലീസിനു വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് റെയില്‍വേ പൊലീസും ബന്ധുക്കളുമെത്തി മൃതദേഹം തുഷാരയുടേതാണെന്ന് സ്ഥിരീകരിച്ചു. കോന്നി കല്ലേലി ഗവ. ആയുര്‍വേദ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറാണു തുഷാര.

shortlink

Related Articles

Post Your Comments

Related Articles


Back to top button