KeralaLatest NewsNews

ബിനോയ്‌ കോടിയേരിയ്ക്കെതിരെ കേസില്ലെന്ന് ദുബായ് കോടതി; ആരോപണം വ്യാജമെന്ന് സി.പി.എം

ദുബായ്/തിരുവനന്തപുരം•ദുബായ് പോലീസിന് പിന്നാലെ ബിനോയ്‌ കോടിയേരിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി ദുബായ് കോടതിയും. ബിനോയിക്കെതിരെ കേസൊന്നും നിലവിലില്ലെന്ന് ദുബായ് കോടതി വ്യക്തമാക്കി.

നേരത്തെ ദുബായ് പോലീസും ബിനോയ്‌ കോടിയേരിയ്ക്കെതിരെ നിലവില്‍ കേസൊന്നുമില്ലെന്ന് വ്യക്തമാക്കിയിരുന്നു.

അതേസമയം, 2003 മുതല്‍ ദുബായില്‍ ജീവിച്ചു വരുന്ന ബിനോയിക്കെതിരെ ദുബായില്‍ സ്ഥിതി ചെയ്യുന്ന ഒരു സ്ഥാപനം ഉന്നയിച്ചുവെന്ന്‌ പറയപ്പെടുന്ന ആരോപണത്തെ അടിസ്ഥാനപ്പെടുത്തി സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും, സി.പി.ഐ(എം)നുമെതിരെ ഒരു വിഭാഗം മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ വ്യക്തമാക്കി.

ബിനോയിക്കെതിരെ സാമ്പത്തിക ഇടപാടിന്റെ പേരില്‍ ഒരു കേസും ഇന്ത്യയിലൊരിടത്തും നിലവില്‍ ഇല്ല. തന്റെ പേരില്‍ ദുബായിലും ഏതെങ്കിലും തരത്തിലുള്ള കേസുകളോ, യാത്രാവിലക്കോ നിലവില്‍ ഇല്ലെന്ന്‌ ബിനോയ്‌ തന്നെ വ്യക്തമാക്കിയതാണ്‌. മറിച്ചാണെന്ന്‌ തെളിയിക്കുന്ന ഒരു രേഖയും ഒരു മാധ്യമവും ഉദ്ധരിച്ചിട്ടില്ല. ദുബായില്‍ നടന്ന സാമ്പത്തിക ഇടപാട്‌ സംബന്ധിച്ച്‌ പരാതികള്‍ ഉള്ളതായാണ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഒരു വിദേശരാജ്യത്ത്‌ നടന്നൂവെന്ന്‌ പറയപ്പെടുന്ന സാമ്പത്തിക ഇടപാടില്‍ കേരള സര്‍ക്കാരിനോ, കേരളത്തിലെ സി.പി.ഐ(എം)നോ യാതൊന്നും ചെയ്യാനില്ല. ഈ വസ്‌തുതകള്‍ മറച്ചുവെച്ച്‌ കോടിയേരി ബാലകൃഷ്‌ണനും സി.പി.ഐ(എം)നുമെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും അതിന്മേല്‍ ചര്‍ച്ച സംഘടിപ്പിക്കുകയും ചെയ്യുന്നത്‌ ദുരുദ്ദേശപരമാണ്‌. രണ്ട്‌ കക്ഷികള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാട്‌ സംബന്ധിച്ച ഏതെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ അത്‌ സി.പി.ഐ(എം) നെ അടിക്കാനുള്ള വടിയായി ഉപയോഗിച്ചത്‌ രാഷ്ട്രീയ ഗൂഢാലോചനയാണ്‌. മാധ്യമങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ യാതൊരു ബന്ധവുമില്ലാത്ത, കോടിയേരി ബാലകൃഷ്‌ണന്‌ എതിരെ ഉന്നയിക്കുന്ന ബാലിശമായ ആരോപണങ്ങള്‍ തള്ളിക്കളയണമെന്ന്‌ സെക്രട്ടറിയേറ്റ്‌ അഭ്യര്‍ത്ഥിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button